Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 മെയ് (H.S.)
വിതുര ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾക്കായി സർക്കാർ അനുവദിച്ച തുകയിൽ കൃത്രിമം കാണിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർക്ക് അഞ്ച് വർഷം കഠിനതടവും 6,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ. മനോജിൻ്റെതാണ് ഉത്തരവ്.
2012 മുതൽ 2015 വരെയുള്ള സാമ്പത്തിക വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിതുര ഗ്രാമപഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി വിതുര സബ് ട്രഷറിയിൽ നിന്നും പല തവണകളായി 76,42,500/- രൂപ പ്രതി പിൻവലിച്ചിരുന്നു. ചട്ടപ്രകാരം ഈ തുക മുഴുവൻ അന്നേ ദിവസം തന്നെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യണമായിരുന്നു.
എന്നാൽ, ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് 31,52,500/- രൂപ മാത്രം ഇന്ത്യൻ ബാങ്കിൻ്റെ വിതുര ശാഖയിലെ ഔദ്യോഗിക അക്കൗണ്ടിൽ നിക്ഷേപിക്കുകയും, ബാക്കി 44,90,000/- രൂപ പ്രതി സ്വന്തം കൈവശം സൂക്ഷിക്കുകയുമായിരുന്നു. തുടർന്ന്, തുക മുഴുവൻ വിതരണം ചെയ്തുവെന്ന് പെർഫോമൻസ് ആഡിറ്റ് ടീമിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ബാങ്ക് പാസ് ബുക്കിൽ ഇയാൾ തിരുത്തലുകൾ വരുത്തുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തു.
തുടർച്ചയായ തട്ടിപ്പുകളും നഷ്ടവും
ഇതിനുപുറമേ, 2012-2013 സാമ്പത്തിക വർഷത്തെ പദ്ധതി തുകയിൽ നിന്നും 8,62,500/- രൂപയും, 2014-2015 വർഷത്തെ തുകയിൽ നിന്നും 10,27,500/- രൂപയും പ്രതി സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു. ഇത്തരത്തിൽ സർക്കാരിന് ആകെ 63,80,000/- രൂപയുടെ സാമ്പത്തിക നഷ്ടമാണ് പ്രതി വരുത്തിവെച്ചത്. പിന്നീട് തട്ടിപ്പ് പുറത്തായേക്കുമെന്ന ഭയത്താൽ 2014 ഡിസംബറിലായി 50,000,00/- രൂപ തിരികെ ഒടുക്കിയെങ്കിലും, സർക്കാരിന് ആകെ 13,80,000/- രൂപയുടെ നഷ്ടം വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ (PC Act 1988 U/s 13(1)(c)(d) r/w 13(2), IPC 468, 471, 409) പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.
അന്വേഷണവും വിചാരണയും
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി ഉദയകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് ഇൻസ്പെക്ടർമാരായ ബി അനിൽകുമാർ, എസ് അനിൽകുമാർ, എച്ച് അനിൽകുമാർ, വി എസ് റിജു എന്നിവർ കേസിൻ്റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണം നടത്തി. തുടർന്ന് വിജിലൻസ് എസ്ഐയു-1 പൊലീസ് സൂപ്രണ്ട് കെ ഇ ബൈജു കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ കോടതിയിൽ ഹാജരായി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR