Enter your Email Address to subscribe to our newsletters

Kasaragod,18 മെയ് (H.S.)
ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ അതിദാരുണമായി കുത്തിക്കൊന്നു. കുഡ്ലു ബദ്രു സ്വദേശി സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു.
കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്രിക്കറ്റ് കളിയുടെ സംഘടകനായിരുന്നു സുരേഷ്. ഇവിടെ വച്ചുണ്ടായ തർക്കിൻ്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. കുമ്പഡാജെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സുരേഷ്. നാട്ടുകാർക്കിടയിൽ ഏറെ സ്വീകാര്യനായ വ്യക്തിയായിരുന്നു ഇദ്ദേഹം. മകൻ സുഭാഷിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മാപ്പിനടുക്ക ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തുവച്ച് രാത്രി 9.30നാണ് അക്രമം നടന്നത്. ഇവിടെ നിൽക്കുകയായിരുന്ന സുരേഷിൻ്റെ അടുത്തേക്ക് കിരൺ പെട്ടെന്നെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. രണ്ടാമത്തെ പ്രതിയായ അഖിലേഷും ഈ സമയം ഇയാൾക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. രാത്രിയായതിനാൽ പ്രദേശത്ത് ആളുകൾ വളരെ കുറവായിരുന്നു. അതിനാൽ സംഭവം പെട്ടെന്ന് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല.
കുത്തേറ്റ സുരേഷിൻ്റെ ഉറക്കെയുള്ള നിലവിളികേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന ഇദ്ദേഹത്തെ നാട്ടുകാർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
അന്വേഷണം ഊർജിതംസംഭവസ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരെത്തി വിശദമായ പരിശോധനകൾ നടത്തി. ഇതിന് പുറമെ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ കാസർകോട് അതിർത്തി കടന്ന് കർണാടകയിലേക്ക് പോയോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ അതിർത്തി പ്രദേശങ്ങളിലേക്ക് അയച്ചു.
പ്രതികൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന അതിർത്തികളിലെല്ലാം വെഹിക്കിൾ പരിശോധനകളും ശക്തമാക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് ഊർജിതമായി നടത്തുന്നുണ്ട്.
പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായസംഹിത പ്രകാരം 103(1), 3(5) എന്നീ വകുപ്പുകൾ ചുമത്തിയാണ് ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇൻസ്പെക്ടർ ആർ.പി അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണമായ മുറിവുകളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR