Enter your Email Address to subscribe to our newsletters

Pathanamthitta , 16 മെയ് (H.S.)
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ആവശ്യമുയർന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം തയാറായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.
പ്രായപരിധിയിൽ ഇളവ് നൽകിയാണ് തലമുതിർന്ന നേതാവായ പിണറായി വിജയനെ മത്സരിക്കാൻ പാർട്ടി നിയോഗിച്ചത്. എൽഡിഎഫിനെ വീണ്ടും അധികാരത്തിൽ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തെ ഏൽപിച്ച പ്രധാന ചുമതല. എന്നാൽ മുന്നണിയെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പുതിയൊരു പദവിയിലേക്ക് മാറുന്നത് ശരിയല്ല.
ഭരണം നഷ്ടപ്പെട്ടിട്ടും അദ്ദേഹം വീണ്ടും നേതാവാകാൻ ശ്രമിക്കുന്നത് പാർട്ടിക്കും മുന്നണിക്കും ക്ഷീണമുണ്ടാക്കും. ഈ തീരുമാനം അദ്ദേഹം സ്വയം പുനഃപരിശോധിക്കണമെന്നും റദ്ദാക്കണമെന്നും യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിൻ്റെ പെരുമാറ്റരീതികളും പ്രവർത്തന ശൈലിയും പാർട്ടിക്ക് വലിയ തിരിച്ചടിയായി.
ഇത്തരം പ്രവൃത്തികൾ സാധാരണ ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റാൻ കാരണമായെന്നും വിമർശനമുയർന്നു. പാർട്ടി നേരിട്ട എക്കാലത്തെയും വലിയ പ്രതിസന്ധിയാണിതെന്നും തിരുത്തലുകൾ താഴെത്തട്ടിൽനിന്നല്ല, മുകളിൽനിന്ന് തന്നെ തുടങ്ങണമെന്നും ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.
10 വർഷം സംസ്ഥാനം ഭരിച്ചിട്ടും പാർട്ടി പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് അപ്രാപ്യമായിരുന്നുവെന്ന ഗുരുതര ആരോപണവും യോഗത്തിലുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സാധാരണക്കാരായ പ്രവർത്തകർക്കോ താഴെത്തട്ടിലുള്ള നേതാക്കൾക്കോ യാതൊരു പരിഗണനയും ലഭിച്ചില്ല.
അധികാരത്തിൻ്റെ ഈ ഗാർവാണ് പാർട്ടിയെ അടിത്തട്ടിൽനിന്ന് തകർച്ചയിലേക്ക് നയിച്ചതെന്നായിരുന്നു പ്രധാന വിമർശനം. ഇതിനുപുറമെ മുൻ മന്ത്രിമാരുടെ പ്രവർത്തനങ്ങളെയും യോഗം രൂക്ഷമായി വിമർശിച്ചു. മുൻ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ സമ്പൂർണ പരാജയമായിരുന്നു. ജനങ്ങളുമായുള്ള ബന്ധം അവർക്ക് പൂർണമായും നഷ്ടപ്പെട്ടു. ഇത് ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ കാരണമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുൻ ആരോഗ്യമന്ത്രി വീണാ ജോർജും ഈ സെക്രട്ടേറിയറ്റ് യോഗത്തിൽ സന്നിഹിതയായിരുന്നു.
എംവി ഗോവിന്ദനെതിരെയും രൂക്ഷവിമർശനം
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും സെക്രട്ടേറിയറ്റ് യോഗത്തിൽ അതിരൂക്ഷമായ വിമർശനങ്ങളാണുയർന്നത്. പാർട്ടിയെ പ്രതിസന്ധി ഘട്ടത്തിൽ രക്ഷിക്കേണ്ട സെക്രട്ടറി സ്വന്തം കുടുംബത്തെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നായിരുന്നു ആരോപണം. പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ടപ്പോൾ നേതൃപരമായ ഉത്തരവാദിത്തങ്ങളിൽനിന്ന് അദ്ദേഹം ബോധപൂർവം ഒഴിഞ്ഞുമാറി.
സ്വന്തം കുടുംബത്തിന് അധികാരസ്ഥാനങ്ങൾ ഉറപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിൻ്റെ താത്പര്യമെന്നും യോഗത്തിൽ തുറന്നടിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെക്കുറിച്ച് സഖാക്കൾക്ക് പാർട്ടി വേദികളിൽ നിർഭയമായി അഭിപ്രായങ്ങൾ പറയാമെന്ന് മുതിർന്ന നേതാവ് എംഎ ബേബി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാവരെയും കേട്ടശേഷം കാരണങ്ങൾ വസ്തുതാപരമായി വിലയിരുത്തുമെന്നും മുൻധാരണകളില്ലാതെ ഈ വിമർശനങ്ങൾ ഉൾക്കൊള്ളുമെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
അത്തരം പോരായ്മകൾ തിരുത്തി ഇടതുപക്ഷം പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നുമായിരുന്നു എംഎ ബേബിയുടെ പ്രതികരണം. ഈ തുറന്നുപറച്ചിലിനുള്ള അവസരം ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ നിർഭയമായ വിമർശനങ്ങൾ ഉയർന്നുവന്നിരിക്കുന്നത്. പരാജയം ചർച്ച ചെയ്യാൻ ചേരുന്ന വരും ദിവസങ്ങളിലെ മറ്റ് ജില്ലാ കമ്മിറ്റികളിലും സംസ്ഥാന നേതൃത്വത്തിനെതിരെ സമാനമായ പൊട്ടിത്തെറികൾ ഉയർന്നുവരുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അടിത്തറ തിരിച്ചുപിടിക്കാൻ സംസ്ഥാന നേതൃത്വത്തിൽ വലിയ അഴിച്ചുപണികൾ വേണ്ടിവരുമെന്ന സൂചനകളാണ് ഇത്തരം യോഗങ്ങൾ നൽകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR