Enter your Email Address to subscribe to our newsletters

Idukki, 16 മെയ് (H.S.)
ഡീൻ കുര്യാക്കോസ് എംപിക്കെതിരായ മോശം പരാമർശത്തിന് പിന്നാലെ പ്രവർത്തകർക്കിടയിലെ വാക്ക് തർക്കം രൂക്ഷമാകുന്നു. ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറും ഡിസിസി ജനറൽ സെക്രട്ടറിയുമായ ഒആർ ശശി.
പല പാർട്ടികളിലും നിരങ്ങിയ സിപി മാത്യുവിന് ഡിസിസി പ്രസിഡൻ്റ് ആകാൻ അവസരം നൽകിയത് പിടി തോമസും ഡീൻ കുര്യാക്കോസും ആണ്. ഇതെല്ലാം മറന്നുകൊണ്ടാണ് ഒരു തെരഞ്ഞെടുപ്പിലും യാതൊരു പണിയും ചെയ്യാത്ത സിപി, ഡീൻ കുര്യാക്കോസിനെ വിമർശിക്കുന്നതെന്നും ഒആർ ശശി വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ നിന്നും പണം വാങ്ങിയത് മാത്രമാണ് സിപി മാത്യുവിന് തെരഞ്ഞെടുപ്പുമായുള്ള ബന്ധമെന്നും അദ്ദേഹം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ഒആർ ശശി വിമർശിച്ചു. ''മാനസിക ബുദ്ധിമുട്ട് സിപിക്ക് ഉണ്ടോ എന്ന് പരിശോധിക്കണം അടിയന്തരമായി മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണം, അയാളുടെ ശ്രമമായി ഇവിടെ എംപിയോ എംഎൽഎമാരോ ഉണ്ടായിട്ടില്ല. അയാളെ ചികിത്സിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു'' എന്നാണ് ഒആർ ശശി വിമർശിച്ചത്.
ഡീൻ കുര്യാക്കോസ് എംപി മൂക്കാതെ പഴുത്ത നേതാവാണെന്നായിരുന്നു സിപി മാത്യു പരസ്യമായി വിമർശിച്ചത്. എംപിയെക്കൊണ്ട് പാർട്ടിക്ക് യാതൊരു വിധത്തിലുള്ള ഗുണവുമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അന്തരിച്ച മുതിർന്ന നേതാവ് പിടി തോമസിൻ്റെ കഠിനാധ്വാനവും വിയർപ്പുമാണ് ഡീൻ കുര്യാക്കോസിന് എംപി സ്ഥാനം നേടിക്കൊടുത്തതെന്നും മാത്യു തുറന്നടിച്ചിരുന്നു.
എംപി എന്നാൽ മെമ്പർ ഒഫ് പാർലമെൻ്റ് എന്നും, കാൽക്കാശിന് ഗുണമില്ലാത്ത മെമ്പർ ഒഫ് പഞ്ചായത്ത് ആകരുതെന്നും അദ്ദേഹം പരിഹസിച്ചു. ഈ പരസ്യ പ്രതികരണങ്ങളാണ് നിലവിൽ പ്രവർത്തകർക്കിടയിൽ ചേരി തിരിഞ്ഞ് തർക്കത്തിന് കാരണമായിരിക്കുന്നത്.
മോശം പരാമർശം ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകനോട് അസഭ്യം പറയുന്ന ഇടുക്കി ഡിസിസി പ്രസിഡൻ്റ് സിപി മാത്യുവിൻ്റെ ഫോണ് സന്ദേശം പുറത്ത് വന്നിരുന്നു. ഇതോടെയാണ് ഒആർ ശശിയും പരസ്യ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കോൺഗ്രസിൻ്റെ ഇടുക്കിയിലെ സംഘടനാ ദൗർബല്യങ്ങൾ സംഭവം കൂടുതൽ വ്യക്തമാക്കുകയാണ്. നേതാക്കളുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഡിസിസി പ്രസിഡൻ്റിൻ്റെ പുതിയ ഫോൺ സംഭാഷണം വമ്പൻ ചർച്ചകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
നിങ്ങൾ ഡിസിസി പ്രസിഡൻ്റ് ആയതുകൊണ്ട് എന്തിനാണ് എല്ലാ ദിവസവും വിട്ടുവീഴ്ചയില്ലാതെ ഓരോ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്ന് പ്രവർത്തകൻ ഫോണിൽ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി ഫോണിൽ ആരാണ് സംസാരിക്കുന്നതെന്ന് പ്രസിഡൻ്റ് തിരിച്ചു ചോദിക്കുന്നു. സംഘടനയിൽ എന്താണ് ഔദ്യോഗിക പദവി എന്നും സിപി അന്വേഷിക്കുന്നു.
കെപിസിസി വരെയുള്ള മുഴുവൻ തലത്തിലുമുള്ള തൻ്റെ സ്ഥാനം നാട്ടിൽ വന്ന് ചോദിച്ചാൽ അറിയാമെന്ന് പ്രവർത്തകൻ മറുപടി നൽകുന്നു. എന്നാൽ വന്ന് അന്വേഷിക്കാൻ തനിക്ക് ഒട്ടും സമയമില്ലെന്ന് പ്രസിഡൻ്റിൻ്റെ മറുപടി. ഇതോടെ വാക്ക് തർക്കം രൂക്ഷമാകുന്നു. ഫോണ് സന്ദേശം നിലവിൽ സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR