Enter your Email Address to subscribe to our newsletters

Idukki , 18 മെയ് (H.S.)
ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ തേടി ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ യാത്രകൾ ഒടുവിൽ കണ്ണീരിലവസാനിക്കുന്നത് പതിവാകുന്നു. ഇടുക്കിയിലെ മലയോര റോഡുകൾക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഇതരസംസ്ഥാന മിനി ബസുകൾ അപകടത്തിൽപ്പെടുന്നത് ഇവിടെ തുടര്ക്കഥയാവുകയാണ്.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി, അധിക സീറ്റുകൾ ഘടിപ്പിച്ചെത്തുന്ന ഇത്തരം വാഹനങ്ങൾക്ക് ഹൈറേഞ്ചിൽ സമ്പൂർണ വിലക്കേർപ്പെടുത്തണമെന്ന ആവശ്യം ഇപ്പോൾ ശക്തമാണ്. ഇനിയൊരു ജീവൻ കൂടി മലയോര പാതകളിൽ പൊലിയാതിരിക്കാൻ മോട്ടോർ വാഹന വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും വിദഗ്ധരുടെയും ആവശ്യം.
തുടർക്കഥയാകുന്ന ദുരന്തങ്ങൾ; പെരിയകനാലിലും ചോർന്നത് ചോര
അവധി ആഘോഷങ്ങൾക്കായി ഇടുക്കി മലയോരത്തേക്ക് സഞ്ചാരികളുടെ വരവ് വർധിക്കുന്ന ഘട്ടങ്ങളിലെല്ലാം റോഡ് അപകടങ്ങളും ഇവിടെ പതിവ് കാഴ്ചയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും, പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്നും എത്തുന്ന മിനി ബസുകളാണ് ഇതിൽ ഭൂരിഭാഗവും. ഈ അപകടങ്ങളിൽ ഇതിനകം തന്നെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പെരിയകനാലിന് സമീപം തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ജീവൻ നഷ്ടമായത്. ഇടുക്കിയിലെ കുത്തിറക്കവും കൊടുംവളവുകളും നിറഞ്ഞ റോഡുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഇത്തരം ബസുകൾ അപകടത്തിൽപ്പെടുന്നത്.
നിയമലംഘനങ്ങളുടെ 'കുത്തിനിറയ്ക്കൽ'
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി, കൂടുതൽ സീറ്റുകൾ കുത്തിനിറച്ചാണ് പല മിനി ബസുകളും ഇടുക്കിയിലേക്ക് സർവീസ് നടത്തുന്നത്. ഹൈറേഞ്ച് റോഡുകളെക്കുറിച്ചുള്ള പരിചയക്കുറവും അമിതവേഗതയും കൂടിയാകുമ്പോൾ ദുരന്തത്തിൻ്റെ ആഴം കൂടുന്നു. ഓരോ വർഷവും ഇത്തരം വാഹനങ്ങൾ ഇവിടെ അപകടമുണ്ടാക്കുന്നുണ്ട്.
2026 ഏപ്രിൽ 14: കുത്തുങ്കലിന് സമീപം തമിഴ്നാട്ടിൽ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് വലിയ അപകടമുണ്ടായി.
2025 ഓഗസ്റ്റ്: ഇതേ റോഡിൽ മറ്റൊരു ഇതരസംസ്ഥാന മിനി ബസ് അപകടത്തിൽപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഹൈറേഞ്ച് റോഡുകൾക്ക് ശാസ്ത്രീയമായി ഒട്ടും അനുയോജ്യമല്ലാത്ത ഇത്തരം വാഹനങ്ങൾക്ക് മലയോര മേഖലയിൽ കടുത്ത വിലക്കേർപ്പെടുത്തണമെന്ന ആവശ്യം വിദഗ്ധരടക്കം മുന്നോട്ട് വയ്ക്കുന്നത്.
