ശിവഗിരി മഠത്തിൻ്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ.
Thiruvananthapuram , 17 മെയ് (H.S.) ശിവഗിരി മഠത്തിൻ്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. യുഡിഎഫ് സർക്കാരിൻ്റെ മന്ത്രിസഭയിൽ പിന്നാക
Swami Sachidananda


Thiruvananthapuram , 17 മെയ് (H.S.)

ശിവഗിരി മഠത്തിൻ്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ട് അറിയിച്ചതായി ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. യുഡിഎഫ് സർക്കാരിൻ്റെ മന്ത്രിസഭയിൽ പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ള എംഎൽഎമാർക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേൽക്കാനിരിക്കുന്ന വി ഡി സതീശനുമായികൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠം, അംഗബലത്തിൽ മുന്നിൽ നിൽക്കുന്ന ഈഴവ സമുദായത്തിൻ്റെ പ്രധാന ആത്മീയ കേന്ദ്രമാണ്.

വി ഡി സതീശനെ അഭിനന്ദിച്ചതായും തങ്ങളുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചതായും സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള, യുഡിഎഫിലെ ഒൻപത് പേർ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അവരിൽ കഴിവുള്ള മൂന്നോ നാലോ പേരെ എങ്കിലും മന്ത്രിമാരാക്കണമെന്ന് ഞങ്ങൾ അഭ്യർഥിച്ചു. അദ്ദേഹം അത് പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് സീറ്റ് നൽകേണ്ട സ്ഥാനാർഥികളുടെ ഒരു പട്ടിക യുഡിഎഫ് നേതാക്കൾക്ക് സമർപ്പിച്ചിരുന്നതായും അതിൽ ഒൻപത് പേർ വിജയിച്ചതായും അദ്ദേഹം പറഞ്ഞു.

പിന്നാക്ക സമുദായങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്, അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫിനെയും നിയമിക്കുന്നതിന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉണ്ടായിരിക്കണം, അദ്ദേഹം പറഞ്ഞു.

മഠത്തിൻ്റെ ഭാഗത്തുനിന്ന് മറ്റൊരു ആവശ്യം കൂടി മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

കേരളത്തിൽ പട്ടികജാതി/പട്ടികവർഗ വകുപ്പും അതിനായി ഒരു മന്ത്രിയുമുണ്ട്. സമാനമായി ഒരു പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയുടെ ആവശ്യമുണ്ട്. സംസ്ഥാനത്ത് നാൽപ്പത്തിരണ്ടോളം പിന്നാക്ക സമുദായങ്ങളുണ്ട്, അവരുടെ സമഗ്രമായ വികസനത്തിന് ഇങ്ങനെയൊരു വകുപ്പ് അത്യാവശ്യമാണ്. ഞങ്ങൾ ഈ ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്, സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ജാതിമത ഭേദമന്യേ എല്ലാവരുടെയും വോട്ട് വാങ്ങി ജയിച്ചുവരുന്ന ജനപ്രതിനിധികൾ ഭരണം കൈയാളുമ്പോൾ ജാതിമത ഭേദമില്ലാതെ പ്രവർത്തിക്കണം. ഏതെങ്കിലും പ്രത്യേക ജാതിമത വിഭാഗങ്ങൾക്ക് മാത്രം മന്ത്രിസഭയിൽ അമിത പ്രാതിനിധ്യം നൽകരുതെന്നും, നിയമസഭയിൽ പ്രതിനിധികളില്ലാത്ത പിന്നാക്ക സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം ഇന്ന വൈകിട്ട് മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടിക ഗവർണർക്ക് കൈമാറുമെന്നാണ് സൂചന. മന്തിസ്ഥാനങ്ങൾക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നാളെയാണ് പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News