ബാലഗോപാലിനെ 'പോറ്റിയതാര്'?- കമ്മിറ്റി പിരിച്ചുവിടല്, കാരണം കാണിക്കല് നോട്ടീസ്; അയിഷയുടെ പരാജയത്തില് നടപടി തുടങ്ങി
Kottarakkara , 17 മെയ് (H.S.) തരംഗമുണ്ടായാല് വിജയിക്കുമെന്ന യുഡിഎഫ് ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന കൊട്ടാരക്കരയില് അയിഷ പോറ്റിക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് മണ്ഡലം നഷ്ടപ്പെട്ടത്. മന്ത്രിയുടെ പകിട്ടില് മത്സരിച്ച എല്ഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാല്
Ayesha-potty


Kottarakkara , 17 മെയ് (H.S.)

തരംഗമുണ്ടായാല് വിജയിക്കുമെന്ന യുഡിഎഫ് ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന കൊട്ടാരക്കരയില് അയിഷ പോറ്റിക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് മണ്ഡലം നഷ്ടപ്പെട്ടത്.

മന്ത്രിയുടെ പകിട്ടില് മത്സരിച്ച എല്ഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാല് 1012 വോട്ടിനാണ് ജയിക്കുന്നത്. പരാജയത്തിന്റെ കാരണങ്ങള് വിലയിരുത്തി കോണ്ഗ്രസ് ഇവിടെ നടപടിയെടുത്ത് തുടങ്ങിയിട്ടുണ്ട്. പ്രതീക്ഷിത വോട്ടില് ഗണ്യമായ കുറവുണ്ടായതായും തെരഞ്ഞെടുപ്പു പ്രചാരണത്തില് വേണ്ടത്ര ആത്മാർത്ഥത കാട്ടിയില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് നെടുവത്തൂർ, എഴുകോണ് മണ്ഡലം കമ്മിറ്റികള് പിരിച്ചുവിട്ടു.

തെരഞ്ഞെടുപ്പിന്റെ തലേദിവസം എതിർ സ്ഥാനാർഥി കെ.എൻ. ബാലഗോപാലുമായി വസതിയില് ചർച്ച നടത്തിയ ഡിസിസി ജനറല് സെക്രട്ടറി ബ്രിജേഷ് എബ്രഹാമിന് കാരണം കാണിക്കല് നോട്ടീസ് നല്കിയിട്ടുമുണ്ട്. ബ്രിജേഷ് എബ്രഹാം പ്രചാരണത്തില്നിന്നു മാറിനില്ക്കുന്നുവെന്ന പ്രതീതി ഉളവാക്കിയെന്നാണ് ഡിസിസിയുടെ കണ്ടെത്തല്. ഉമ്മന്നൂരില് ബ്രിജേഷ് എബ്രഹാം സ്ഥാനാർഥിയുടെ സ്വീകരണ യോഗങ്ങളില് പങ്കെടുത്തില്ല. 2,500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തില് ലീഡ് 1869-ല് ഒതുങ്ങി. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയില് വോട്ട് കുറഞ്ഞു. പ്രചാരണത്തില് സജീവമാകാതിരുന്ന നേതാക്കളെ നേരില് വിളിച്ചു വിശദീകരണം തേടാനും ഡിസിസി തീരുമാനിച്ചിട്ടുണ്ട്.

എഴുകോണില് 760 വോട്ടിനും നെടുവത്തൂരില് 610 വോട്ടിനുമാണ് അയിഷ പോറ്റി പിന്നിലായത്. നെടുവത്തൂരില് ആയിരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലം കമ്മിറ്റി നല്കിയ കണക്കില് പറഞ്ഞിരുന്നത്. സത്യപാലൻ പ്രസിഡന്റായുള്ള നെടുവത്തൂർ മണ്ഡലം കമ്മിറ്റി പ്രചാരണത്തില് വലിയ വീഴ്ചകാട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തില് മൂന്ന് ബൂത്തില് മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. കുടുംബസംഗമങ്ങള് ഉള്പ്പെടെയുള്ള പ്രചാരണത്തില് നെടുവത്തൂർ പിന്നിലായി. എഴുകോണില് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമായ കനകദാസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്ഥാനാർഥിയുടെ വിജയത്തിനായി വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്നാണ് ഡിസിസിയുടെ വിലയിരുത്തല്.

യുഡിഎഫ് നിയോജകമണ്ഡലം നേതൃത്വവുമായി ചർച്ച ചെയ്തും സ്ഥാനാർഥിയോടു സംസാരിച്ചും നേതാക്കളെ നേരില്ക്കണ്ടുമാണ് ഡിസിസി വിവരങ്ങള് ശേഖരിച്ചത്. കൂടുതല് നേതാക്കള്ക്കെതിരേ നടപടിയുണ്ടാകുമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം, കാരണം കാണിക്കല് നോട്ടീസ് നല്കുകയും അതു മാധ്യമങ്ങളില് പ്രചരിപ്പിക്കുകയും ചെയ്യുന്നത് തന്നെ ഒറ്റപ്പെടുത്താനും ആക്ഷേപിക്കാനുമാണെന്നാണ് ബ്രിജേഷ് എബ്രഹാം പറയുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം അദ്ദേഹം പൂർണമായി നിഷേധിച്ചു. 2001നു ശേഷം ഉമ്മന്നൂർ പഞ്ചായത്തില് യുഡിഎഫിന് വലിയ ഭൂരിപക്ഷം കിട്ടിയത് ഈ തെരഞ്ഞെടുപ്പാണെന്ന് ബ്രിജേഷ് പറയുന്നു.

'ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷം, 252 വോട്ട് ലഭിച്ചത് എന്റെ വാർഡിലാണ്. തെരഞ്ഞെടുപ്പിന്റെ തലേന്ന് ബാലഗോപാലുമായി സംസാരിച്ചെന്നു തെളിയിക്കാമെങ്കില് പദവികള് രാജിവയ്ക്കാൻ തയ്യാറാണ്. മാർച്ച് 30ന് സാമ്പത്തിക വർഷത്തെ അവസാന പഞ്ചായത്ത് കമ്മിറ്റി നേരത്തേ നിശ്ചയിച്ചതാണ്. സ്വീകരണവിവരം രണ്ടുദിവസംമുൻപാണ് അറിഞ്ഞത്. അന്നുതന്നെയായിരുന്നു മണ്ഡലത്തില് എല്ഡിഎഫിന്റെയും പര്യടനം നടന്നത്. വോട്ടു കുറഞ്ഞിടങ്ങളിലെല്ലാം ഡിസിസി ജനറല് സെക്രട്ടറിമാർ ഉണ്ടെങ്കിലും എനിക്കുമാത്രമാണ് നോട്ടീസ് ലഭിച്ചത്. ഇത് തന്നെ ഒറ്റപ്പെടുത്താനും ആക്ഷേപിക്കാനുമാണ്'- ബ്രിജേഷ് എബ്രഹാം പറയുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News