കൊച്ചിക്കാര്ക്ക് ആശ്വാസ വാര്ത്ത; കുമ്പളം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപണി ദ്രുതഗതിയില്
Kochi , 17 മെയ് (H.S.) കുമ്പളം ദേശീയപാത 66 ബൈപ്പാസിലെ ദുർഘടമായ ഭാഗങ്ങളില് യാത്ര ചെയ്ത് വലയുന്ന യാത്രക്കാർക്ക് ഇനി സുഗമമായ യാത്ര പ്രതീക്ഷിക്കാം. ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡുകള് ഉയർത്തി ടാറിംഗ് ചെയ്യുന്ന ജോലികള്
Kochi


Kochi , 17 മെയ് (H.S.)

കുമ്പളം ദേശീയപാത 66 ബൈപ്പാസിലെ ദുർഘടമായ ഭാഗങ്ങളില് യാത്ര ചെയ്ത് വലയുന്ന യാത്രക്കാർക്ക് ഇനി സുഗമമായ യാത്ര പ്രതീക്ഷിക്കാം.

ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡുകള് ഉയർത്തി ടാറിംഗ് ചെയ്യുന്ന ജോലികള് അടുത്തയാഴ്ചയോടെ പൂർത്തിയാക്കും. മാസങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

അടുത്തിടെയുണ്ടായ ഒരു അപകടമാണ് ഈ അറ്റകുറ്റപ്പണികള്ക്ക് അടിയന്തര സ്വഭാവം നല്കിയത്. വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് റോഡിലെ കുഴിയില്പ്പെട്ടതിനെ തുടർന്ന് ഒരു യാത്രക്കാരന് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതോടെ ഇവിടെ പ്രതിഷേധം ശക്തമായിരുന്നു. കൊച്ചിയിലെ നികത്തിയെടുത്ത ഭൂമിയുടെ ഘടനയാണ് ഈ പ്രശ്നത്തിന് കാരണം. മണ്ണ് താഴ്ന്നുപോകാൻ സാധ്യതയുള്ള പ്രദേശമാണിത്.

കുമ്പളം പാലം ആഴത്തില് സ്ഥാപിച്ച തൂണുകളില് ഉറച്ചുനില്ക്കുമ്പോള്, അപ്രോച്ച് റോഡുകള് കാലക്രമേണ താഴ്ന്നുപോയി. ഇത് റോഡും പാലവും തമ്മില് അപകടകരമായ ഒരു ലംബമായ വിടവ് ഉണ്ടാവുകയും ചെയ്തു. ഇത് വാഹനങ്ങള്ക്ക് വലിയ കുലുക്കമുണ്ടാക്കുകയും പലപ്പോഴും അപകട സാഹചര്യങ്ങള് സൃഷ്ടിക്കുകയും ഒക്കെ ചെയ്തിരുന്നു.

ഈ വിടവ് ഇല്ലാതാക്കാൻ, പഴയ ടാർ ഇളക്കിമാറ്റി, പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള 60 മീറ്റർ നീളമുള്ള അപ്രോച്ച് റോഡുകള് ഉയർത്തുന്ന ജോലികളാണ് നടക്കുന്നതെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുമ്പളം-മാടവന ഭാഗത്തെ പണികള് രണ്ട് മാസം മുമ്പ് തുടങ്ങിയെങ്കിലും കടുത്ത കാലതാമസം നേരിട്ടു. കരാറുകാർ പെട്ടെന്ന് പണി നിർത്തിയതിനെ തുടർന്ന് പ്രവർത്തനങ്ങള് മന്ദഗതിയിലായി.

റോഡിന്റെ ഉയരം വർധിപ്പിക്കുന്ന ജോലികള് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇനി ഒരു ദിവസത്തെ ടാറിംഗ് മാത്രമാണ് ഈ ഭാഗത്ത് ശേഷിക്കുന്നത്. മാടവന-കുമ്പളം ഭാഗത്ത് വ്യാഴാഴ്ച രാത്രിയിലാണ് പണികള് തുടങ്ങിയത്. മൂന്നോ നാലോ ദിവസത്തിനുള്ളില് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യം.

ദീർഘകാല സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണെങ്കിലും, ഇതിന്റെ നിർവ്വഹണം വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ട്രാഫിക് പോലീസിനെ മുൻകൂട്ടി അറിയിക്കാതെ പകല് സമയത്ത് കരാറുകാരൻ പണികള് ആരംഭിച്ചതോടെയാണ് ഇത് കൂടുതല് രൂക്ഷമായത്. വെള്ളിയാഴ്ച വൈകുന്നേരം തിരക്കേറിയ സമയങ്ങളില് മാടവന സിഗ്നല് വരെ ഒരു കിലോമീറ്ററിലധികം വാഹനനിര നീളുന്ന സാഹചര്യവും ഉണ്ടായി.

തിരക്കേറിയ വൈകുന്നേരങ്ങളില് ട്രാഫിക് പോലീസ് ഉടൻ ഇടപെട്ട് ജോലികള് താല്ക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അടുത്തയാഴ്ചയോടെ പണികള് വേഗത്തില് പൂർത്തിയാക്കാനും, തിരക്കില്ലാത്ത സമയങ്ങളില് മാത്രം വലിയ യന്ത്രങ്ങള് ഉപയോഗിക്കാനാണ് കരാറുകാരന് നിർദ്ദേശം നല്കിയിരിക്കുന്നത്. ജോലികള് പൂർത്തിയാവുന്നതോടെ ഇവിടെ ഗതാഗത കുരുക്കിന് പരിഹാരമാവും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News