Enter your Email Address to subscribe to our newsletters

Kozhikode, 16 മെയ് (H.S.)
കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം . തൊട്ടിൽപാലം, കാവിലുംപാറ തുടങ്ങിയ മേഖലകളിലാണ് കാറ്റും മഴയും കടുത്ത നാശം വിതച്ചത് . ഈ പ്രദേശങ്ങളിലായി പത്തോളം വീടുകൾ ഭാഗികമായി തകർന്നു . മലയോര മേഖലയിലെ അഞ്ച് ഏക്കറിലധികം വരുന്ന കൃഷിഭൂമിയിലെ വിളകളും പൂർണ്ണമായി നശിച്ചിട്ടുണ്ട് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം .
പുലർച്ചെ രണ്ട് മണിയോടെയാണ് പ്രദേശത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയടിച്ചത് . കാറ്റിന്റെ ആഘാതത്തിൽ ഷീറ്റ് മേഞ്ഞ വീടുകളുടെ മേൽക്കൂരകൾ ദൂരേക്ക് തെറിച്ചുപോവുകയും ഓട് മേഞ്ഞ വീടുകളുടെ ഓടുകൾ തകർന്ന് ഉള്ളിലേക്ക് വീഴുകയും ചെയ്തു . വൻമരങ്ങൾ പലതും വേരോടെ പിഴുതുവീണു .
ഷീറ്റുകൾ തെറിച്ചുവീണ് ഒരാൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടത്.
കർഷകർക്ക് ഇത്തവണത്തെ കാറ്റ് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. തെങ്ങ്, കവുങ്ങ്, ഗ്രാമ്പൂ, ജാതി, കൊക്കോ തുടങ്ങിയ ആയിരക്കണക്കിന് വിളവുള്ള മരങ്ങളാണ് ഒരൊറ്റ രാത്രികൊണ്ട് നിലംപൊത്തിയത് . കാട്ടുമൃഗങ്ങളുടെ ശല്യത്തോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതി കർഷകർ വളർത്തിയെടുത്ത കൃഷിയാണ് പൂർണ്ണമായി നശിച്ചതെന്ന് നാട്ടുകാർ സങ്കടത്തോടെ പറയുന്നു . പല കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് .
മരങ്ങൾ കടപുഴകി വീണതിനെത്തുടർന്ന് ഗ്രാമീണ റോഡുകളിലെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു വൈദ്യുത കമ്പികൾ പൊട്ടിവീണതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ് . സംഭവസ്ഥലത്ത് റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയിട്ടുണ്ട് . കർഷകരെയും ദുരിതബാധിതരെയും സഹായിക്കാൻ സർക്കാർ തലത്തിൽ നിന്ന് വേഗത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
---------------
Hindusthan Samachar / Roshith K