Enter your Email Address to subscribe to our newsletters

Thiruvananthapuram , 18 മെയ് (H.S.)
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ കൊണ്ടും ശക്തമായ അഡ്മിനിസ്ട്രേറ്റീവ് മികവുകൊണ്ടും ജനശ്രദ്ധ നേടിയ നേതാവാണ് കെ. മുരളീധരൻ. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം നേടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ അദ്ദേഹം വീണ്ടും മന്ത്രിയാകുകയാണ്. വി.ഡി. സതീശൻ മന്ത്രിസഭയിൽ എടുത്തുപറയേണ്ട ഏറ്റവും നിർണായകമായ വകുപ്പുമാറ്റങ്ങളിൽ ഒന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന് ലഭിച്ച വലിയ ഉത്തരവാദിത്തം. നേരത്തെ പ്രവചിക്കപ്പെട്ടിരുന്ന വകുപ്പുകളിൽ നിന്ന് മാറി, ഭരണത്തിന്റെ ഏറ്റവും സുപ്രധാനമായ ആരോഗ്യം, ദേവസ്വം വകുപ്പുകളുടെ തലപ്പത്തേക്ക് കെ. മുരളീധരൻ എത്തുമ്പോൾ അത് രാഷ്ട്രീയ കേരളത്തിൽ വലിയൊരു ചർച്ചയായി മാറുകയാണ്.
പാർട്ടിക്കുള്ളിലെയും മുന്നണിയിലെയും കഠിനമായ വെല്ലുവിളികൾ അതിജീവിച്ച് ജനപ്രീതിയുടെ കരുത്തിൽ ഭരണ നേതൃത്വത്തിലേക്ക് തിരിച്ചെത്തിയ മുരളീധരന്, ജനങ്ങളുമായി ഏറ്റവും അടുത്തുകിടക്കുന്ന രണ്ട് വൻ വകുപ്പുകളാണ് മുഖ്യമന്ത്രി കാത്തുവച്ചിരുന്നത്.
ആരോഗ്യരംഗത്തെ പുതിയ പ്രത്യാശ
കേരളം എക്കാലത്തും അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണ് ഇവിടുത്തെ ആരോഗ്യ മാതൃക. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഈ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളും ഭരണപരമായ വെല്ലുവിളികളും ചെറുതല്ല. ഈ സാഹചര്യത്തിലാണ് ഭരണപരമായ മികവും ദീർഘവീക്ഷണവുമുള്ള കെ. മുരളീധരൻ ആരോഗ്യവകുപ്പിൻ്റെ തലപ്പത്തേക്ക് വരുന്നത്. സാധാരണക്കാരന് മികച്ച ചികിത്സ ഉറപ്പാക്കുക, മെഡിക്കൽ കോളജുകളുടെ നിലവാരം ഉയർത്തുക, സാമ്പത്തിക പ്രതിസന്ധി മറികടന്ന് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നീ വലിയ ദൗത്യങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ലീഡർ കെ. കരുണാകരൻ്റെ ഭരണശൈലി നെഞ്ചേറ്റുന്ന മുരളീധരൻ്റെ 'ആക്ഷൻ പ്ലാനുകൾ' ആരോഗ്യമേഖലയ്ക്ക് പുതിയ ജീവൻ നൽകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
വിശ്വാസവും ഭരണവും; ദേവസ്വത്തിലെ സന്തുലനം
ആരോഗ്യവകുപ്പിനൊപ്പം ദേവസ്വം വകുപ്പുകൂടി മുരളീധരൻ്റെ കൈകളിൽ എത്തുമ്പോൾ അത് കൃത്യമായൊരു രാഷ്ട്രീയ സന്ദേശം കൂടിയാണ്. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളും, വിശ്വാസികളുടെ വികാരങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സുതാര്യമായ ഭരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം. സാമുദായിക സമവാക്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അതീവ വൈദഗ്ധ്യമുള്ള മുരളീധരൻ ദേവസ്വം മന്ത്രിയാകുന്നത് ഭക്തജനങ്ങൾക്കിടയിലും വലിയ സ്വീകാര്യതയാണ് നൽകുന്നത്. മലബാറിലെയും തിരുവിതാംകൂറിലെയും ക്ഷേത്ര ഭരണ സമിതികളെ കൂടുതൽ ജനകീയമാക്കാനുള്ള നടപടികൾ അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഉറപ്പാണ്.
തോൽവികളിൽ പതറാത്ത പോരാട്ട വീര്യം, മുമ്പിൽ നടന്ന് മുരളീധരൻ
ജയത്തിൽ മതിമറക്കാതെ തോൽവികളിൽ അടിപതറാതെ മുന്നോട്ട് പോയ സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാവാണ് കെ.മുരളീധരൻ. പാർട്ടി നിർദേശിച്ചാൽ ജയമോ തോൽവിയോ നോക്കാതെ ഏത് മണ്ഡലത്തിലും മത്സരസന്നദ്ധത അറിയിച്ചയാളാണ് അദ്ദേഹം. മിന്നുന്ന വിജയം നേടിയ മുന്നണിയുടെ തെക്കൻ കേരളത്തിലെ ചുമതല വഹിച്ചതും ഇദ്ദേഹമാണ്.
ഹൈന്ദവ വിശ്വാസിയായ ലീഡറെ പോലെ ഗുരുവായൂരപ്പൻ്റെ ഭക്തനായ മുരളീധരൻ പക്ഷേ വർഗീയമായി പരാമർശനം നടത്തിയെന്നോ അത്തരത്തിൽ നിലപാടെടുത്തുവെന്നോ ഇതുവരെ ഒരു ആരോപണവും പൊതു സമൂഹത്തിൽ നിന്നും ഉയർന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിക്കെതിരായി കടുത്ത മത്സരം മുന്നോട്ട് വെച്ച അദ്ദേഹം സംഘപരിവാർ എക്കാലത്തെയും രാഷ്ട്രീയ പ്രതിയോഗിയായി നിശ്ചയിച്ചിട്ടുണ്ട്. ഇത്തവണ നിയമസഭാ തെരഞ്ഞെടുഫപ്പിൽ വട്ടിയൂർക്കാവിൽ നിന്നും വിജയിച്ച് കയറിയതോടെയാണ് മുരളീധരനെ പാർട്ടി മന്ത്രിയെന്ന ദൗത്യമേൽപ്പിക്കുന്നത്.
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി 1957 മേയ് 14ന് തൃശൂരിലാണ് കണ്ണോത്ത് മുരളീധരൻ എന്ന കെ. മുരളീധരൻ ജനിച്ചത്. തൃശൂർ പൂങ്കുന്നം ഗവ. ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളീധരൻ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി. സേവാദൾ പ്രവർത്തകനായാണ് കെ. മുരളീധരന്റെ രാഷ്ട്രീയ പ്രവേശനം. 1989ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് സി.പി.എം നേതാവായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തി ആദ്യമായി ലോക്സഭ അംഗമായി. 1991ൽ കോഴിക്കോട് നിന്നും 1998ൽ തൃശൂരിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1999-2001 കാലഘട്ടത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി. 1999ൽ കോഴിക്കോട് നിന്ന് വീണ്ടും ലോക്സഭയിൽ അംഗമായി. 2001-2004 കാലഘട്ടത്തിൽ കെ.പി.സി.സി പ്രസിഡന്റായി പ്രവർത്തിച്ചു. 2004 ഫെബ്രുവരിയിൽ എ.കെ. ആന്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായി മുരളീധരൻ ചുമതലയേറ്റു. എന്നാൽ ആറു മാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാൽ 2004 മെയ് 14ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായി.
2016ൽ വട്ടിയൂർക്കാവിൽ നിന്ന് തന്നെ വീണ്ടും നിയമസഭയിലെത്തി. കെ.പി.സി.സി പ്രസിഡന്റായതിനെ തുടർന്ന് മത്സരരംഗത്ത് നിന്നൊഴിവായ മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുവാൻ വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന മുരളീധരനെ കോൺഗ്രസ് നിയോഗിച്ചതിനെ തുടർന്ന് എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഎമ്മിലെ പി.ജയരാജനെ പരാജയപ്പെടുത്തിയ കെ.മുരളീധരൻ 1999ന് ശേഷം വീണ്ടും ലോക്സഭ അംഗമായി. ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ചു. തുടർന്ന് 2019ൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് കോൺഗ്രസിന് നഷ്ടമായി.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച്, വിജയിക്കാനായില്ലങ്കിലും ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മാറി തൃശൂരിൽ എത്തി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തടുർന്നാണ് തന്റെ സ്വന്തം തട്ടകമായ വട്ടിയൂർക്കാവിലെത്തി ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് മികച്ച വിജയം നേടിയത്.
ജ്യോതിയാണ് ഭാര്യ. മക്കൾ: അരുൺ നാരായണൻ, ശബരീനാഥ്. മരുമക്കൾ: ആതിര, സോണിയ. ചെറുമക്കൾ: അനുഗ്രഹ, സെയ്ൻ ശബരീനാഥ്, ആഷർ ശബരീനാഥ്
---------------
Hindusthan Samachar / CHANDHU CHANDRASEKHAR