Enter your Email Address to subscribe to our newsletters

Kottayam , 18 മെയ് (H.S.)
കേരള നിയമസഭയുടെ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചുമതലയേൽക്കും. കോട്ടയം മണ്ഡലത്തിൽ നിന്നും തുടർച്ചയായി മൂന്നാം തവണയും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം മുൻ ആഭ്യന്തര മന്ത്രി കൂടിയാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ നിർണായക പദവികൾ വഹിച്ച തിരുവഞ്ചൂർ ഇനി നിയമസഭയെ സജീവമായി നിയന്ത്രിക്കും.
രാഷ്ട്രീയ രംഗത്തെ ഉന്നത പദവിയിലേക്കാണ് അദ്ദേഹം ഇപ്പോൾ എത്തുന്നത്. കെ.പി പരമേശ്വരൻ പിള്ളയുടെയും എം.ജി ഗൗരിക്കുട്ടി അമ്മയുടെയും മകനായി 1949 ഡിസംബർ 26നാണ് ജനനം. കോട്ടയം ജില്ലയിലെ തിരുവഞ്ചൂർ ആണ് സ്വദേശം. കോൺഗ്രസിൻ്റെ വിദ്യാർഥി വിഭാഗമായ കെഎസ്യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ചത്. നിയമസഭ നിയന്ത്രിക്കാൻ കാർക്കശ്യവും സൗമ്യതയും ഒരുപോലെ വഴങ്ങുന്ന നേതാവാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാഷ്ട്രീയ പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെയും മുന്നണിയെയും സംരക്ഷിക്കാൻ അദ്ദേഹം എപ്പോഴും മുന്നിലുണ്ടായിരുന്നു. കാൽനൂറ്റാണ്ടോളം കാലം അദ്ദേഹം അടൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. പിന്നീട് അദ്ദേഹം തൻ്റെ പ്രവർത്തന മണ്ഡലം കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.
വിദ്യാഭ്യാസവും വിദ്യാർഥി രാഷ്ട്രീയവുംകോട്ടയം എംടി സെമിനാരി സ്കൂളിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കോട്ടയം ബസേലിയസ് കോളജിൽ നിന്നും ബിരുദം പൂർത്തിയാക്കി. ഇതിനുശേഷം തിരുവനന്തപുരം ഗവൺമെൻ്റ് ലോ കോളജിൽ നിന്നും നിയമ ബിരുദവും അദ്ദേഹം കരസ്ഥമാക്കി.
1967ൽ കെഎസ്യുവിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായാണ് രാഷ്ട്രീയത്തിലെ ആദ്യത്തെ സുപ്രധാന ചുവടുവയ്പ്പ്. പിന്നീട് 1969ൽ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അദ്ദേഹം ചുമതലയേറ്റു. വിദ്യാർഥി രാഷ്ട്രീയത്തിൽ തിളങ്ങിയ അദ്ദേഹം 1971ൽ കേരള സർവകലാശാല ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് 1973ൽ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായും മികവ് തെളിയിച്ചു.
സംഘടനാ രംഗത്തെ മികവ്1974 മുതൽ 1977 വരെ കെഎസ്യുവിൻ്റെ സംസ്ഥാന പ്രസിഡൻ്റായിരുന്നു തിരുവഞ്ചൂർ. തുടർന്ന് 1978ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയെടുത്തു. 1982 വരെ ആ സ്ഥാനത്ത് സജീവമായി തുടർന്നു. പിന്നീട് 1982 മുതൽ 1984 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് പദവിയും അദ്ദേഹം വഹിച്ചു.
സംഘടനാ മികവ് തെളിയിച്ച അദ്ദേഹം പിന്നീട് കെപിസിസി നേതൃത്വത്തിലേക്ക് വലിയ മുന്നേറ്റം നടത്തി. 1984 മുതൽ 2001 വരെ നീളുന്ന 15 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. വിവിധ ജില്ലകളിലെ സംഘടനാ ചുമതലകൾ വലിയ കൃത്യതയോടെ നിർവഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മന്ത്രിസഭയിലെ കരുത്തൻ
2004ലെ ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിലൂടെയാണ് തിരുവഞ്ചൂർ ആദ്യമായി മന്ത്രിസഭയിൽ എത്തിയത്. ജലവിഭവം, വനം, ആരോഗ്യം, പാർലമെൻ്ററി കാര്യം എന്നീ സുപ്രധാന വകുപ്പുകളായിരുന്നു അദ്ദേഹം അന്ന് കൈകാര്യം ചെയ്തത്. ഭരണരംഗത്ത് ശ്രദ്ധേയമായ പല ഭരണപരിഷ്കാരങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. പാമോയിൽ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് 2011 ഓഗസ്റ്റ് ഒൻപതിന് വിജിലൻസ് വകുപ്പിൻ്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി.
പിന്നീട് 2012 ഏപ്രിൽ 12ന് കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടായി. ഇതിലൂടെ തിരുവഞ്ചൂർ രാധാകൃഷ്ണന് സംസ്ഥാനത്തിൻ്റെ അഭ്യന്തര വകുപ്പിൻ്റെ ചുമതല ലഭിച്ചു. അദ്ദേഹത്തിൻ്റെ കൈവശമുണ്ടായിരുന്ന റവന്യൂ വകുപ്പ് അടൂർ പ്രകാശിന് നൽകുകയും ചെയ്തു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ സുപ്രധാന കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തു. പൊലീസിലെ ആധുനികവത്കരണത്തിനും അദ്ദേഹം മുൻകൈയെടുത്തു. പുതിയ പദവിയിൽ തിരുവഞ്ചൂരിൻ്റെ പാർലമെൻ്ററി അനുഭവസമ്പത്തും നിയമപരിജ്ഞാനവും കേരളത്തിന് ഗുണം ചെയ്യും. ലളിതാംബിക രാധാകൃഷ്ണനാണ് ഭാര്യ. ഡോ. അനുപം, ആതിര, അർജുൻ എന്നിവരാണ് മക്കൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR