Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 മെയ് (H.S.)
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും മുന്നണിയിലും ചർച്ചകൾ ചൂടുപിടിക്കുന്നു. അന്തിമ സമവായത്തിൽ എത്തിച്ചേർന്നില്ലെങ്കിലും, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. കന്റോൺമെന്റ് ഹൗസിൽ വെച്ച് ഇരുനേതാക്കളും നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നൽകിയത്. എന്നാൽ മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് പൂർണ്ണമായ ഒരു സമവായത്തിലേക്ക് ഇരുവർക്കും എത്താൻ സാധിച്ചിട്ടില്ല.
തന്റെ വിശ്വസ്തനായ അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായി സംസാരിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ സാധിക്കൂ എന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. ലീഗ് ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ, മറ്റ് വിട്ടുവീഴ്ചകൾക്ക് ചെന്നിത്തല തയ്യാറായേക്കും. അങ്ങനെയെങ്കിൽ ഐ.സി. ബാലകൃഷ്ണൻ, ടി.ജെ. വിനോദ്, ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന ബദൽ നിർദ്ദേശവും ചെന്നിത്തല മുന്നോട്ടുവെച്ചിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി വയനാട്ടിലെ ഊരുമൂപ്പന്മാർ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇമെയിൽ അയച്ചതും ഇതിനോടകം ശ്രദ്ധേയമായിട്ടുണ്ട്.
അതേസമയം, യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളും സജീവമായി പുരോഗമിക്കുകയാണ്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് ഇത്തവണ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കുമെന്നാണ് സൂചനകൾ. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാനാണ് നിലവിൽ ധാരണയായിട്ടുള്ളത്. എന്നാൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന തങ്ങളുടെ മുൻ നിലപാടിൽ പി.ജെ. ജോസഫ് വിഭാഗം ഇപ്പോഴും ഉറച്ചുനിൽക്കുന്നത് ചർച്ചകളെ അല്പം സങ്കീർണ്ണമാക്കുന്നുണ്ട്.
അതിനിടെ, കോൺഗ്രസിന്റെ മന്ത്രിപ്പട്ടിക ഇന്ന് തന്നെ തയ്യാറാകുമെന്നാണ് ലഭിക്കുന്ന വിവരം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പി.സി. വിഷ്ണുനാഥും കന്റോൺമെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരുടെ പട്ടിക ഇന്ന് തന്നെ ഉണ്ടാകുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവർ കെ.സി. വേണുഗോപാലുമായി ചേർന്ന് അന്തിമ ചർച്ചകൾ പൂർത്തിയാക്കും. തുടർന്ന് ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ അന്തിമ മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഗവർണ്ണർക്ക് കൈമാറാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതിവേഗത്തിൽ മന്ത്രിസഭാ രൂപീകരണം പൂർത്തിയാക്കി ഭരണത്തിലേക്ക് കടക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
---------------
Hindusthan Samachar / Roshith K