Enter your Email Address to subscribe to our newsletters

Malappuram , 18 മെയ് (H.S.)
മുൻ എംഎൽഎയും മികച്ച നിയമസഭാ സാമാജികനുമായിരുന്ന പി സീതി ഹാജിയുടെ മകനാണ് പികെ ബഷീർ. ഏറനാട് നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടി അദ്ദേഹം ഇപ്പോൾ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുകയാണ്. മുസ്ലിം ലീഗിൻ്റെ വിദ്യാർഥി വിഭാഗമായ എംഎസ്എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ചത്.
സ്വന്തം നാടായ എടവണ്ണയിൽ നിന്നാണ് ബഷീർ സംഘടനാ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിതാവിൻ്റെ ജനകീയ പാതയിലൂടെ അദ്ദേഹം സഞ്ചരിച്ചു. തൻ്റെ തനതായ ശൈലിയിലൂടെ അദ്ദേഹം സാധാരണക്കാരുടെ ഹൃദയത്തിൽ ഇടം നേടി. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിൻ്റെ നർമം കലർന്ന പ്രസംഗങ്ങൾക്കായി കാതോർക്കാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ച സംഘാടകൻ എന്ന പേരും പികെ ബഷീർ സ്വന്തമാക്കി. ഇന്ന് ലീഗിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് അദ്ദേഹം.
തുടക്കം വിദ്യാർഥി രാഷ്ട്രീയത്തിലൂടെ
മുൻ ചീഫ് വിപ്പ് കൂടിയായ പി സീതി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ് ബഷീർ. 1959 സെപ്റ്റംബർ 25നാണ് ജനനം. മലപ്പുറം ജില്ലയിലെ എടവണ്ണയാണ് അദ്ദേഹത്തിൻ്റെ സ്വദേശം. 1977ലാണ് അദ്ദേഹം തൻ്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നത്. പ്രാദേശിക തലത്തിൽ എംഎസ്എഫിലൂടെ ആയിരുന്നു രാഷ്ട്രീയത്തിലെ ആദ്യ തുടക്കം. മികച്ച സംഘാടകൻ എന്ന നിലയിൽ അദ്ദേഹം പെട്ടെന്ന് നേതൃനിരയിലേക്ക് ഉയർന്നു. പിന്നീട് മുസ്ലിം യൂത്ത് ലീഗിലും അദ്ദേഹം സജീവ സാന്നിധ്യമായി മാറി. 1985 മുതൽ 1990 വരെ യൂത്ത് ലീഗ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായി പികെ ബഷീർ സേവനം അനുഷ്ഠിച്ചു.
നേതൃനിരയിലേക്കുള്ള വളർച്ച
പാർട്ടിയുടെ സംഘടനാ തലത്തിൽ പടിപടിയായാണ് ബഷീർ വളർന്നുവന്നത്. 1991 മുതൽ 1995 വരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റായി അദ്ദേഹം പ്രവർത്തിച്ചു. ഇതിനിടയിൽ 1990 മുതൽ 1995 വരെ ലീഗ് വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 1996 മുതൽ 2001 വരെ സംസ്ഥാന പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ 2017 വരെ ഏറനാട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമായിരുന്നു. മികച്ച പ്രവർത്തന മികവ് കാരണം 2004 മുതൽ അദ്ദേഹം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി തുടരുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം
എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആയാണ് ബഷീർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായും അദ്ദേഹം വിജയിച്ചു കയറി. ഭരണരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം സഹകരണ മേഖലയിലും തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സഹകരണ മേഖലയിലെ അദ്ദേഹത്തിൻ്റെ ശക്തമായ ഇടപെടലുകൾ നാടിൻ്റെ സാമ്പത്തിക വളർച്ചക്ക് ഏറെ സഹായകമായി. ജില്ലയിലെ പ്രധാന സ്ഥാപനങ്ങളെ നയിക്കാൻ ലഭിച്ച അവസരം അദ്ദേഹം മികച്ച രീതിയിൽ വിനിയോഗിച്ചു. 13 വർഷത്തോളം എടവണ്ണ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി അദ്ദേഹം പ്രവർത്തിച്ചു. കൂടാതെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പുതിയ മണ്ഡലമായി ഏറനാട് രൂപീകരിച്ച ശേഷം അവിടെ നിന്നും തുടർച്ചയായി വിജയിക്കുന്ന നേതാവാണ് അദ്ദേഹം. ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന അദ്ദേഹത്തിൻ്റെ പ്രകൃതം ഏറെ ശ്രദ്ധേയമാണ്. നിയമസഭയ്ക്കകത്തും പുറത്തും സ്വന്തം നിലപാടുകൾ കൃത്യമായി അവതരിപ്പിക്കാൻ പികെ ബഷീറിന് കഴിയും. വിദ്യാർഥി, യുവജന വിഷയങ്ങളിൽ അദ്ദേഹം എന്നും അനുഭാവപൂർവമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. പാർട്ടിക്കും മുന്നണിക്കും വലിയ ഊർജം പകരുന്ന മികച്ച സാമാജികനാണ് ബഷീർ. വലിയൊരു ചുമതലയുമായി മന്ത്രിസഭയിലേക്ക് കൂടി അദ്ദേഹം എത്തുമ്പോൾ സാധാരണക്കാർക്ക് പ്രതീക്ഷകൾ ഏറെയാണ്. പുതിയ ഉത്തരവാദിത്തം അദ്ദേഹം മികച്ച രീതിയിൽ നിർവഹിക്കുമെന്ന് തന്നെയാണ് ഈ നാടിൻ്റെ വിശ്വാസം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR