Enter your Email Address to subscribe to our newsletters

Kannur&Ernakulam , 17 മെയ് (H.S.)
തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ സിപിഎമ്മിനുള്ളിൽ ആഭ്യന്തര കലഹവും നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങളും കനക്കുന്നു. പാർട്ടി കോട്ടയായ കണ്ണൂരിലും വാണിജ്യ തലസ്ഥാനമായ എറണാകുളത്തും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത ഭാഷയിലാണ് അംഗങ്ങൾ പ്രതികരിച്ചത്. നേതാക്കൾ അണികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പൂർണ്ണമായി അകന്നുപോയി എന്ന ഗുരുതരമായ കണ്ടെത്തലാണ് ഇരുജില്ലകളിലും ഉയർന്നിരിക്കുന്നത്.
കണ്ണൂരിൽ പുകഞ്ഞ് അമർഷം; കെ.കെ. രാഗേഷിനും ശ്യാമളയ്ക്കുമെതിരെ വിമർശനം
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വിമർശനങ്ങൾ ഉയർന്നത്. പാർട്ടി ജനങ്ങളിൽ നിന്ന് അകന്നുവെന്നതിന് തെളിവാണ് തുടർച്ചയായ തിരഞ്ഞെടുപ്പ് തിരിച്ചടികളെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
-
പരാജയപ്പെട്ട ഗൃഹസമ്പർക്കം: തെറ്റുതിരുത്തലിന്റെ ഭാഗമായി പാർട്ടി പ്രഖ്യാപിച്ച ഗൃഹസമ്പർക്ക പരിപാടി വെറും പ്രഹസനമായി മാറിയെന്ന് യോഗത്തിൽ വിമർശനമുയർന്നു. വീടുകൾ കയറിയിറങ്ങിയിട്ടും ജനങ്ങളുടെ മനസ്സിലിരുപ്പ് എന്താണെന്ന് തിരിച്ചറിയാൻ പ്രാദേശിക നേതൃത്വത്തിന് സാധിച്ചില്ല.
-
സ്ഥാനാർത്ഥി നിർണ്ണയത്തിലെ അടിച്ചേൽപ്പിക്കൽ: തളിപ്പറമ്പിൽ പി.കെ. ശ്യാമളക്കെതിരെ ഉയർന്ന ജനവികാരവും അണികളുടെ എതിർപ്പും സംസ്ഥാന നേതൃത്വം പൂർണ്ണമായി അവഗണിച്ചത് വലിയ തിരിച്ചടിയായി. ജനങ്ങൾക്കും അണികൾക്കും താല്പര്യമില്ലാത്ത സ്ഥാനാർത്ഥികളെ പാർട്ടി അടിച്ചേൽപ്പിക്കുകയാണെന്ന തോന്നൽ വോട്ടർമാരിലുണ്ടായി.
-
വിലയിരുത്തലുകളിലെ പാളിച്ച: മുൻപ് നടന്ന ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ട് ചോർച്ച കൃത്യമായി വിശകലനം ചെയ്യുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റി. ഇത് ശരിയായ രീതിയിൽ വിലയിരുത്തിയിരുന്നെങ്കിൽ പാർട്ടി വോട്ടുകളിലെ അടിയൊഴുക്കുകൾ തടയാൻ കഴിയുമായിരുന്നു.
ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പ്രവർത്തന ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത അമർഷമാണ് രേഖപ്പെടുത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ പാർട്ടിയെ പ്രതിരോധിക്കുന്നതിൽ സെക്രട്ടറിക്ക് വ്യക്തതയില്ലെന്നും, പല വിശദീകരണങ്ങളും ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും വിമർശകർ പറഞ്ഞു. ചില പത്രസമ്മേളനങ്ങളിലെ നിലപാടുകൾ പാർട്ടിയെ പൊതുസമൂഹത്തിൽ പരിഹാസ്യ കഥാപാത്രമാക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. ഇന്നലെ ആരംഭിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഇന്നും തുടരുകയാണ്.
എറണാകുളത്ത് പി. രാജീവിന് നേരെ 'വളഞ്ഞിട്ടാക്രമണം'
അതേസമയം, എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കനത്ത ആഭ്യന്തര യുദ്ധത്തിനാണ് വേദിയൊരുങ്ങിയത്. ജില്ലയിലുണ്ടായ സമ്പൂർണ്ണ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മന്ത്രി പി. രാജീവിനാണെന്ന് അംഗങ്ങൾ ഒരേസ്വരത്തിൽ കുറ്റപ്പെടുത്തി.
ഭരണവിരുദ്ധ വികാരവും വികസന പ്രവർത്തനങ്ങളിലെ പോരായ്മകളും ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റി. ജില്ലയിലെ മുതിർന്ന നേതാവായ പി. രാജീവിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും പ്രവർത്തനശൈലിയുമാണ് ജില്ലയിൽ പാർട്ടിയെ തകർച്ചയിലേക്ക് നയിച്ചതെന്നാണ് ഉയർന്നുവന്ന പ്രധാന ആക്ഷേപം. യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും രാജീവിനെതിരെ രംഗത്തുവന്നത് വരും ദിവസങ്ങളിൽ ജില്ലയിലെ പാർട്ടി സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും.
---------------
Hindusthan Samachar / Roshith K