നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ നടപ്പാക്കി മുഖ്യമന്ത്രി വി ഡി സതീശൻ.
Thiruvananthapuram , 18 മെയ് (H.S.) നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ നടപ്പാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയായ ഇന്ദിര ഗാരൻ്റിയിൽ ഉൾപ്പെടുത്തിയിരുന്ന രണ്ട് സുപ്രധാന പദ
V D Satheeshan


Thiruvananthapuram , 18 മെയ് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ നടപ്പാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. തെരഞ്ഞെടുപ്പ് പ്രകടന പത്രികയായ ഇന്ദിര ഗാരൻ്റിയിൽ ഉൾപ്പെടുത്തിയിരുന്ന രണ്ട് സുപ്രധാന പദ്ധതികളാണ് പുതിയ സർക്കാർ അതിവേഗം പ്രാബല്യത്തിൽ കൊണ്ടുവരുന്നത് എന്ന് അദ്ദേഹം അറിയിച്ചു.

ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് പൂർണമായും സൗജന്യയാത്ര അനുവദിക്കാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ സർക്കാർ തീരുമാനിച്ചു. വരുന്ന ജൂൺ 15 മുതൽ ഈ പുതിയ സൗകര്യം നിലവിൽ വരും. പദ്ധതിയുടെ സാമ്പത്തിക ബാധ്യതകളും മറ്റ് വിശദാംശങ്ങളും ഗതാഗത വകുപ്പ് പരിശോധിച്ച് പിന്നീട് പ്രഖ്യാപിക്കും. സംസ്ഥാനത്തെ വനിതകളുടെ യാത്രാക്ലേശം ഗണ്യമായി കുറയ്ക്കാനും തൊഴിലിടങ്ങളിലേക്കുള്ള അവരുടെ യാത്ര പൂർണമായും സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം സർക്കാർ കൈക്കൊണ്ടത്.

വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്

മുതിർന്ന പൗരന്മാർക്കായി സംസ്ഥാനത്ത് പുതിയൊരു വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തു. ജപ്പാൻ്റെ മാതൃകയിലാകും ഈ പുതിയ വകുപ്പിൻ്റെ പ്രവർത്തനങ്ങൾ സർക്കാർ ഏകോപിപ്പിക്കുക. ഒരു സമൂഹത്തിൻ്റെ സാംസ്കാരിക നിലവാരം അളക്കുന്നത് അവർ മുതിർന്ന പൗരന്മാരോട് കാണിക്കുന്ന പെരുമാറ്റത്തിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ വയോജനങ്ങളെ ചേർത്തുപിടിക്കുന്ന കരുതൽ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വിദഗ്ധ സമിതിയുടെ വിശദപഠനം ഉടൻ നടത്തും. വയോജനങ്ങളുടെ ആരോഗ്യം, സാമ്പത്തിക സുരക്ഷ, ഒറ്റപ്പെടൽ ഒഴിവാക്കാനുള്ള ഇടപെടലുകൾ എന്നിവ ഈ വകുപ്പിന് കീഴിൽ കൊണ്ടുവരും. പ്രായമായവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ ഈ പുതിയ നടപടി.

വേതന വർധന

ആരോഗ്യ മേഖലയിൽ മികച്ച സേവനം നൽകുന്ന ആശാവർക്കർമാർക്കുള്ള ഉറപ്പുകൾ ഗവൺമെൻ്റ് പാലിച്ചു. ഇവർ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അതേപടി നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ആദ്യഘട്ട നടപടിയായി ഇവരുടെ വേതനത്തിൽ 3000 രൂപയുടെ വർധന പ്രഖ്യാപിച്ചു. ഇതോടെ നിലവിൽ 9000 രൂപ ലഭിച്ചിരുന്നവർക്ക് ഇനി മുതൽ 12000 രൂപ വേതനമായി കിട്ടും.

കൂടാതെ ഇവർക്ക് റിട്ടയർമെൻ്റ് വേളയിൽ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും സർക്കാരിൻ്റെ സജീവ പരിഗണനയിലാണ്. ഇതിനുപുറമെ സംസ്ഥാനത്തെ അംഗൻവാടി വർക്കർമാർ, സ്കൂളുകളിലെ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനത്തിലും 1000 രൂപ വീതം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തു. താഴെത്തട്ടിലുള്ള ജീവനക്കാരെ സഹായിക്കുക എന്നതാണ് സർക്കാരിൻ്റെ പ്രഥമ ലക്ഷ്യം.

കൂടുതൽ തീരുമാനങ്ങൾപുതിയ നിയമസഭയുടെ പ്രത്യേക സമ്മേളനം ഈ മാസം 21ന് ആരംഭിക്കും. തുടർന്ന് 29നാണ് സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം നടക്കുക. സഭയിലെ മുതിർന്ന അംഗമായ അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെ പ്രോടേം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ പുതിയ അഡ്വക്കറ്റ് ജനറലായി (എജി) കെ ജാജു ബാബുവിനെ നിയമിച്ചു. ടി ആസഫലിയാണ് പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രതിഷേധ പരിപാടിക്കിടെ കരിങ്കൊടി കാണിച്ചവരെ മർദിച്ചു എന്നതാണ് കേസ്.

ആലപ്പുഴ മജിസ്ട്രേറ്റ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ട പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. സംസ്ഥാനത്തിൻ്റെ യഥാർഥ സാമ്പത്തികസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ സമഗ്രമായ ധവളപത്രമിറക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമ പ്രവർത്തകർക്ക് ഇതുവരെയുണ്ടായിരുന്ന വിലക്കിനെക്കുറിച്ച് പരിശോധിക്കുമെന്നും ഇത് ഒഴിവാക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News