Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 മെയ് (H.S.)
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, വൈകാരിക പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ഉയർന്ന വിവാദങ്ങളോട് 'ട്വന്റിഫോറിനോട്' മാത്രമായി അദ്ദേഹം ആദ്യ പ്രതികരണം നടത്തി. സ്ഥാനമാനങ്ങളല്ല, മറിച്ച് തനിക്ക് എപ്പോഴും പ്രധാനം പാർട്ടി മാത്രമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ആഗ്രഹിച്ചത് കിട്ടിയില്ല എന്ന് വെച്ച് പാർട്ടിയെ വിഷമത്തിലാക്കുക എന്നത് തന്റെ അജണ്ടയിലുള്ള കാര്യമല്ല എന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് അദ്ദേഹം. എന്നാൽ ഹൈക്കമാൻഡ് തീരുമാനം വി.ഡി. സതീശന് അനുകൂലമായതോടെ പാർട്ടി അച്ചടക്കം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഒരു കസേരയ്ക്ക് വേണ്ടി ഇത്രയും കാലം താൻ പഠിച്ച രാഷ്ട്രീയ നിലപാടുകളോ മൂല്യങ്ങളോ മാറ്റാൻ തയ്യാറല്ലെന്നും അദ്ദേഹം വൈകാരികമായി കൂട്ടിച്ചേർത്തു.
അസംതൃപ്തികളില്ല, ലക്ഷ്യം പാർട്ടിയുടെ കെട്ടുറപ്പ്
ഭരണപരിചയമില്ലാത്ത വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന ക്യാമ്പുകളിൽ വലിയ രീതിയിലുള്ള നിരാശയും അസ്വസ്ഥതയും പുകയുന്നതിനിടയിലാണ് കെ.സിയുടെ ഈ നേരിട്ടുള്ള പ്രതികരണം. ഭൂരിപക്ഷം ജനപ്രതിനിധികളുടെ പിന്തുണയുണ്ടായിട്ടും ഹൈക്കമാൻഡ് തീരുമാനം മറ്റൊന്നായതിൽ പ്രവർത്തകർക്ക് അമർഷമുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി. വ്യക്തിപരമായ താൽപ്പര്യങ്ങളേക്കാൾ പാർട്ടിയുടെ കെട്ടുറപ്പിനാണ് താൻ മുൻഗണന നൽകുന്നതെന്നും, ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുപാട് പിച്ചിച്ചീന്തിയില്ലേ, ഇനി അത് മതിയാക്കിക്കൂടെ? കേരളത്തിൽ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് യുഡിഎഫിന് ഭൂരിപക്ഷം നൽകിയത്. ആ പ്രതീക്ഷയ്ക്കൊപ്പം നിൽക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. ഇവിടെ കെ.സി. പക്ഷമെന്നോ മറ്റോ ഉള്ള ചേരിതിരിവുകളുടെ ആവശ്യമില്ല. കെ.സി. വേണുഗോപാൽ പറഞ്ഞു.
വി.ഡി. സതീശൻ സർക്കാരിന് പൂർണ്ണ പിന്തുണ
പുതിയതായി ചുമതലയേൽക്കുന്ന വി.ഡി. സതീശൻ സർക്കാരിന് തന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസിലെ ഏറ്റവും പ്രാപ്തരായ എംഎൽഎമാരാണ് ഇക്കുറി ജയിച്ചുകയറിയിട്ടുള്ളത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് അർഹതപ്പെട്ടവർ ഉൾപ്പെടുന്ന മികച്ചൊരു മന്ത്രിസഭയാണ് കേരളത്തിൽ വരാൻ പോകുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് ഈ ഗവൺമെന്റിന് മുന്നോട്ടുപോകാൻ ആവശ്യമായ അന്തരീക്ഷം ഒരുക്കുകയാണ് നേതാക്കളുടെ ചുമതലയെന്നും, അനാവശ്യ വിവാദങ്ങളിലേക്ക് ഇനി പോകരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.
രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും പാർട്ടിക്കുള്ളിലെ ചെറിയ അസ്വാരസ്യങ്ങൾ സ്മൂത്തായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഞങ്ങളെ എല്ലാവരെയും മുറിച്ചു നോക്കിയാൽ കോൺഗ്രസ് മാത്രമായിരിക്കും കാണുക എന്ന വാക്കുകളോടെയാണ് പാർട്ടിയോടുള്ള തന്റെ വിട്ടുവീഴ്ചയില്ലാത്ത കൂറ് അദ്ദേഹം വീണ്ടും അടിവരയിട്ടുറപ്പിച്ചത്. എല്ലാ കോൺഗ്രസ് പ്രവർത്തകരും വ്യക്തിപരമായ നിരാശകൾ മാറ്റിവെച്ച് പുതിയ സർക്കാരിന്റെ വിജയത്തിനായി ഒന്നിച്ച് നിൽക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / Roshith K