Enter your Email Address to subscribe to our newsletters

Kozhikode , 16 മെയ് (H.S.)
പ്രവാസി വകുപ്പിന് മാത്രമായി മുഴുവൻ സമയ മന്ത്രി വേണമെന്ന് ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ. ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് നേതൃത്വത്തിന് കൗൺസിൽ ഭാരവാഹികൾ നിവേദനം നൽകി. കേരളത്തിൻ്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിൽ പ്രവാസികൾക്ക് നിർണായക പങ്കുണ്ട്.
പതിറ്റാണ്ടുകളായി സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നത് പ്രവാസി സമൂഹമാണ്. നിലവിൽ വകുപ്പിൻ്റെ പ്രവർത്തനം കാര്യക്ഷമമല്ല. ഈ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും ഊർജിതമാക്കാനും പ്രത്യേക മന്ത്രി അനിവാര്യമാണെന്ന് കൗൺസിൽ വ്യക്തമാക്കി.
പേരിനു മാത്രമായി പ്രവാസി വകുപ്പ് ചുരുങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് മാറണം. പ്രവാസികളുടെ സാമ്പത്തിക പിന്തുണയാണ് സംസ്ഥാനത്തിൻ്റെ നട്ടെല്ല്. വരുംകാലത്ത് പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ക്രിയാത്മക ഇടപെടലുകൾ ആവശ്യമാണ്. സമീപകാലത്തുണ്ടായ പശ്ചിമേഷ്യൻ സംഘർഷ സമയത്ത് ഇക്കാര്യം എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. യുഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
നിവേദനം നൽകി
യുഡിഎഫ് കൺവീനർ, കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് എന്നീ പാർട്ടികളുടെ നേതാക്കൾക്കാണ് നിവേദനം നൽകിയത്. കൗൺസിൽ ജനറൽ സെക്രട്ടറി ആറ്റകോയ പള്ളികണ്ടിയാണ് ഇക്കാര്യം പറഞ്ഞത്. കൗൺസിൽ പ്രസിഡൻ്റ് എം വി കുഞ്ഞാമു, ചെയർമാൻ എൻ കെ ഭൂപേഷ് ബാബു എന്നിവരും നിവേദനത്തിൽ ഒപ്പുവച്ചു. ഗൾഫ് രാജ്യങ്ങളിൽ വിദേശ വാസം അവസാനിപ്പിച്ച് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണം. ഇതിനായി എല്ലാ ജില്ലകളിലും പ്രത്യേക ഗൈഡൻസ് സെൻ്ററുകൾ ഉടൻ സ്ഥാപിക്കണം.
പ്രധാന ആവശ്യങ്ങൾ
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ വരുന്ന ഒഴിവുകളിൽ ഒരു ശതമാനം പ്രവാസികൾക്കായി മാറ്റിവയ്ക്കണം. പ്രവാസികളുടെ തൊഴിൽ വൈദഗ്ധ്യവും അനുഭവസമ്പത്തും മനസ്സിലാക്കാൻ വിപുലമായ ഡാറ്റാ ബാങ്ക് തയ്യാറാക്കണം. തിരികെയെത്തുന്നവർക്ക് പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ അവസരമൊരുക്കണം. ഇതിനായി വ്യവസായ വകുപ്പുമായി ചേർന്ന് ഇൻഡസ്ട്രിയൽ ഗാലകൾ ആരംഭിക്കണം.
പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ സഹകരണത്തോടെ പ്രവാസികൾക്ക് ആവശ്യമായ തൊഴിൽ ഉപദേശങ്ങൾ നൽകണം. പ്രവാസി കുടുംബങ്ങൾക്ക് നിയമപരവും ആരോഗ്യപരവുമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ പ്രത്യേക സംവിധാനം ഒരുക്കണം. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ പരിശീലനം നൽകണം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് വായ്പ ലഭ്യമാക്കണം.
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും കുറഞ്ഞ ചെലവിൽ സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം. പ്രവാസികളുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പൂർണ സുരക്ഷിതത്വം നൽകണം. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക ഇടപാടുകൾക്കായി സുഗമമായ സൗകര്യം ഒരുക്കണം.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉൾപ്പെടെ വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം വളരെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നോർക്കയുടെ സജീവ ഇടപെടൽ വേണം. വിമാനത്താവളങ്ങളിൽ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് പൂർണമായും സർക്കാർ വഹിക്കണം. പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് എൻട്രൻസ് പരീക്ഷകളിൽ അടക്കം പ്രത്യേക പരിഗണനയും സാമ്പത്തിക സഹായവും നൽകണം.
പ്രവാസി ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനം സുതാര്യവും കാര്യക്ഷമവുമാക്കണം. പ്രതിമാസ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ യാതൊരു കാലതാമസവുമില്ലാതെ അക്കൗണ്ടുകളിൽ എത്തിക്കണം. പ്രവാസികളുടെ അടിയന്തര ആവശ്യങ്ങൾക്ക് വേഗത്തിൽ മറുപടി ലഭിക്കാൻ ഔദ്യോഗിക വെബ്സൈറ്റുകളും ഡിജിറ്റൽ സംവിധാനങ്ങളും ശക്തിപ്പെടുത്തണം.
നാട്ടിലെത്താതെ തന്നെ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് വോട്ട് ചെയ്യാൻ പ്രവാസികൾക്ക് അവസരം ഒരുക്കണമെന്നും ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കാലാകാലങ്ങളായി പ്രവാസികൾ ഉന്നയിക്കുന്ന ഈ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR