ഭാര്യ മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും യാത്രയായി, ചേപ്പാടിനെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ വിയോഗം
Harippad , 17 മെയ് (H.S.) ഹരിപ്പാട്: ഒന്നിച്ചുള്ള ജീവിതയാത്രയ്ക്കൊടുവിൽ മരണത്തിലും വേർപിരിയാതെ പ്രിയദമ്പതികൾ യാത്രയായി. ഭാര്യ മരിച്ച് മണിക്കൂറുകൾ തികയുന്നതിന് മുൻപ് ഭർത്താവും മരണത്തിന് കീഴടങ്ങിയ വാർത്ത ഹരിപ്പാട് ചേപ്പാട് ഗ്രാമപഞ്ചായത്തിനെ ഒന്നടങ്ക
ഭാര്യ മരിച്ച് മണിക്കൂറുകൾക്കകം ഭർത്താവും യാത്രയായി, ചേപ്പാടിനെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ വിയോഗം


Harippad , 17 മെയ് (H.S.)

ഹരിപ്പാട്: ഒന്നിച്ചുള്ള ജീവിതയാത്രയ്ക്കൊടുവിൽ മരണത്തിലും വേർപിരിയാതെ പ്രിയദമ്പതികൾ യാത്രയായി. ഭാര്യ മരിച്ച് മണിക്കൂറുകൾ തികയുന്നതിന് മുൻപ് ഭർത്താവും മരണത്തിന് കീഴടങ്ങിയ വാർത്ത ഹരിപ്പാട് ചേപ്പാട് ഗ്രാമപഞ്ചായത്തിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ചേപ്പാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ പാവുരേത്ത് വീട്ടിൽ സുധാകരൻ (72), അദ്ദേഹത്തിന്റെ ഭാര്യ ജഗദമ്മ (70) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില് അന്തരിച്ചത്.

ഏറെക്കാലമായി ഇരുവരും വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ടുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെ ജഗദമ്മ മരണപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് മൃതദേഹം ചേപ്പാടപ്പുള്ളിയിലുള്ള വീട്ടിലേക്ക് എത്തിച്ചു.

പ്രിയതമന്റെ വിയോഗവാർത്തയറിഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സുധാകരന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഭാര്യയുടെ വേർപാടിലുണ്ടായ കടുത്ത മാനസിക വിഷമം സുധാകരന്റെ നില കൂടുതൽ ഗുരുതരമാക്കി. ഒടുവിൽ ജഗദമ്മ മരിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ സുധാകരനും ഈ ലോകത്തോട് വിടപറഞ്ഞു. പതിറ്റാണ്ടുകളായി പരസ്പരം തണലായി ജീവിച്ച ഇരുവരുടെയും മരണ വാർത്ത നാടിനെയാകെ നടുക്കിയിരിക്കുകയാണ്.

ജീവിതത്തിലും മരണത്തിലും ഒന്നിച്ചു നീങ്ങിയ ഈ ദമ്പതികളുടെ വിയോഗത്തിൽ പ്രദേശം വലിയ ദുഃഖത്തിലാണ്. മരണാനന്തര ചടങ്ങുകൾക്കായി നാടും ബന്ധുക്കളും ഒത്തുചേർന്നിട്ടുണ്ട്. ഇരുവരുടെയും സംസ്കാര ചടങ്ങുകൾ സംയുക്തമായി വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. ദീർഘകാലത്തെ ദാമ്പത്യത്തിനൊടുവിൽ മരണത്തിലും ഒത്തുചേർന്ന സുധാകരന്റെയും ജഗദമ്മയുടെയും വിയോഗം കണ്ടുനിന്നവർക്കും വലിയൊരു നൊമ്പരമായി മാറി.

---------------

Hindusthan Samachar / Roshith K


Latest News