സതീശൻ മന്ത്രിസഭ: കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 പദവികൾ; സണ്ണി ജോസഫും മുരളീധരനും ചാണ്ടി ഉമ്മനും മന്ത്രിപ്പട്ടികയിൽ, ചെന്നിത്തലയുടെ നിലപാട് നിർണ്ണായകം
Thiruvananthapuram , 16 മെയ് (H.S.) തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന്റെ മന്ത്രിമാരെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി പദവി ഉൾപ്പെടെ 12
സതീശൻ മന്ത്രിസഭ: കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 പദവികൾ; സണ്ണി ജോസഫും മുരളീധരനും ചാണ്ടി ഉമ്മനും മന്ത്രിപ്പട്ടികയിൽ, ചെന്നിത്തലയുടെ നിലപാട് നിർണ്ണായകം


Thiruvananthapuram , 16 മെയ് (H.S.)

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന്റെ മന്ത്രിമാരെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത്. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി പദവി ഉൾപ്പെടെ 12 സ്ഥാനങ്ങളാണ് കോൺഗ്രസിന് ഉണ്ടാകുക. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 11 മന്ത്രിമാരാകും കോൺഗ്രസിൽ നിന്ന് ഉണ്ടാകുക. ഇതിൽ അഞ്ച് പേരുടെ കാര്യത്തിൽ പാർട്ടി നേതൃത്വം അന്തിമ തീരുമാനത്തിൽ എത്തിയതായാണ് സൂചന. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ എന്നിവരാണ് ആദ്യഘട്ടത്തിൽ ധാരണയായ പട്ടികയിലുള്ളത്.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് എത്തുമ്പോൾ അത് മലബാറിൽ നിന്നുള്ള കോൺഗ്രസ് പ്രാതിനിധ്യത്തിന് കരുത്താകും. മുതിർന്ന നേതാവും മുൻ കെ.പി.സി.സി അധ്യക്ഷനുമായ കെ. മുരളീധരന്റെ പരിചയസമ്പത്ത് സർക്കാരിന് തുണയാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. എ ഗ്രൂപ്പിന്റെ പ്രമുഖ മുഖമായ പി.സി. വിഷ്ണുനാഥും, പാർട്ടിയിലെ യുവനേതൃത്വത്തിന്റെ പ്രതിനിധിയായി എം. ലിജുവും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിൽ നിന്നുള്ള എം.എൽ.എയുമായ ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് യുവതലമുറയ്ക്ക് വലിയ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ്.

അതേസമയം, മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് പൂർണ്ണ സമ്മതമാണ്. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് നൽകാൻ വി.ഡി. സതീശൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, ചെന്നിത്തലയുടെ അന്തിമ തീരുമാനം എന്തായിരിക്കും എന്നത് ഇപ്പോഴും നിർണ്ണായകമായി തുടരുകയാണ്. തന്റെ വിശ്വസ്തരായ മറ്റ് ചില നേതാക്കളെക്കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ ചെന്നിത്തല ഉറച്ചുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ. ചെന്നിത്തല അനുകൂലമായ നിലപാട് സ്വീകരിച്ചാൽ മാത്രമേ കോൺഗ്രസിന്റെ അന്തിമ മന്ത്രിപ്പട്ടിക പ്രഖ്യാപിക്കാൻ സാധിക്കൂ.

ബാക്കിയുള്ള മന്ത്രിസ്ഥാനങ്ങളിലേക്ക് ആരെല്ലാം വരണമെന്നത് സംബന്ധിച്ച് വരും മണിക്കൂറുകളിൽ ഹൈക്കമാൻഡുമായി ചേർന്ന് അന്തിമ വട്ട ചർച്ചകൾ നടക്കും. ഘടകകക്ഷികളായ മുസ്ലിം ലീഗിനും കേരള കോൺഗ്രസിനും നൽകേണ്ട സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണയായ സാഹചര്യത്തിൽ, കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും കെ.പി.സി.സി നേതൃത്വവും ശ്രമിക്കുന്നത്. ചെന്നിത്തലയുമായുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ ഇന്ന് രാത്രിയോടെ തന്നെ പൂർണ്ണമായ മന്ത്രിപ്പട്ടിക പുറത്തുവിടുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

---------------

Hindusthan Samachar / Roshith K


Latest News