'തീരദേശ ജനതയെ അവഗണിച്ചു'; മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ സഭയ്ക്ക് കടുത്ത അതൃപ്തി
Thiruvananthapuram, 17 മെയ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെ, തീരദേശ ജനതയെയും ലത്തീൻ സഭയെയും പൂർണ്ണമായി അവഗണിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രംഗത്ത്. തെരഞ്ഞെ
'തീരദേശ ജനതയെ അവഗണിച്ചു'; മന്ത്രിസഭാ രൂപീകരണത്തിൽ ലത്തീൻ സഭയ്ക്ക് കടുത്ത അതൃപ്തി


Thiruvananthapuram, 17 മെയ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെ, തീരദേശ ജനതയെയും ലത്തീൻ സഭയെയും പൂർണ്ണമായി അവഗണിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രംഗത്ത്. തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ മോഹന വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതായും അർഹതപ്പെട്ടവർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകാത്തതിൽ കടുത്ത അതൃപ്തിയുണ്ടെന്നും ലത്തീൻ സഭ വികാരി ജനറൽ മോൺ. യുജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട അദ്ദേഹം, തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വലിയ വിജയത്തിന് പിന്നിൽ ലത്തീൻ സഭയും തീരദേശത്തെ മത്സ്യത്തൊഴിലാളി സമൂഹവും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ചിറയിൻകീഴ്, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, കോവളം, തിരുവനന്തപുരം തുടങ്ങി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ ജനങ്ങൾ ഏറെ ഉണർന്നു പ്രവർത്തിച്ചാണ് യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചത്. എന്നാൽ അധികാരം പങ്കിടുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ചില കേന്ദ്രങ്ങളിൽ നിന്ന് വടംവലികളും അണിയറ നാടകങ്ങളും നടത്തി അർഹതപ്പെട്ടവരെ മാറ്റിനിർത്തുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എം. വിൻസെന്റിനെ അവഗണിക്കുന്നതിൽ പ്രതിഷേധം

കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയിൽ എൽ.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും കോവളത്ത് നിന്ന് യു.ഡി.എഫിനായി സീറ്റ് നിലനിർത്തിയ വ്യക്തിയാണ് അഡ്വ. എം. വിൻസെന്റ്. ഇത്തവണയും അദ്ദേഹം വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഒരു അഡ്വക്കേറ്റ് കൂടിയായ അദ്ദേഹത്തിന് തീരദേശ മേഖലയുടെ പ്രശ്നങ്ങൾ മികച്ച രീതിയിൽ നിയമസഭയിലും ആസൂത്രണ ചർച്ചകളിലും ബജറ്റിലും അവതരിപ്പിക്കാൻ സാധിക്കും. അങ്ങനെയുള്ള യോഗ്യരായ ആളുകൾ ഉണ്ടായിരുന്നിട്ടും അവരെ പരിഗണിക്കാതിരിക്കുന്നത് സമുദായത്തോടും തീരദേശ ജനതയോടും കാണിക്കുന്ന വലിയ അനീതിയാണെന്ന് ലത്തീൻ സഭ വ്യക്തമാക്കുന്നു.

മന്ത്രിസ്ഥാനത്തേക്ക് ഷിബു ബേബി ജോണിന്റെ പേര് വരുന്നുണ്ടെങ്കിലും അത് ആർ.എസ്.പി എന്ന പാർട്ടിയുടെ ഘടകത്തിന്റെ ഭാഗമായി മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിൽ നിന്ന് നിർണ്ണായക പങ്കുവഹിച്ച ലത്തീൻ സമുദായത്തിന് അർഹമായ പരിഗണന ലഭിച്ചേ തീരൂ. ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തെ രണ്ട് മൂന്ന് ദിവസം മുമ്പ് തന്നെ സഭയുടെ ആശങ്കകൾ അറിയിച്ചിരുന്നതായും എന്നാൽ ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ ഒട്ടും തൃപ്തികരമല്ലെന്നും യുജിൻ പെരേര പറഞ്ഞു.

വരും നാളുകളിൽ കടുത്ത പ്രതിഷേധം

തീരദേശ ജനതയെയും മത്സ്യമേഖലയെയും ഇത്തരത്തിൽ പൂർണ്ണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ വരും നാളുകളിൽ പൊതുസമൂഹത്തെയും പരിസ്ഥിതി പ്രവർത്തകരെയും ഉൾപ്പെടെ പങ്കാളികളാക്കിക്കൊണ്ട് വലിയ രീതിയിലുള്ള പ്രതികരണങ്ങളും ശക്തമായ പ്രതിഷേധങ്ങളും ഉണ്ടാകുമെന്നും ലത്തീൻ സഭ മുന്നറിയിപ്പ് നൽകി.

---------------

Hindusthan Samachar / Roshith K


Latest News