Enter your Email Address to subscribe to our newsletters

Kalpetta, 17 മെയ് (H.S.)
കൽപ്പറ്റ: കൺമുന്നിൽ സർവ്വതും തകർന്നടിഞ്ഞ മഹാദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് പ്രത്യാശയുടെ പുതിയൊരു പുലരിയിലേക്ക് വയനാട് ചുവടുവെക്കുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിലേക്ക് ആദ്യ കുടുംബം താമസം ആരംഭിച്ചു. ചൂരൽമല സ്കൂൾ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് കണ്ണീരിന്റെ നാളുകൾക്ക് വിടചൊല്ലി പുതിയ വീട്ടിലേക്ക് ആദ്യമായി വലതുകാൽ വെച്ച് കയറിയത്. പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച കുടുംബത്തിന് ആശംസകളുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് വീഡിയോ കോൾ വിളിച്ചതോടെ ദുരിതബാധിതർക്ക് അത് ഇരട്ടി സന്തോഷമായി മാറ്റി.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് സർക്കാർ അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാതൃകാ ടൗൺഷിപ്പ് നിർമ്മിച്ചത്. ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 178 വീടുകളുടെ താക്കോൽ കൈമാറ്റം നേരത്തെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയാക്കി ജനങ്ങൾ വീടുകളിലേക്ക് മാറിത്താമസിക്കാൻ തുടങ്ങിയത്.
കുടുംബത്തോടൊപ്പം പുതിയ വീട്ടിൽ എത്തിയ വിജയനെ അപ്രതീക്ഷിതമായാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. പുതിയ വീടിന്റെ സൗകര്യങ്ങളെക്കുറിച്ചും യാത്രാ സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം കുടുംബത്തോട് ചോദിച്ചറിഞ്ഞു. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വിജയനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാൻ നിങ്ങൾക്ക് സാധിക്കട്ടെ, എന്ന് അദ്ദേഹം ആശംസിച്ചു. സർക്കാരിന്റെ തണലിൽ സുരക്ഷിതമായ ഒരു മേൽക്കൂര ലഭിച്ചതിലുള്ള സന്തോഷവും മുൻ മുഖ്യമന്ത്രിയുടെ സർപ്രൈസ് കോളിനുള്ള നന്ദിയും വിജയനും കുടുംബവും പങ്കുവെച്ചു.
പ്രത്യാശയുടെ 'കേരള മോഡൽ' ടൗൺഷിപ്പ്
പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തിൽ, പരിസ്ഥിതി സൗഹൃദപരമായാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഈ ടൗൺഷിപ്പ് നിർമ്മിച്ചിരിക്കുന്നത്. 35 ക്ലസ്റ്ററുകളിലായി നിർമ്മിച്ചിരിക്കുന്ന ഈ ഭവന സമുച്ചയത്തിൽ കുട്ടികൾക്കായി കളിക്കളങ്ങളും മുതിർന്നവർക്ക് ഒത്തുകൂടാനുള്ള പൊതു ഇടങ്ങളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ കമ്മ്യൂണിറ്റി ഹാൾ, ഡിസാസ്റ്റർ ഷെൽട്ടർ, ഫുട്ബോൾ ഗ്രൗണ്ട്, ദുരന്ത സ്മാരകം, ഷോപ്പിംഗ് കോംപ്ലക്സ്, അത്യാധുനിക ഡ്രെയിനേജ് സംവിധാനം, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, അണ്ടർഗ്രൗണ്ട് ഇലക്ട്രിസിറ്റി ലൈനുകൾ തുടങ്ങിയ എല്ലാവിധ നഗര സൗകര്യങ്ങളും ഈ ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ ഈ ടൗൺഷിപ്പിലേക്ക് താമസം മാറ്റുമെന്നാണ് റവന്യൂ അധികൃതർ വ്യക്തമാക്കുന്നത്. ദുരന്തത്തിന്റെ കറുത്ത ഓർമ്മകളിൽ നിന്ന് അതിജീവനത്തിന്റെ പുതിയൊരു മാതൃകയാണ് വയനാട്ടിലെ ഈ പുനരധിവാസ ഗ്രാമത്തിലൂടെ ലോകത്തിന് മുന്നിൽ തുറക്കപ്പെടുന്നത്.
---------------
Hindusthan Samachar / Roshith K