Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 മെയ് (H.S.)
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നാളെ വേദി ഒരുങ്ങാനിരിക്കെ, കോൺഗ്രസിന്റെ മന്ത്രിപ്പട്ടികയിൽ അവസാന നിമിഷം നാടകീയമായ അഴിച്ചുപണികൾ. ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും തമ്മിൽ നടത്തിയ സുദീർഘമായ ചർച്ചകൾക്കൊടുവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം അന്തിമ പട്ടികയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം മുൻ എം.എൽ.എയും കോൺഗ്രസിന്റെ യുവനേതാവുമായ വി.ടി ബൽറാം പുതിയ നിയമസഭാ സ്പീക്കറാകുമെന്നാണ് സൂചന. അതേസമയം, കോട്ടയം ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നും ഏകദേശം ഉറപ്പായിട്ടുണ്ട്.
സമ്മർദ്ദത്തിനൊടുവിൽ തിരുവഞ്ചൂർ; ചാണ്ടി ഉമ്മന് തിരിച്ചടി
കോട്ടയത്തു നിന്നുള്ള മന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ വലിയ തർക്കങ്ങളാണ് നിലനിന്നിരുന്നത്. പുതുപ്പള്ളിയിൽ നിന്നുള്ള യുവ എം.എൽ.എ ചാണ്ടി ഉമ്മന്റെ പേരായിരുന്നു മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കപ്പെട്ടിരുന്നത്. ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യവും യുവത്വവും ചാണ്ടി ഉമ്മന് അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയതോടെ ചാണ്ടി ഉമ്മന്റെ മന്ത്രിസ്ഥാന സാധ്യതകൾക്ക് മങ്ങലേൽക്കുകയായിരുന്നു.
ഏത് സ്ഥാനം കിട്ടിയാലും പാർട്ടി പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരത്തെ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിച്ചിരുന്നത്. എന്നാൽ, അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നതിലെ അതൃപ്തി അദ്ദേഹം പാർട്ടിവേദികളിൽ കൃത്യമായി ഉന്നയിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോട്ടയം ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളും മുൻനിർത്തി തിരുവഞ്ചൂരിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഒടുവിൽ നേതൃത്വം നിർബന്ധിതരാകുകയായിരുന്നു.
യുവരക്തം സ്പീക്കർ പദവിയിലേക്ക്
പാർട്ടിയുടെ യുവമുഖമായ വി.ടി ബൽറാമിനെ സ്പീക്കർ പദവിയിലേക്ക് പരിഗണിക്കുന്നത് വഴി നിയമസഭയിൽ പുതിയൊരു ഊർജ്ജം കൊണ്ടുവരാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതിയുള്ള ബൽറാം സ്പീക്കറാകുന്നതിലൂടെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള കടുത്ത വെല്ലുവിളികളെ സഭയിൽ കൃത്യമായി നേരിടാൻ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു.
അസംതൃപ്തി പുകയുന്നു?
സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പട്ടിക മാറിയത് കോൺഗ്രസിനുള്ളിൽ ചെറിയ രീതിയിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്. വിട്ടുവിഴ്ചകൾക്ക് തയ്യാറായ യുവനേതാക്കളെ അവസാന നിമിഷം വെട്ടിമാറ്റിയതിൽ അണികൾക്കിടയിലും പ്രതിഷേധമുണ്ട്. എന്നാൽ, ഘടകകക്ഷികളുമായുള്ള ചർച്ചകളും പാർട്ടിയിലെ ആഭ്യന്തര സന്തുലിതാവസ്ഥയും നിലനിർത്താൻ ഈ മാറ്റങ്ങൾ അനിവാര്യമായിരുന്നു എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഇന്ന് രാത്രിയോടെ അന്തിമ മന്ത്രിപ്പട്ടികയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / Roshith K