അധികൃതരുടെ നിസംഗതക്കെതിരെ പ്രതിഷേധം
അപകടങ്ങൾ തുടർച്ചയാകുമ്പോഴും അധികൃതർ പുലർത്തുന്ന നിസംഗതക്കെതിരെ പ്രദേശവാസികളും കടുത്ത പ്രതിഷേധത്തിലാണ്. വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിനൊപ്പം റോഡുകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. തുടർച്ചയായി ഇവിടെ അപകടങ്ങൾ നടന്നിട്ടും അധികൃതർ കണ്ണടയ്ക്കുകയാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഡ്രൈവർമാർക്ക് ഈ റോഡിലെ കുത്തിറക്കങ്ങളെപ്പറ്റി ധാരണയുണ്ടാകാറില്ല. ഇതിനൊരു ശാശ്വത പരിഹാരം വേണം.
അടിന്തരമായി കലുങ്കുകളുടെ നിര്മാണം പൂര്ത്തിയാക്കണമെന്ന് പ്രദേശവാസിയായ അഡ്വ. ആശിഷ് പറയുന്നു. വളവില് ഇപ്പോള് അപകടങ്ങള് തുടര്ക്കഥയാകുകയാണ്. പ്രത്യേകിച്ച് വലിയ വാഹനങ്ങളാണ് ഇവിടെ അപകടത്തില് പെടുന്നത്. ഇതിന് മുമ്പ് ഇവിടെ വാഹനം താഴേക്ക് പോയിരുന്നു. അന്ന് ഇടിഞ്ഞ സുരക്ഷ ഭിത്തികള് ഇപ്പോഴും അങ്ങനെ തന്നെ കിടക്കുകയാണ് . അതൊന്നും ഇതുവരെ മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി വരുന്ന മാസങ്ങള് മഴയും മൂടല് മഞ്ഞുമാണ്. ഇതര സംസ്ഥാന ഡ്രൈവര്മാര്ക്ക് ഇവിടത്തെ ചെറിയ സൈന്ബോര്ഡുകളൊന്നും മനസിലാകണമെന്നില്ല. അതുകൊണ്ട് തന്നെ ദേശീയ പാത അധികൃതര് ഇവിടെ വലിയ സൈന്ബോര്ഡുകള് സ്ഥാപിക്കേണ്ട ആവശ്യമുണ്ട്. അപകടം പതിയിരിക്കുന്ന രണ്ട് വളവുകളിലും സൈന് ബോര്ഡുകള് ഉറപ്പായിട്ടും സ്ഥാപിക്കണം ആശിഷ് കൂട്ടിച്ചേര്ത്തു.
നാട്ടുകാർ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ
- മുന്നറിയിപ്പ് ബോർഡുകൾ: അപകട വളവുകളിൽ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.
- ദൂരക്കാഴ്ച ഉറപ്പാക്കൽ: യാത്രക്കാർക്കും ഡ്രൈവർമാർക്കും ദൂരക്കാഴ്ച നൽകുന്ന വലിയ സൈൻ ബോർഡുകൾ റോഡിൻ്റെ വശങ്ങളിൽ ഉയരുക.
- ഡിജിറ്റൽബോർഡുകൾ: അപകടസാധ്യതയേറിയതും മൂടൽമഞ്ഞുള്ളതുമായ പ്രദേശങ്ങളിൽ രാത്രിയിലും പകലും ഒരുപോലെ തെളിയുന്ന 'ഡിജിറ്റൽ ബോർഡുകൾ' സ്ഥാപിക്കുക.
- തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഇത്തരം ടൂറിസ്റ്റ് വാഹനങ്ങളിൽ കർശനമായ പരിശോധന ഉറപ്പാക്കാത്ത പക്ഷം ഇടുക്കിയിലെ മലയോര പാതകൾ ഇനിയും ചോരക്കളമാകുമെന്നതിൽ തർക്കമില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR