Enter your Email Address to subscribe to our newsletters

Kollam , 18 മെയ് (H.S.)
കൊല്ലം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കൊല്ലം ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിമർശനവും അമർഷവും. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നേതൃത്വത്തിന്റെ ശൈലിക്കെതിരെ അംഗങ്ങൾ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രത്യേക ഉപജാപക സംഘത്തിന്റെ പിടിയിലാണെന്നും പാർട്ടിക്ക് മുകളിൽ ഏകാധിപതിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു. ജനങ്ങളിൽ നിന്നും അണികളിൽ നിന്നും പാർട്ടി നേതൃത്വം അകന്നുപോകാൻ ഈ ശൈലി കാരണമായെന്നാണ് ഉയർന്നു വന്ന പ്രധാന ആക്ഷേപം.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും അഭൂതപൂർവമായ വിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ ഉണ്ടായത്. സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സംസ്ഥാന സെക്രട്ടറിയാണ് എം.വി. ഗോവിന്ദനെന്ന് യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് സമയത്ത് കൃത്യമായ രാഷ്ട്രീയ ലൈൻ സ്വീകരിക്കുന്നതിലും സംഘടനയെ സജ്ജമാക്കുന്നതിലും പരാജയപ്പെട്ട നേതൃത്വം തോൽവിയുടെ ഉത്തരവാദിത്തം താഴേത്തട്ടിലേക്ക് കെട്ടിവെക്കാൻ നോക്കേണ്ടതില്ലെന്നും കടുത്ത ഭാഷയിൽ വിമർശനമുയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നടന്ന യോഗങ്ങളിലും സമാനമായ രീതിയിൽ വലിയ തോതിലുള്ള അതൃപ്തിയാണ് ജില്ലയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും പങ്കുവെച്ചത്.
2026 മേയ് 4-ന് പുറത്തുവന്ന ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രകാരം, കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) വൻ ഭൂരിപക്ഷത്തോടെ വിജയം കൈവരിച്ചു.സീറ്റ് നില (ആകെ സീറ്റുകൾ: 140, ഭൂരിപക്ഷത്തിന് വേണ്ടത്: 71)
- യു.ഡി.എഫ് (UDF) : 102 സീറ്റുകൾ
- കോൺഗ്രസ് (INC): 63
- മുസ്ലിം ലീഗ് (IUML): 22
- കേരള കോൺഗ്രസ് (KEC): 7
- ആർ.എസ്.പി (RSP): 3
- മറ്റുള്ളവർ/സ്വതന്ത്രർ: 7
- എൽ.ഡി.എഫ് (LDF) : 35 സീറ്റുകൾ
- സി.പി.ഐ.എം (CPI-M): 26
- സി.പി.ഐ (CPI): 8
- മറ്റുള്ളവർ: 1
- എൻ.ഡി.എ (NDA) : 3 സീറ്റുകൾ
- ബി.ജെ.പി (BJP): 3
പ്രധാന വിവരങ്ങൾ
- ഭരണമാറ്റം: നിലവിലുണ്ടായിരുന്ന എൽ.ഡി.എഫ് സർക്കാരിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സഖ്യം അധികാരത്തിൽ വരുന്നത്.
- മുഖ്യ നേതൃത്വം: യു.ഡി.എഫിന്റെ വിജയത്തിൽ വി.ഡി. സതീശൻ (INC) നിർണ്ണായക പങ്കുവഹിച്ചു.
- വിലയിരുത്തൽ: 2021-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യു.ഡി.എഫ് സീറ്റുകളുടെ എണ്ണത്തിൽ വലിയ മുന്നേറ്റമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
---------------
Hindusthan Samachar / Roshith K