വ്യവസായ മന്ത്രിയായി വീണ്ടും മലപ്പുറത്തിൻ്റെ 'കുഞ്ഞാപ്പ
Thiruvananthapuram , 18 മെയ് (H.S.) കേരള രാഷ്ട്രീയത്തിലെ മുഖ്യ തന്ത്രജ്ഞരിൽ പ്രമുഖനാണ് പികെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിൻ്റെ സംഘടനാ അമരക്കാരനായ അദ്ദേഹം മികച്ച ഭരണാധികാരി കൂടിയാണ്. നിയമസഭാ ചരിത്രത്തിലെ മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വീണ്ടും വ്
P k kunjalikutty


Thiruvananthapuram , 18 മെയ് (H.S.)

കേരള രാഷ്ട്രീയത്തിലെ മുഖ്യ തന്ത്രജ്ഞരിൽ പ്രമുഖനാണ് പികെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിൻ്റെ സംഘടനാ അമരക്കാരനായ അദ്ദേഹം മികച്ച ഭരണാധികാരി കൂടിയാണ്. നിയമസഭാ ചരിത്രത്തിലെ മികച്ച ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വീണ്ടും വ്യവസായ മന്ത്രിയാകുന്നത്.

പുതിയ മന്ത്രിസഭയിൽ ലീഗിൻ്റെയും യുഡിഎഫിൻ്റെയും സ്വാധീനം വ്യക്തമാക്കുന്നതാണ് ജനങ്ങളുടെ ഈ പിന്തുണ. മുൻപ് അദ്ദേഹം വ്യവസായ, ഐടി വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. വികസനത്തിൻ്റെ പുതുവഴിയിലേക്ക് സംസ്ഥാനത്തെ നയിച്ച അദ്ദേഹത്തിൻ്റെ ഭരണപരിചയം വിഡി സതീശൻ സർക്കാരിന് വലിയ ഊർജമാകും. ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് പോലുള്ള സംരംഭങ്ങളിലൂടെ കേരളത്തിലേക്ക് വൻകിട ആഗോള നിക്ഷേപകരെ ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

കുഞ്ഞാലിക്കുട്ടിയോളം വിജയിച്ച മറ്റൊരു വ്യവസായ മന്ത്രി കേരള ചരിത്രത്തിലില്ല എന്നതാണ് യാഥാർഥ്യം. വ്യവസായ സൗഹൃദ കേരളം എന്ന സങ്കൽപത്തിന് അടിത്തറയിട്ട അദ്ദേഹം വീണ്ടും കസേരയിലേക്ക് മടങ്ങിയെത്തുകയാണ്. ഇതോടെ വ്യവസായ മേഖല വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

മുൻപ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണ് കൊച്ചി ഇൻഫോപാർക്ക് വികസനത്തിനും സ്മാർട്ട് സിറ്റിക്കും ജീവൻ വച്ചത്. ഐടി രംഗത്തും സംരംഭക സംസ്കാരത്തിലും കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഇന്നും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്രോതസ്സാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഗ്രീൻ എനർജി എന്നീ മേഖലകളിൽ സംസ്ഥാനത്തെ മുൻനിരയിൽ എത്തിക്കാൻ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിന് സാധിക്കുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നു. ഐടി അധിഷ്ഠിത യുവസംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഇവിടെ ശക്തമായ അടിത്തറയിട്ടതും അദ്ദേഹമാണ്.

തുടക്കം നഗരസഭയിൽ നിന്ന്മലപ്പുറത്ത് 1951ലാണ് പികെ കുഞ്ഞാലിക്കുട്ടി ജനിച്ചത്. വിദ്യാർഥി പ്രസ്ഥാനമായ എംഎസ്എഫിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. ചെറുപ്പത്തിൽ തന്നെ മികച്ച നേതൃപാടവം അദ്ദേഹം തെളിയിച്ചു. 29-ാം വയസ്സിൽ മലപ്പുറം നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1980ലായിരുന്നു ഇത്. ഒരു നഗരത്തെ വികസനത്തിലേക്ക് നയിക്കാനുള്ള പാഠങ്ങൾ പഠിച്ചതും നടപ്പിലാക്കിയതും ഇവിടെനിന്നാണ്.

1982ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. ഇതോടെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിലേക്ക് ചുവടുവച്ചു. മലപ്പുറം, വേങ്ങര മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രധാനമായും പ്രതിനിധീകരിച്ചത്. പിന്നീട് ഏഴ് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മുസ്ലിം ലീഗിൻ്റെയും യുഡിഎഫിൻ്റെയും ശക്തനായ ശബ്ദമായി അദ്ദേഹം മാറി. സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരത്തിൻ്റെ ഇടനാഴികളെയും മുന്നണി സമവായങ്ങളെയും ഒരുപോലെ നിയന്ത്രിച്ച തന്ത്രജ്ഞൻ കൂടിയാണ് അദ്ദേഹം.

കേരളത്തെ നയിച്ച മന്ത്രിപദവികൾസംസ്ഥാനത്തിൻ്റെ സാമ്പത്തിക, വ്യവസായ മേഖലകളെ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. നാല് വ്യത്യസ്ത യുഡിഎഫ് മന്ത്രിസഭകളിലായി പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. കെ കരുണാകരൻ മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന മന്ത്രിയായി ചുമതലയേറ്റു.

1991 മുതൽ 1995 വരെയായിരുന്നു ഇത്. വ്യവസായം, സാമൂഹിക ക്ഷേമം എന്നീ വകുപ്പുകളായിരുന്നു അന്ന് ലഭിച്ചത്. എകെ ആൻ്റണി മന്ത്രിസഭയിൽ വ്യവസായത്തോടൊപ്പം നഗരവികസന ചുമതലയും അദ്ദേഹം വഹിച്ചു. പിന്നീട് 2001ലെ ആൻ്റണി മന്ത്രിസഭയിൽ വ്യവസായ, വിവരസാങ്കേതിക മന്ത്രിയായി എത്തി. ഈ കാലയളവിലാണ് സംസ്ഥാനത്ത് ഐടി വിപ്ലവത്തിന് തുടക്കമിട്ടത്. 2011ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിസഭയിലെ രണ്ടാമനായി തിളങ്ങി. വാണിജ്യ വകുപ്പും ആ സമയം അദ്ദേഹം കൈകാര്യം ചെയ്തു.

ദേശീയ രാഷ്ട്രീയത്തിൽസംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുത്ത് ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. മുതിർന്ന നേതാവ് ഇ അഹമ്മദിൻ്റെ നിര്യാണത്തെ തുടർന്ന് 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം ലോക്സഭയിലെത്തിയത്. മലപ്പുറം മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2019ലെ പൊതുതെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി.

യുപിഎ സഖ്യത്തിൻ്റെ പ്രധാന ചർച്ചകളിൽ ഡൽഹിയിൽ അദ്ദേഹം പങ്കാളിയായി. പദവികൾക്ക് പുറമെ സംഘടനാരംഗത്തും അദ്ദേഹം ഉയർന്ന ചുമതലകൾ വഹിക്കുന്നുണ്ട്. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, ഉന്നതാധികാര സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പാർട്ടിയുടെ പ്രധാന രാഷ്ട്രീയ തീരുമാനങ്ങളും തന്ത്രങ്ങളും രൂപീകരിക്കുന്നത് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News