'വയനാട് അടുത്ത അമേഠിയാകും': രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെയുള്ള പോസ്റ്റർ പ്രചാരണത്തിൽ പോലീസ് കേസെടുത്തു
Kalpetta, 17 മെയ് (H.S.) കല്പറ്റ: കേരളത്തിലെ യു.ഡി.എഫ് മുന്നണിയുടെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കിടെ വയനാട്ടിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്ററുകളിൽ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്ക
രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെയുള്ള പോസ്റ്റർ പ്രചാരണത്തിൽ പോലീസ് കേസെടുത്തു


Kalpetta, 17 മെയ് (H.S.)

കല്പറ്റ: കേരളത്തിലെ യു.ഡി.എഫ് മുന്നണിയുടെ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കിടെ വയനാട്ടിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്ററുകളിൽ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പോസ്റ്ററുകൾ. ടി. സിദ്ദിഖ് എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കല്പറ്റ പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിത (BNS), കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മെയ് 13-നാണ് വയനാട് ഡി.സി.സി ഓഫീസിന്റെ മതിൽക്കെട്ടിലും സമീപപ്രദേശങ്ങളിലും ഇംഗ്ലീഷിലുള്ള ഈ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിക്കുന്നതിന് മുൻപ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു ഈ പോസ്റ്റർ പ്രചാരണം. ഹൈക്കമാൻഡിന്റെ നീക്കങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുകളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.

രാഹുൽ ജി, കെ.സി വേണുഗോപാൽ നിങ്ങളുടെ ബാഗ് ചുമട്ടുകാരൻ ആയിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങൾ ഈ തെറ്റിന് നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല, എന്നും വയനാട് അടുത്ത അമേഠിയായി മാറും എന്നുമായിരുന്നു ഒരു പോസ്റ്ററിലെ വാചകങ്ങൾ. ആർ.ജി, പി.ജി, ഈ ഹിമാലയൻ ബ്ലണ്ടറിന് കേരളം നിങ്ങൾക്ക് മാപ്പ് നൽകില്ല എന്നും പോസ്റ്ററുകളിൽ എഴുതിയിരുന്നു. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് പിന്തുണച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ നിലവിലെ വയനാട് എം.പി പ്രിയങ്കാ ഗാന്ധി പരാജയപ്പെടുമെന്ന ഭീഷണിയും പോസ്റ്ററുകളിൽ ഉണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 140-ൽ 102 സീറ്റുകൾ നേടി യു.ഡി.എഫ് വൻ വിജയം കൈവരിച്ചെങ്കിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകിയത് അണികൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹൈക്കമാൻഡിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വയനാട്ടിലും കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലും പോസ്റ്ററുകൾ ഉയർന്നത്.

പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കോൺഗ്രസ് പ്രവർത്തകർ ഇവ ഇവിടെ നിന്നും നീക്കം ചെയ്തിരുന്നു. തുടർന്ന് പ്രാദേശിക നേതാക്കൾ നടത്തിയ അന്വേഷണത്തിൽ പുലർച്ചെ മൂന്ന് മണിയോടെ ഒരാൾ വന്ന് പോസ്റ്ററുകൾ ഒട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കുകയുണ്ടായി. ഈ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങളിൽ വ്യക്തിയുടെ മുഖം വ്യക്തമല്ലെങ്കിലും, ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

അമേഠിയിൽ രാഹുൽ ഗാന്ധി നേരിട്ട പരാജയത്തിന് ശേഷം ഗാന്ധി കുടുംബത്തിന് രാഷ്ട്രീയമായി ഏറെ സുരക്ഷിതമായ മണ്ഡലമായാണ് വയനാടിനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വയനാട് മണ്ഡലത്തെ കേന്ദ്രീകരിച്ച് ഇത്തരമൊരു പോസ്റ്റർ പ്രചാരണം നടന്നത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഈ രാഷ്ട്രീയ വിവാദങ്ങൾക്ക് താല്ക്കാലിക ശമനമുണ്ടായിരിക്കുകയാണ്.

---------------

Hindusthan Samachar / Roshith K


Latest News