ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കുന്നതിന് മുൻപ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി.
Ernakulam , 16 മെയ് (H.S.) ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കുന്നതിന് മുൻപ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ്റെ ഉത്തരവ
Highcourt


Ernakulam , 16 മെയ് (H.S.)

ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കുന്നതിന് മുൻപ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ്റെ ഉത്തരവ്. ഹർജിക്കാരൻ തൻ്റെ ഐഡൻ്റിറ്റി കാർഡിൽ ലിംഗം 'പുരുഷൻ' എന്ന് മാറ്റിയിട്ടുണ്ടെങ്കിലും, ജൈവശാസ്ത്രപരമായി സ്ത്രീയായി തുടരുന്നതിനാൽ ഈ അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഒരു വ്യക്തിയുടെ പുനരുൽപ്പാദനത്തിനുള്ള അവകാശം മൗലികാവകാശത്തിൻ്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപ്രകാരം ഇത്തരം സേവനങ്ങൾ ദമ്പതികൾക്കും സ്ത്രീകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം. എന്നാൽ, ഒരു വ്യക്തിയുടെ പുനരുൽപ്പാദനത്തിനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിൻ്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗർഭപാത്രവും അണ്ഡാശയവും നിലനിൽക്കുന്നിടത്തോളം കാലം ഹർജിക്കാരന് അണ്ഡം വീണ്ടെടുക്കാനും അവകാശമുണ്ട്. ലിംഗമാറ്റ ചികിത്സകൾ ആരംഭിക്കുന്നതിന് മുൻപ് ഇത്തരം സൗകര്യങ്ങളെക്കുറിച്ച് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കൃത്യമായ കൗൺസിലിങും ബോധവൽക്കരണവും നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ഉത്തരവിലുണ്ട്.

നിലവിൽ എആർടി ക്ലിനിക്കുകൾക്ക് മാത്രമായി അണ്ഡം സൂക്ഷിച്ചുവെക്കാൻ നിയമപരമായ അധികാരമില്ല. അതിനാൽ ഹർജിക്കാരൻ ഒരു എആർടി ബാങ്കിനെ സമീപിക്കണം. ഹർജിക്കാരൻ തെരഞ്ഞെടുക്കുന്ന എആർടി ബാങ്ക് അണ്ഡം ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

എന്താണ് എഗ്ഗ് ഫ്രീസിങ് അഥവാ അണ്ഡാശയ ശീതീകരണം

സ്ത്രീകളുടെ അണ്ഡാശയത്തിൽ നിന്നും അണ്ഡങ്ങൾ വേർതിരിച്ചെടുത്ത്, വളരെ കുറഞ്ഞ താപനിലയിൽ ലിക്വിഡ് നൈട്രജൻ ഉപയോഗിച്ച് ലബോറട്ടറിയിൽ സൂക്ഷിക്കുന്ന പ്രക്രിയയാണിത്. വർഷങ്ങളോളം കേടുപാടുകൾ കൂടാതെ അണ്ഡങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കാൻ സാധിക്കും.

അണ്ഡാശയത്തെ ഉത്തേജിപ്പിച്ച് കൂടുതൽ അണ്ഡങ്ങൾ വളരാൻ സഹായിക്കുന്നതിന് 10 മുതൽ 14 ദിവസത്തേക്ക് ഹോർമോൺ കുത്തിവയ്പ്പുകൾ നൽകുന്നതാണ് ആദ്യപടി. ശേഷം ചെറിയൊരു ശസ്ത്രക്രിയയിലൂടെ അണ്ഡങ്ങൾ പുറത്തെടുക്കുന്നു. ശേഖരിച്ച അണ്ഡങ്ങൾ ഗുണനിലവാരം പരിശോധിച്ച് അതിവേഗം തണുപ്പിച്ച് സൂക്ഷിക്കുന്നു.

പ്രായം കൂടുന്തോറും അണ്ഡങ്ങളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും കുറവുണ്ടാകുന്നു. ചെറുപ്പകാലത്ത് അണ്ഡം സൂക്ഷിച്ചുവെക്കുന്നത് പിന്നീട് ആരോഗ്യവതിയായ കുഞ്ഞിനെ ലഭിക്കാൻ സഹായിക്കും. ഇതിനായാണ് ഈ പ്രക്രിയ ചെയ്യുന്നത്. കാൻസർ പോലുള്ള രോഗങ്ങൾക്കായി കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ എടുക്കുന്നതിന് മുൻപും അണ്ഡം സൂക്ഷിക്കുന്നത് ഉചിതമാണ്.

എന്നാൽ അണ്ഡം സൂക്ഷിച്ചുവയ്ക്കുന്നതിന് കാലപരിധിയില്ലെങ്കിലും, ഇന്ത്യയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഈ അണ്ഡം ഉപയോഗിച്ച് കുഞ്ഞിനെ നേടാൻ നിയമപരമായ അനുവാദമില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News