വിഡി സതീശന് മന്ത്രിസഭയുടെ സത്യ പ്രതിജ്ഞയ്ക്ക് മണിക്കൂറുകള് മാത്രം അവശേഷിക്കേ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചടുലമായ നീക്കങ്ങളുമായി കോണ്ഗ്രസ് നേതൃത്വം
Thiruvananthapuram , 16 മെയ് (H.S.) വിഡി സതീശന് മന്ത്രിസഭയുടെ സത്യ പ്രതിജ്ഞയ്ക്ക് മണിക്കൂറുകള് മാത്രം അവശേഷിക്കേ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചടുലമായ നീക്കങ്ങളുമായി കോണ്ഗ്രസ് നേതൃത്വം. രാവിലെ മുസ്ലീം ലീഗ്, കേരള കോണ്ഗ്രസ്, ആര്എസ്പി എന്നീ കക്ഷികളു
Assembly election


Thiruvananthapuram , 16 മെയ് (H.S.)

വിഡി സതീശന് മന്ത്രിസഭയുടെ സത്യ പ്രതിജ്ഞയ്ക്ക് മണിക്കൂറുകള് മാത്രം അവശേഷിക്കേ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചടുലമായ നീക്കങ്ങളുമായി കോണ്ഗ്രസ് നേതൃത്വം. രാവിലെ മുസ്ലീം ലീഗ്, കേരള കോണ്ഗ്രസ്, ആര്എസ്പി എന്നീ കക്ഷികളുമായി നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും കൻ്റോണ്മെൻ്റ് ഹൗസില് വച്ച് ആശയ വിനിമയം നടത്തിയെങ്കിലും കാര്യങ്ങള്ക്ക് അന്തിമ രൂപമായില്ല.

ലീഗിന് 5 മന്ത്രിമാരെന്ന് ഏകദേശ ധാരണയായി. രണ്ടു മന്ത്രിമാര് വേണമെന്ന പിടിവാശിയില് ഉറച്ചു നില്ക്കുന്ന കേരള കോണ്ഗ്രസിനെ അനുനയിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്ഗ്രസ്. ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്കി കേരളകോണ്ഗ്രസിനെ അനുനയിപ്പിക്കാമെന്ന് ആദ്യം നിര്ദ്ദേശമുയര്ന്നെങ്കിലും സര്ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ചീഫ് വിപ്പ് പദം പ്രത്യേകമായി സൃഷ്ടിക്കേണ്ടതുണ്ടോ എന്ന ഗൗരവമായ ചര്ച്ച കോണ്ഗ്രസില് ഉയര്ന്നു.

അതോടെ കേരള കോണ്ഗ്രസിന് ഒരു മന്ത്രിപദം മാത്രമെന്ന നിലപാടിലേക്ക് കോണ്ഗ്രസ് എത്തി. ഒരു മന്ത്രി സ്ഥാനമെങ്കില് റവന്യൂ വകുപ്പു പോലെ നിര്ണായകമായ വകുപ്പ് വേണമെന്ന ആവശ്യം കേരളകോണ്ഗ്രസ് മുന്നോട്ടു വച്ചു. ഒറ്റ എംഎല്എ മാത്രമുള്ള കേരള കോണ്ഗ്രസ് ജേക്കബ്, ആര്എംപി, എന്സിപി-കെ, സിഎംപി എന്നീ കക്ഷികള്ക്ക് രണ്ടര വര്ഷം വീതം മന്ത്രി സ്ഥാനം എന്ന നിര്ദേശം ആദ്യമുയര്ന്നെങ്കിലും അവര്ക്കെല്ലാം അഞ്ചുവര്ഷവും മന്ത്രി സ്ഥാനം എന്ന നിലപാടില് സതീശനെത്തി എന്നാണ് സൂചന.

ഭരണത്തിന് നേതൃത്വം നല്കുന്ന കോണ്ഗ്രസിനാകട്ടെ മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും ഒരു സ്പീക്കറും ഒരു ഡെപ്യൂട്ടി സ്പീക്കറുമാണ് ഇപ്പോള് ലഭിക്കാന് സാധ്യത കാണുന്നത്. ഇതില് ആരെല്ലാം മന്ത്രിമാരാകണം എന്ന നിലയില് പല നിലകളില് ചര്ച്ചകള് പുരോഗമിക്കുകയാണ്. വിഡി സതീശനെ മന്ത്രിയാക്കിയതില് ഹൈക്കമാന്ഡിനോട് പ്രതിഷേധിച്ച് ഇടഞ്ഞു നില്ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന് തിരക്കിട്ട ചര്ച്ചകളാണ് നടക്കുന്നത്. മന്ത്രിസഭയില് ചേരില്ലെന്ന നിലപാടില് ഉറച്ചു നില്ക്കുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാന് ഇന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് രാവിലെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി.

