Enter your Email Address to subscribe to our newsletters

Thiruvananthapuram, 16 മെയ് (H.S.)
തിരുവനന്തപുരം: ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ സംസ്ഥാന മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ സമവായം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന പുതിയ യുഡിഎഫ് മന്ത്രിസഭയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന കാര്യം ഏകദേശം ഉറപ്പായി. ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും കടുത്ത അനുനയ ശ്രമങ്ങൾക്കൊടുവിലാണ് രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകാൻ സമ്മതം പ്രകടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വലിയ പ്രതിസന്ധിയാണ് ചെന്നിത്തലയെ അനുനയിപ്പിച്ചതോടെ കോൺഗ്രസ് നേതൃത്വം മറികടന്നത്. വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചെന്നിത്തലയുമായി നടത്തിയ നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് പാർട്ടിയിൽ ഒരു സമവായ ഫോർമുല രൂപപ്പെട്ടത് . താൻ എന്നും ഒരു ഉറച്ച കോൺഗ്രസുകാരനാണെന്നും പാർട്ടിയുടെ തീരുമാനങ്ങൾക്കൊപ്പമാണ് തന്റെ നിലപാടെന്നും ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല പ്രതികരിച്ചു .
ആവശ്യങ്ങളിൽ ഉറച്ചുനിന്ന് ചെന്നിത്തല
രണ്ട് പകൽ നീണ്ടുനിന്ന കടുത്ത അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാൻ തയ്യാറായത് . കേവലം സ്വന്തം പദവിക്ക് വേണ്ടി മാത്രമല്ല, തന്റെ കൂടെ അടിയുറച്ചുനിൽക്കുന്ന സഹപ്രവർത്തകരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. തുടർച്ചയായി നാല് തവണ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ട അൻവർ സാദത്തിനെയും ഐ.സി. ബാലകൃഷ്ണനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ശക്തമായ ആവശ്യം ചെന്നിത്തല മുന്നോട്ട് വെച്ചിരുന്നു . ഇരുവരെയും പരിഗണിച്ചില്ലെങ്കിൽ താനും മന്ത്രിസഭയിലേക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു അദ്ദേഹം . തനിക്കൊപ്പം നിൽക്കുന്നത് അവർക്കൊരു അയോഗ്യതയായി മാറരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം .
യുഡിഎഫിന്റെ ഉപകമ്മിറ്റി ചർച്ചകളിൽ നിന്നും വിട്ടുനിന്നുകൊണ്ട് ശക്തമായ സമ്മർദ്ദ തന്ത്രമാണ് ചെന്നിത്തലയും അനുയായികളും പുറത്തെടുത്തത് . ഇതോടെയാണ് വി.ഡി. സതീശനും തുടർന്ന് കെ.സി. വേണുഗോപാലും നേരിട്ടെത്തി ചർച്ചകൾ നടത്തിയത് . ചെന്നിത്തല മുന്നോട്ട് വെച്ച അൻവർ സാദത്തിന്റെയും ഐ.സി. ബാലകൃഷ്ണന്റെയും പേരുകൾ മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കാമെന്ന ഉറപ്പ് നേതൃത്വം നൽകിയതോടെയാണ് അദ്ദേഹം വഴങ്ങിയത്.
സുപ്രധാനമായ ആഭ്യന്തര വകുപ്പ്
മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ രമേശ് ചെന്നിത്തല കൈകാര്യം ചെയ്ത് മികച്ച വിജയം കൈവരിച്ച ആഭ്യന്തര വകുപ്പ് തന്നെ അദ്ദേഹത്തിന് പുതിയ മന്ത്രിസഭയിലും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയുടെ കൈകളിൽ തന്നെ ഇരിക്കണമെന്ന ആദ്യകാല നിർദ്ദേശങ്ങളിൽ നിന്നും ചെന്നിത്തലയ്ക്കായി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
മന്ത്രിസഭാ രൂപീകരണത്തിന് മുന്നിൽ കോൺഗ്രസ് നേതൃത്വം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു രമേശ് ചെന്നിത്തലയുടെ പിണക്കം മാറ്റുക എന്നത് അത് വിജയകരമായി പരിഹരിക്കാൻ കഴിഞ്ഞതോടെ പുതിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിലേക്കുള്ള പ്രധാന പ്രതിബന്ധങ്ങളെല്ലാം നീങ്ങിക്കിട്ടിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ തന്നെ മറ്റ് മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകും.
---------------
Hindusthan Samachar / Roshith K