Enter your Email Address to subscribe to our newsletters

Malappuram , 16 മെയ് (H.S.)
മലപ്പുറം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലേക്കുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധികളെയും അവർക്ക് ലഭിക്കുന്ന വകുപ്പുകളെയും സംബന്ധിച്ചുള്ള അന്തിമ ചർച്ചകൾ പാണക്കാട് സജീവമായി തുടരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടി എം.എൽ.എമാരെ ഓരോരുത്തരെയായി നേരിൽ കണ്ട് ചർച്ചകൾ നടത്തിവരികയാണ്. നാളെ (ഞായറാഴ്ച) ലീഗ് മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് മുസ്ലിം ലീഗ് കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകളെല്ലാം ഇത്തവണയും പാർട്ടിക്ക് തന്നെ ലഭിക്കാനാണ് സാധ്യത. എന്നാൽ, മന്ത്രിസ്ഥാനത്തെ ചൊല്ലി കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിന്നുള്ള പ്രാദേശിക സമ്മർദ്ദം ലീഗ് നേതൃത്വത്തിന് കടുത്ത തലവേദനയാകുന്നുണ്ട്. കൂടുതൽ എം.എൽ.എമാരുള്ള തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം വേണമെന്നാണ് ഈ ജില്ലകളുടെ ആവശ്യം.
മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിയും മറ്റൊരാളും; മധ്യകേരളത്തിൽ നിന്നും പരിഗണന
മന്ത്രിമാരുടെ പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധിയായി പി.കെ കുഞ്ഞാലിക്കുട്ടി ഉറപ്പായും ഉണ്ടാകും. അദ്ദേഹത്തിന് പുറമെ ജില്ലയിൽ നിന്ന് മറ്റൊരാൾക്ക് കൂടി മന്ത്രിസഭയിലേക്ക് അവസരമുണ്ട്. എൻ. ഷംസുദ്ദീൻ (പാലക്കാട്) ലീഗിന്റെ മന്ത്രിമാരുടെ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
മധ്യകേരളത്തിൽ നിന്നും ലീഗിന് ഒരു മന്ത്രി വേണമെന്ന ആവശ്യം ശക്തമായതോടെ കളമശ്ശേരിയിൽ നിന്ന് വൻ വിജയം നേടിയ വി.ഇ അബ്ദുൽ ഗഫൂറിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കുന്നതിലൂടെ മധ്യകേരളത്തിലെ പാർട്ടിയുടെ സ്വാധീനം ഉറപ്പിച്ചു നിർത്താമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്.
കോഴിക്കോട് പ്രതിനിധിയായി കെ.എം ഷാജിയോ അതോ മറ്റാരെങ്കിലുമോ?
വേങ്ങരയിൽ നിന്നാണ് വിജയിച്ചതെങ്കിലും കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ.എം ഷാജിയെ കോഴിക്കോടിന്റെ പ്രതിനിധിയായി മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ ലീഗ് ആലോചിച്ചിരുന്നു. എന്നാൽ, ആറ് എം.എൽ.എമാരുള്ള കോഴിക്കോട് ജില്ലയിൽ നിന്ന് തദ്ദേശീയനായ ഒരു നേതാവിനെ തന്നെ മന്ത്രിയാക്കണമെന്ന കടുത്ത ആവശ്യം ജില്ലയിലെ മറ്റ് എം.എൽ.എമാർ സാദിഖലി തങ്ങൾക്ക് മുന്നിൽ വെച്ചിട്ടുണ്ട്.
ഇതോടെ കെ.എം ഷാജി അല്ലെങ്കിൽ പാറക്കൽ അബ്ദുള്ള എന്നിവരിൽ ഒരാൾക്ക് അവസരം ലഭിച്ചേക്കും. കൂടാതെ, പി.കെ ബഷീറിന്റെ പേരും ലീഗിന്റെ സജീവ പരിഗണനയിലുണ്ട്. മഞ്ചേശ്വരത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ എ.കെ.എം അഷ്റഫിനെ കാസർകോട് ജില്ലയുടെ പ്രതിനിധിയായി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മുനീറിന് കാബിനറ്റ് പദവി; ഉപമുഖ്യമന്ത്രി സ്ഥാനത്തിൽ ആശങ്ക
മുതിർന്ന നേതാവായ ഡോ. എം.കെ മുനീറിന് പുതിയ സർക്കാരിൽ നിർണായകമായ ഒരു കാബിനറ്റ് പദവി ഉറപ്പാക്കാനുള്ള ചർച്ചകളും പാണക്കാട് നടക്കുന്നുണ്ട്. അതേസമയം, മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ചില ആശങ്കകളുണ്ട്. ഇത് അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കുമോ എന്നാണ് ലീഗ് നേതൃത്വം ഭയപ്പെടുന്നത്. വരും മണിക്കൂറുകളിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം നാളെയോടെ ലീഗിന്റെ അന്തിമ മന്ത്രിമാരുടെ പട്ടിക പുറത്തുവരും.
---------------
Hindusthan Samachar / Roshith K