എന്നിട്ടും അയയാതെ നിന്ന ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പു നല്കി അനുനയിപ്പിച്ച് മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കങ്ങള് അണിയറയില് സജീവമാണ്. എന്നാല് തനിക്കൊപ്പമുള്ള ഏതാനും എംഎല്എമാര്ക്കു കൂടി മന്ത്രിസ്ഥാനം എന്ന ഉറപ്പു കിട്ടിയാല് മാത്രമേ വഴങ്ങൂ എന്ന നിലപാടിലാണ് ചെന്നിത്തല. സതീശനു പിന്നാലെ കെസി വേണുഗോപാലും അദ്ദേഹത്തെ വസതിയിലെത്തി കണ്ടിരുന്നു. ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തു വന്ന കെസി വേണുഗോപാല് വിലപേശി പാര്ട്ടിയില് സ്ഥാനമാനങ്ങള് വാങ്ങുന്ന ആളല്ല ചെന്നിത്തലയെന്ന് മാധ്യമങ്ങളോടു പറഞ്ഞു.

അദ്ദേഹത്തിൻ്റെ ആവശ്യങ്ങള്ക്ക് പാര്ട്ടിയില് എല്ലാ കാലത്തും വിലയുണ്ടാകുമെന്നും വേണുഗോപാല് പറഞ്ഞു. ആഭ്യന്തര മന്ത്രി സ്ഥാനം സംബന്ധിച്ച് കെസി വേണുഗോപാല് ചെന്നിത്തലയ്ക്ക് ഉറപ്പു നല്കിയെന്നാണ് വിവരം. താന് എക്കാലവും ഒരു യഥാര്ത്ഥ കോണ്ഗ്രസുകാരനാണെന്നായിരുന്നു ചെന്നിത്തല പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചത്. മറ്റ് അഭിപ്രായ പ്രകടനങ്ങള്ക്കൊന്നും മുതിരാതെ അദ്ദേഹം വീടിനുള്ളിലേക്കു പോയി. മന്ത്രിസഭയില് ചെന്നിത്തല ഉണ്ടാകണമെന്ന് ഉറച്ച നിലപാടിലുള്ള വിഡി സതീശന് ഇന്ന് രാവിലെ ചെന്നിത്തലയെ കണ്ടെങ്കിലും മാധ്യമങ്ങളോടു പ്രതികരിക്കാന് തയ്യാറായില്ല.

പിന്നാലെ സതീശന് കെസി വേണുഗോപാലിനെ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പാര്ട്ടി ഒരു തീരുമാനമെടുത്താല് അതിനൊപ്പം ഉറച്ചു നില്ക്കുക എന്നതാണ് തങ്ങളുടെ രീതിയെന്ന് വേണുഗോപാല് പറഞ്ഞു. സതീശന് എല്ലാ പിന്തുണയും വേണുഗോപാല് വാഗ്ദാനം ചെയ്തു. മുസ്ലീം ലീഗില് നിന്ന് പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന് ഷംസുദ്ദീന്, പാറയ്ക്കല് അബ്ദുള്ള എന്നിവര് മന്ത്രി സ്ഥാനം ഉറപ്പിച്ചതായാണ് വിവരം. അഞ്ചാം മന്ത്രിയായി എകെഎം അഷറഫോ വി ഇ അബ്ദുള് ഗഫൂറോ എത്തിയേക്കും. കോണ്ഗ്രസില് നിന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, വര്ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, മുന് കെപിസിസി പ്രസിഡന്റ് കെ മുരളീധരന്, പിസി വിഷ്ണുനാഥ്, മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന് എന്നിവര് മന്ത്രി സ്ഥാനം ഉറപ്പിച്ചതായാണ് വിവരം.

മുതിര്ന്ന കോണ്ഗ്രസ് നേതാവ് തിരുവഞ്ചൂര് രാധാകൃഷ്ണനെ സ്പീക്കറാക്കാന് സജീവമായി ആലോചിച്ചിരുന്നെങ്കിലും തനിക്ക് മന്ത്രിയാകാനാണ് താത്പര്യമെന്ന് അദ്ദേഹം അറിയിച്ചതോടെ സ്പീക്കര് ചര്ച്ചകള് മറ്റുള്ളവരിലേക്ക് വഴി മാറുകയാണ്. നാളെ വൈകിട്ട് മന്ത്രിമാരുടെ പട്ടിക ഗവര്ണര്ക്ക് കൈമാറുമെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് മാധ്യമങ്ങളോടു പറഞ്ഞു. തിങ്കലാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെന്ട്രല് സ്റ്റേഡിയത്തില് തയ്യാറാക്കിയ പന്തിലില് വിഡി സതീശനും 20 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. തമിഴ്നാട് മുഖ്യമന്ത്രി വിജയ്, കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി, ഹിമാചല് പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു, കോണ്ഗ്രസ് പ്രസിഡൻ്റ് മല്ലികാര്ജുന് ഖാര്ഗെ, ലോകസ്ഭാ പ്രതിപക്ഷ തോവ് രാഹുല് ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും സത്യ പ്രതിജ്ഞാ ചടങ്ങില് സംബന്ധിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News