Enter your Email Address to subscribe to our newsletters

Kannur, 17 മെയ് (H.S.)
കണ്ണൂര്: സംസ്ഥാന രാഷ്ട്രീയത്തില് വന് കൊടുങ്കാറ്റ് സൃഷ്ടിച്ച കണ്ണൂര് എടയന്നൂരിലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകൻ ഷുഹൈബ് വധക്കേസില് നാളെ മുതല് വിചാരണ ആരംഭിക്കുന്നു. യുഡിഎഫ് സര്ക്കാര് സംസ്ഥാനത്ത് അധികാരമേല്ക്കുന്ന അതേദിവസം തന്നെയാണ് രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന ഈ കേസിലെ വിചാരണ നടപടികളും ആരംഭിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സിപിഎം പ്രവര്ത്തകര് പ്രതികളായ കേസില് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് നാളെ മുതല് വിചാരണ നടക്കുക.
ഇടതുപക്ഷ സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിരവധി നിയമപരമായ തടസ്സങ്ങളും എതിര്പ്പുകളും നീണ്ട നിയമപോരാട്ടത്തിലൂടെ മറികടന്നാണ് ഷുഹൈബിന്റെ കുടുംബം കേസ് ഒടുവില് വിചാരണാ ഘട്ടത്തിലേക്ക് എത്തിച്ചത്. ക്രൂരമായ കൊലപാതകം നടന്ന് വര്ഷങ്ങള് പിന്നിട്ടിട്ടും സിബിഐ അന്വേഷണത്തെ എതിര്ത്തും മറ്റ് സാങ്കേതിക കാരണങ്ങള് ഉന്നയിച്ചും കേസ് അട്ടിമറിക്കാന് ശ്രമം നടക്കുന്നുവെന്ന് നേരത്തെ വലിയ രീതിയില് ആക്ഷേപം ഉയര്ന്നിരുന്നു. പ്രതികള്ക്കായി കോടതിയില് ലക്ഷങ്ങള് ചെലവഴിച്ച് പ്രമുഖ അഭിഭാഷകരെ സര്ക്കാര് എത്തിച്ചതും വലിയ വിവാദമായിരുന്നു. എന്നാല് ഈ തടസ്സവാദങ്ങളെയെല്ലാം അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് ഇപ്പോള് വിചാരണ ആരംഭിക്കുന്നത്.
കേസില് ആകാശ് തില്ലങ്കേരി ഉള്പ്പെടെയുള്ള 17 സിപിഎം പ്രവര്ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. വിചാരണ വേളയില് ഇരകളുടെ കുടുംബത്തിന് അര്ഹമായ നീതി ഉറപ്പാക്കുന്നതിനായി കുടുംബം ആവശ്യപ്പെട്ട അഡ്വ. കെ. പത്മനാഭനെ സ്പെഷ്യല് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ വയ്ക്കുന്നതിന്റെ ചെലവ് കെപിസിസി വഹിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയതിനെ തുടര്ന്നാണ് ഈ നിയമനം.
ക്രൂരമായ രാഷ്ട്രീയ കൊലപാതകം
2018 ഫെബ്രുവരി 12-നാണ് കേരളത്തെ നടുക്കിയ കൊലപാതകം എടയന്നൂരില് നടക്കുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബ് സുഹൃത്തുക്കള്ക്കൊപ്പം തട്ടുക്കടയില് ചായ കുടിച്ചുകൊണ്ടിരിക്കവെയാണ് ക്വട്ടേഷന് സംഘം ആക്രമണം അഴിച്ചുവിട്ടത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന് ആദ്യം ബോംബെറിയുകയും തുടര്ന്ന് ഷുഹൈബിനെ വളഞ്ഞിട്ട് വെട്ടുകയുമായിരുന്നു. 41 തവണയാണ് ഷുഹൈബിന്റെ ശരീരത്തില് മാരകമായി വെട്ടേറ്റത്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നില് രാഷ്ട്രീയ വൈരാഗ്യമാണെന്ന് തുടക്കം മുതലേ വ്യക്തമായിരുന്നു.
അട്ടിമറി ശ്രമങ്ങളെ മറികടന്ന പോരാട്ടം
കേസ് അട്ടിമറിക്കപ്പെടാന് സാധ്യതയുണ്ടെന്ന് കാണിച്ച് ഷുഹൈബിന്റെ മാതാപിതാക്കള് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിള് ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അന്നത്തെ ഇടതു സര്ക്കാര് ഇതിനെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. തുടര്ന്ന് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നതിനാലാണ് വിചാരണ നടപടികള് ഇത്രയും കാലം വൈകിയത്.
സംസ്ഥാനത്ത് പുതിയ യുഡിഎഫ് സര്ക്കാര് ഭരണത്തിലേറുന്ന അതേ ദിവസം തന്നെ സി.പി.എം പ്രതിക്കൂട്ടിലായ കൊലക്കേസിന്റെ വിചാരണ ആരംഭിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിട്ടുണ്ട്. കോടതിക്ക് മുന്നിലെത്തുന്ന വിചാരണയിലൂടെ ഷുഹൈബിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വവും ജനാധിപത്യ വിശ്വാസികളും.
---------------
Hindusthan Samachar / Roshith K