Enter your Email Address to subscribe to our newsletters

kotta, 17 മെയ് (H.S.)
കോട്ട (രാജസ്ഥാൻ): തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന തിരുവനന്തപുരം–ഹസ്രത് നിസാമുദ്ദീൻ രാജ്ധാനി എക്സ്പ്രസിന് (ട്രെയിൻ നമ്പർ: 12431) തീപിടിച്ചു. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ കോട്ട ഡിവിഷനിലെ ലൂണി റിച്ചയ്ക്കും വിക്രംഗഡ് ആലോട്ടിനും ഇടയിൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ട്രെയിനിലെ ബി-1 (B-1) കോച്ചിലാണ് തീപിടുത്തമുണ്ടായത്. കോച്ചിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഉടനടി സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ സ്ഥിരീകരിച്ചു.
റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, കോച്ചിന്റെ എസ്എൽആർ (SLR) ഭാഗത്താണ് ആദ്യം തീ പടർന്നത് ശ്രദ്ധയിൽപ്പെട്ടത്. പുക ഉയരുന്നത് കണ്ടയുടൻ തന്നെ ട്രെയിൻ ജീവനക്കാരും യാത്രക്കാരും ജാഗ്രത പാലിക്കുകയും ട്രെയിൻ നിർത്തുകയുമായിരുന്നു. തുടർന്ന് കോച്ചിലെ യാത്രക്കാരെ മുഴുവൻ അടിയന്തരമായി ഒഴിപ്പിച്ചു. സംഭവത്തിൽ യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമായി.
അടിയന്തര രക്ഷാപ്രവർത്തനം
തീപിടുത്തമുണ്ടായ ഉടൻ തന്നെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി റെയിൽവേ ലൈനിലെ ഓവർഹെഡ് ഇലക്ട്രിക് (OHE) സപ്ലൈ താത്കാലികമായി വിച്ഛേദിച്ചു. തുടർന്ന് തീപിടിച്ച ബി-1 കോച്ച് മറ്റ് കോച്ചുകളിലേക്ക് തീ പടരാതിരിക്കാൻ ട്രെയിനിൽ നിന്നും വിജയകരമായി വേർപെടുത്തി. വിവരമറിഞ്ഞ് റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും സുരക്ഷാ സേനയും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും അഗ്നിശമന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു.
തീപിടുത്തത്തെ തുടർന്ന് ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതത്തിന് ചെറിയ രീതിയിൽ തടസ്സം നേരിട്ടു. അപകടത്തെ തുടർന്ന് ട്രെയിൻ നമ്പർ 12955 മഹിദ്പൂർ റോഡ് സ്റ്റേഷനിൽ താത്കാലികമായി നിർത്തിയിട്ടു. ട്രാക്കിലെ തടസ്സങ്ങൾ നീക്കി ഈ സെക്ഷൻ എത്രയും വേഗം ഗതാഗതയോഗ്യമാക്കുമെന്നും മറ്റ് സർവീസുകൾ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
അന്വേഷണം പ്രഖ്യാപിച്ചു
തീപിടുത്തത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എയർ കണ്ടീഷണറിലെ തകരാറോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ റെയിൽവേ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത് റെയിൽവേ വകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അട്ടിമറി സാധ്യതകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുമെന്നാണ് സൂചന. കോച്ചിലെ യാത്രക്കാരെയെല്ലാം സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിയതായും ഇവർക്കായി ബദൽ യാത്രാ സൗകര്യങ്ങൾ റെയിൽവേ ഒരുക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K