Enter your Email Address to subscribe to our newsletters

Kozhikode , 18 മെയ് (H.S.)
ഇടതുമുന്നണിയെ തറപറ്റിച്ച് ഒരുകാലത്തും ഇല്ലാത്ത വിധത്തിൽ ചരിത്രവിജയം നേടിയ കോഴിക്കോട് നിന്ന് ഒരു മന്ത്രി പോലും ഇല്ലാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട്ടെ ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും സ്ഥാപിച്ചു. ഇന്ന് രാവിലെയാണ് പോസ്റ്ററും കരിങ്കൊടിയും ഇതുവഴി യാത്ര ചെയ്തവരുടെ ശ്രദ്ധയിൽ പെട്ടത്. ആറിൽ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ്യത എന്ത്, കോഴിക്കോട് ജില്ലയെ തടയാൻ മാത്രം ഗഫൂറിന് യോഗ്യതയെന്ത് എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. സംഭവം പ്രചരിച്ചതോടെ നേതൃത്വം ഇടപെട്ട് പോസ്റ്ററും കരിങ്കൊടിയും നീക്കം ചെയ്തു.
കോഴിക്കോട് ജില്ലയിൽ നിന്നും ആകെയുള്ള 13 സീറ്റില് 12 സീറ്റുകൾ നേടി യുഡിഎഫ് വൻ വിജയം കൊയ്തപ്പോൾ തന്നെ ജില്ലക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും എന്ന് പ്രതീക്ഷ യുഡിഎഫ് പ്രവർത്തകർക്കും പ്രത്യേകിച്ച് മുസ്ലിം ലീഗിനും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വിജയം നേടിയ ഉടൻ തന്നെ മുസ്ലിം ലീഗ് നേതൃത്വം ലീഗ് ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിലും ഇക്കാര്യം മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ മന്ത്രിസഭ തീരുമാനിച്ചപ്പോൾ ആറ് എംഎൽഎമാരെ വിജയിപ്പിച്ചെടുത്ത കോഴിക്കോട്ടെ ലീഗിന് ഒരു മന്ത്രി പോലും ലഭിച്ചില്ലെന്നതാണ് ഇപ്പോൾ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്.
പാറക്കൽ അബ്ദുള്ളയും എം എ റസാക്ക് മാസ്റ്ററും വിജയിച്ചതോടെ ഇതിൽ ആരെങ്കിലും മന്ത്രിയാകുമെന്ന പ്രതീക്ഷ കോഴിക്കോട്ടെ ലീഗ് നേതൃത്വത്തിനും അണികൾക്കും ഉണ്ടായിരുന്നു. എന്നാൽ അന്തിമഘട്ടം ആയതോടെ പാറക്കൽ അബ്ദുള്ളക്ക് മന്ത്രി പദവി എന്നതിലേക്ക് പ്രതീക്ഷ മാറി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആണ് ഇതൊക്കെ മാറിമറിഞ്ഞ് മറ്റ് അഞ്ച് മന്ത്രിമാരെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്. ഇതോടെയാണ് കോഴിക്കോട് ജില്ലയിൽ കടുത്ത പ്രതിഷേധം ലീഗ് നേതൃത്വത്തിന് എതിരെ ഉയർന്നത്.
ഇതോടൊപ്പം തന്നെ കോൺഗ്രസിനകത്തും കടുത്ത അമർഷം പുകയുന്നുണ്ട്. ജയന്തിനോ പ്രവീൺകുമാറിനോ മന്ത്രി പദവി ലഭിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിലെ പ്രതീക്ഷ. പിന്നീട് അത് ജയന്തിലേക്ക് മാറി. അവസാന ഘട്ടമായതോടെ കോഴിക്കോട്ടെ കോൺഗ്രസിൽ നിന്നും ആരും മന്ത്രി ആകില്ലെന്ന് വാർത്ത പുറത്തുവന്നു. ഇതോടെ സൈബർ ഇടങ്ങളിൽ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് അണികളിൽ നിന്നും ഉയർന്നത്.
കൂടാതെ ഐഎൻടിയുസിയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം അടുത്ത രണ്ടര വർഷം കഴിഞ്ഞാൽ കോഴിക്കോട്ടെ പാറക്കൽ അബ്ദുള്ളയെ ടേം വ്യവസ്ഥയിൽ മന്ത്രിയാക്കും എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചതായി ലീഗ് അണികള് ആശ്വസിക്കുന്നുണ്ട്. ഏതായാലും വരും ദിവസങ്ങളിലും ഇതിനു സമാനമായ വിധത്തിലുള്ള കടുത്ത പ്രതിഷേധങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരാൻ സാധ്യതയുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR