Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 മെയ് (H.S.)
വിദ്യാർഥി രാഷ്ട്രീയത്തിലുടെ കടന്നുവന്ന് മുസ്ലിം ലീഗിൻ്റെ മുൻനിര നേതാക്കളിൽ ഒരാളായി മാറിയ എൻ ഷംസുദ്ദീൻ ആദ്യമായി മന്ത്രിസഭയിലേക്ക്. എംഎസ്എഫ്, യൂത്ത് ലീഗ് നേതൃതലങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം മണ്ണാർക്കാട് നിന്നുള്ള എംഎൽഎയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ് എൻ ഷംസുദ്ദീൻ. ഇന്നിപ്പോഴിതാ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകുകയാണ് അദ്ദേഹം. പിഎം ശ്രീ വിഷയത്തില് ഉള്പ്പെടെ നിർണായക നിലപാട് പങ്കുവച്ചിട്ടുണ്ട് ഷംസുദ്ദീൻ. വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനത്തിന് പണം ആവശ്യമാണെന്നാണ് നിയുക്ത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചത്. പിഎം ശ്രീ വിഷയത്തില് യുഡിഎഫിന് നിലപാടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ തിരൂർ പറവണ്ണയിൽ 1969 മെയ് 31നാണ് അദ്ദേഹത്തിൻ്റെ ജനനം. മുഹമ്മദ്കുട്ടിയും മറിയക്കുട്ടിയുമാണ് മാതാപിതാക്കൾ. പറവണ്ണ ഗവൺമെൻ്റ് ഹൈസ്കൂളിലെ പഠനകാലത്ത് തന്നെ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. സ്കൂൾ ലീഡറായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റായി. എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയായും അദ്ദേഹം പങ്കുവഹിച്ചു.
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻ്റ് കോളജിൽ നിന്ന് അദ്ദേഹം ബികോം ബിരുദം കരസ്ഥമാക്കി. തിരൂരങ്ങാടി പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളജിൽ നിന്ന് എംകോം ബിരുദവും നേടി. തുടർന്ന് കോഴിക്കോട് ഗവൺമെൻ്റ് ലോ കോളജിൽ നിന്ന് അദ്ദേഹം നിയമപഠനവും പൂർത്തിയാക്കി. നിയമത്തിൽ ബിരുദം നേടിയ ഈ അഭിഭാഷകൻ മികച്ച സംഘാടകനായും ലീഗിൽ പേരെടുത്തു. പഠനകാലത്ത് നാലു തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അദ്ദേഹം പ്രവർത്തിച്ചു. 1991ൽ സർവകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
യൂത്ത് ലീഗ് നേതൃത്വത്തിൽ
എംഎസ്എഫിൽ നിന്നു പിന്നീട് അദ്ദേഹം പ്രവർത്തനമണ്ഡലം മുസ്ലിം യൂത്ത് ലീഗിലേക്ക് മാറ്റി. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് അദ്ദേഹം സംഘടനാ രംഗത്ത് ഉയർന്ന തലത്തിലെത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചു. താഴേത്തട്ടിൽ പ്രവർത്തിക്കുമ്പോഴും എല്ലാവർക്കും സ്വീകാര്യനായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായി അദ്ദേഹത്തിന് ഉയരാൻ സാധിച്ചു. ജനകീയ വിഷയങ്ങളിൽ അദ്ദേഹം നിയമസഭയ്ക്കകത്തും പുറത്തും സജീവമായി ഇടപെട്ടുവരികയാണ്. സംസ്ഥാന വഖഫ് ബോർഡിൽ നിയമസഭയിൽ നിന്നുള്ള പ്രതിനിധി കൂടിയാണ് എൻ ഷംസുദ്ദീൻ. സഭയിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് മന്ത്രിസഭയിലേക്കുള്ള വഴി കൂടുതൽ എളുപ്പമാക്കിയത്.
മണ്ണാർക്കാടിൻ്റെ ജനനായകൻ2005ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് ഷംസുദ്ദീൻ്റെ ജനപ്രതിനിധിയായുള്ള തുടക്കം. അക്കൊല്ലം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മണ്ഡലത്തിൽ മത്സരിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2016ലും 2021ലും 2026ലും നടന്ന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മണ്ണാർക്കാട് നിന്നു തന്നെ അദ്ദേഹം ജനവിധി തേടി മികച്ച വിജയം സ്വന്തമാക്കി. 1980 മുതൽ സിപിഐയും മുസ്ലിം ലീഗും മാറിമാറി ഭരിച്ച മണ്ഡലമായിരുന്നു മണ്ണാർക്കാട്.
ഷംസുദ്ദീൻ്റെ വരവോടെ മണ്ണാർക്കാട് യുഡിഎഫിൻ്റെ ഉറച്ചകോട്ടയായി മാറി. കഴിഞ്ഞ 15 വർഷമായി മണ്ഡലത്തിൽ ഏറനാട്ടുകാരനായ ഇദ്ദേഹത്തിൻ്റെ ആധിപത്യമാണ്. മണ്ണാർക്കാട് കൈപ്പിടിയിലാക്കാൻ ഷംസുദ്ദീൻ നടത്തിയ വികസന പ്രവർത്തനങ്ങൾ ലീഗിന് വലിയ മുതൽകൂട്ടായി.
നിയമസഭയിലെ മുസ്ലിം ലീഗിൻ്റെ ശക്തമായ ശബ്ദങ്ങളിൽ ഒന്നായി അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടുതന്നെ മാറി. നിയമപരമായ കാര്യങ്ങളിലെ അദ്ദേഹത്തിൻ്റെ അറിവും മികച്ച പ്രഭാഷണ ശേഷിയും സഭയിൽ എക്കാലവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ നിരയിലായിരുന്നപ്പോഴും ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്നതുകൊണ്ടു തന്നെ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കും പുരോഗതിക്കും അദ്ദേഹം എപ്പോഴും മുൻഗണന നൽകിപ്പോന്നു. മലപ്പുറം ജില്ലക്കാരനായ ഒരു നേതാവ് പാലക്കാട് ജില്ലയിലെ ഒരു മണ്ഡലത്തിൽ തുടർച്ചയായി നാലു തവണ ജനവിധി തേടി വിജയിക്കുക എന്നത് അദ്ദേഹത്തിൻ്റെ വലിയ ജനസമ്മതിയുടെ ഉത്തമ ഉദാഹരണമാണ്.
വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാനും ഷംസുദ്ദീന് കഴിഞ്ഞതായി രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. നിയമസഭാ അനുഭവസമ്പത്തും മികച്ച സംഘാടന മികവുമാണ് അദ്ദേഹത്തിന് പുതിയ സ്ഥാനലബ്ധി നേടിക്കൊടുത്തത്. ഭരണരംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR