Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 മെയ് (H.S.)
വി ഡി സതീശന് മന്ത്രിസഭയിലേക്ക് തികച്ചും അപ്രതീക്ഷിത എന്ട്രി നടത്തി ശ്രദ്ധേയനായിരിക്കുകയാണ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് ഒ ജെ ജനീഷ്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥിത്വം പോലും ജനീഷിനെ സംബന്ധിച്ച് പ്രതീക്ഷിക്കാത്തതായിരുന്നു. കൊടുങ്ങല്ലൂര് നിയമസഭ മണ്ഡലത്തില് നിന്ന് ജനവിധി തേടിയ ജനീഷ് 8308 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കന്നിയങ്കത്തില് നിയമസഭയിലേക്ക് എത്തുന്നത്. സിപിഐയുടെ വി ആര് സുനിലിനെയാണ് ജനീഷ് പരാജയപ്പെടുത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന പ്രത്യേകതയും ജനീഷിനുണ്ട്. 38 വയസ് മാത്രമാണ് ജനീഷിന് ഉള്ളത്.
പ്രതീക്ഷിക്കാതെ ലഭിച്ച മന്ത്രിസ്ഥാനത്തിന്റെ സന്തോഷത്തിലാണ് ജനീഷിന്റെ കുടുംബം. മകന് കടന്ന് വന്നത് കഠിന വഴികളിലൂടെയാണെന്ന് അമ്മ പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്എയായി തെരഞ്ഞെടുത്തത് തന്നെ അപ്രതീക്ഷിതമായിരുന്നുവെന്നും പുഷ്പ പറഞ്ഞു. മന്ത്രിപദവി ഇരട്ടി മധുരവുമായി. ജനീഷിന്റെ കഠിന പ്രയ്ത്നത്തിനുള്ള പ്രതിഫലമാണ് ഈ മന്ത്രിസ്ഥാനമെന്നായിരുന്നു ഭാര്യ ശ്രീലക്ഷ്മിയുടെ പ്രതികരണം.
തൃശ്ശൂർ ജില്ലയിലെ കുഴൂരിൽ ഓടാശ്ശേരി ജനരഞ്ജൻ–പുഷ്പ ദമ്പതികളുടെ മൂത്ത മകനായി 1988-ലാണ് ഒ. ജെ. ജനീഷ് ജനിച്ചത്. കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിലും പുത്തൻവേലിക്കര വി.സി.എസ്എച്ച്.എസ്.എസ്-ലുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് പെരുമ്പാവൂർ ഗവൺമെന്റ് പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ നേടി. 2019-ൽ തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിബിഎ എൽഎൽബി ബിരുദവും നേടി. എൻറോൾ ചെയ്ത ശേഷം ചാലക്കുടിയിലെ പ്രമുഖ അഭിഭാഷകൻ എം.കെ റോയിയുടെ ജൂനിയറായി പ്രവർത്തിച്ചുവരികയാണ്.
വിദ്യാർത്ഥി ജീവിതം മുതൽ സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജനീഷ് കെ.എസ്.യു പ്രവർത്തകനായാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നത്. സംഘടനാ പ്രവർത്തനത്തിലൂടെ യുവജനങ്ങളിൽ സ്വാധീനമുറപ്പിച്ച അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ തൃശ്ശൂർ ജില്ലാ അധ്യക്ഷനായും സംസ്ഥാന ഉപാധ്യക്ഷനായും പ്രവർത്തിച്ചു. ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനാണ്.
സാമൂഹിക വിഷയങ്ങളിലും യുവജനങ്ങളുടെ അവകാശങ്ങൾക്കുമായി നടത്തിയ സജീവ ഇടപെടലുകളിലൂടെ സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ യുവ നേതാവായി ജനീഷ് മാറി. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന നേതൃത്വശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. നിരവധി ജനകീയ സമര പരിപാടികളിൽ പങ്കെടുത്ത അദ്ദേഹം പലതവണ പൊലീസ് മർദ്ദനത്തിനും കേസുകൾക്കും ഇരയായിട്ടുണ്ട്. പാലിയേക്കര ടോൾ സമരവും അതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളും ജനീഷിന്റെ ജനകീയ ഇടപെടലുകൾക്ക് ഉദാഹരണമാണ്. ഇതിനെ തുടർന്നാണ് പാലിയേക്കരയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെപ്പിച്ചത്.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക പൈതൃകത്തിന്റെ അഭിമാന കേന്ദ്രമായ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം നിയമസഭയില് എത്തിയിരിക്കുന്നത്. മുസിരിസ് സംസ്കാര പൈതൃകവും ചരിത്രപ്രാധാന്യവും നിറഞ്ഞ ഈ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും വ്യക്തമായ കാഴ്ചപ്പാടുകള് ഈ യുവാവിനുണ്ട്.
അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ഭാര്യ. ധനേഷ് ഏക സഹോദരനാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR