ഉമ്മൻചാണ്ടി കൈപിടിച്ചു നടത്തിയ പോരാട്ടവഴികളിലൂടെ വിഷ്ണുനാഥ് മന്ത്രിസഭയിലേക്ക്
Thiruvanathapuram, 18 മെയ് (H.S.) വിദ്യാർഥി രാഷ്ട്രീയത്തിന്റെ കനൽവഴികളിൽ നിന്ന് കേരളത്തിന്റെ ഭരണസിരകേന്ദ്രത്തിലേക്ക് പി.സി.വിഷ്ണുനാഥ്‌ നടന്നുകയറുകയാണ്. ജനകീയതയുടെ മാതൃകയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാമ്പസുകളിൽ നിന്ന് കണ്ടെത്തി വളർത്തിയെട
P C Vishnunath


Thiruvanathapuram, 18 മെയ് (H.S.)

വിദ്യാർഥി രാഷ്ട്രീയത്തിന്റെ കനൽവഴികളിൽ നിന്ന് കേരളത്തിന്റെ ഭരണസിരകേന്ദ്രത്തിലേക്ക് പി.സി.വിഷ്ണുനാഥ്‌ നടന്നുകയറുകയാണ്. ജനകീയതയുടെ മാതൃകയായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാമ്പസുകളിൽ നിന്ന് കണ്ടെത്തി വളർത്തിയെടുത്ത ആ യുവനേതാവ് ഇന്ന് മന്ത്രിയായി സ്ഥാനമേൽക്കുകയാണ്.

കെ.പി.സി.സി വർക്കിങ് പ്രസിഡന്റും കുണ്ടറ എം.എൽ.എയുമായ വിഷ്ണുനാഥിനെ 48-ാം വയസ്സിലാണ് മന്ത്രിപദവിയെന്ന വലിയ നിയോഗം തേടിയെത്തിയിരിക്കുന്നത്. ഉമ്മൻ‌ചാണ്ടി കൈപിടിച്ച് നടത്തിയ യുവനേതാവ് ഇന്ന് മന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ യശസ്സും വാനോളമുയരുന്നു.

​കേൾക്കാൻ സുഖമുള്ളൊരു പാട്ടുപോലെ ലളിതമാണ് വിഷ്ണുനാഥിന്റെ പൊതുജീവിതം. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം പിന്തുടരുന്നതും തന്റെ രാഷ്ട്രീയ ഗുരുവായ ഉമ്മൻ ചാണ്ടിയുടെ അതേ ജനകീയശൈലി തന്നെ. ശാസ്താംകോട്ട ഡി.ബി കോളജ് ആർട്സ് ക്ലബ് സെക്രട്ടറിയിൽ തുടങ്ങി കേരളത്തിന്റെ മന്ത്രിപദവി വരെയെത്തി നിൽക്കുന്ന വിഷ്ണുനാഥിന്റെ വളർച്ച കഠിനമായ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ്.

​കാമ്പസിൽ നിന്ന് നിയമസഭയിലേക്ക്

​തിരുവനന്തപുരം ലോ കോളജിൽ പഠിക്കുമ്പോൾ വിദ്യാർഥി സമരങ്ങളുടെ മുൻനിരയിൽ പി.സി ഉണ്ടായിരുന്നു. 2006ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായതോടെയാണ് വിഷ്ണുനാഥ് എന്ന സംഘാടകൻ കേരളത്തിന്റെ ശ്രദ്ധ നേടുന്നത്. അതേവർഷം തന്നെ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് കന്നിപ്പോരാട്ടത്തിന് പാർട്ടി നിയോഗിച്ചു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം.

​2011ലും ചെങ്ങന്നൂരിൽ നിന്ന് വിജയം ആവർത്തിച്ചു. സഭയ്ക്കുള്ളിൽ നർമ്മം കലർന്ന വാക്ചാതുര്യം കൊണ്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ നേരിടാൻ വിഷ്ണുനാഥിന് കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ മൂർച്ചയുള്ള രാഷ്ട്രീയ ആയുധവുമായിരുന്നു.

​വീഴ്ചകളിൽ നിന്ന് കരുത്തോടെ

​2016ൽ ചെങ്ങന്നൂരിൽ പരാജയം രുചിച്ചെങ്കിലും വിഷ്ണുനാഥിനെ പാർട്ടി കൈവിട്ടില്ല. കൂടുതൽ വലിയ സംഘടനാ ചുമതലകളാണ് അദ്ദേഹത്തെ തേടിയെത്തിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി എന്നീ നിലകളിൽ ദേശീയ രാഷ്ട്രീയത്തിൽ സജീവമായി. കർണാടക, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ നിർണായക വിജയങ്ങൾക്ക് പിന്നിൽ തന്ത്രങ്ങൾ മെനയാൻ വിഷ്ണുനാഥിന് കഴിഞ്ഞു.

​ഇടതുതരംഗം ആഞ്ഞടിച്ച 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് വിഷ്ണുനാഥിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് ഉണ്ടാകുന്നത്. അന്നത്തെ മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മയെ അവരുടെ തട്ടകമായ കുണ്ടറയിൽ അട്ടിമറിച്ച് പി.സി വമ്പൻ വിജയം നേടി. ഈ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചതോടെയാണ് മന്ത്രിസഭയിലേക്കുള്ള വഴി തുറന്നത്.

​സാധാരണ കുടുംബത്തിൽ നിന്ന് സാരഥ്യത്തിലേക്ക്

​ജല അതോറിറ്റി ജീവനക്കാരനായിരുന്ന ചെല്ലപ്പൻ പിള്ളയുടെയും ലീലയുടെയും ഇളയ മകനാണ് കൊല്ലം പുത്തൂർ മാവടി സ്വദേശിയായ വിഷ്ണുനാഥ്. കന്നഡ കവയിത്രി കനകഹാമയാണ് ഭാര്യ. മകൾ അന്നപൂർണ്ണേശ്വരി ദേവി. ലളിതമായ ജീവിതവും ജനങ്ങളോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയവും കൈമുതലായുള്ള വിഷ്ണുനാഥ്, പുതിയ ഭരണചുമതലയിലും ഉമ്മൻചാണ്ടി ശൈലിയുടെ കാരുണ്യവും വേഗതയും കാത്തുസൂക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് അണികളും നാടും.

---------------

Hindusthan Samachar / Sreejith S


Latest News