Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 മെയ് (H.S.)
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും ശക്തമായ മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ മഴവരെ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്.
ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലേക്കും, കന്യാകുമാരി പ്രദേശത്തിൻ്റെ ചില ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലും, ആൻഡമാൻ കടലിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിലുടനീളവും, കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങളിലും കാലവർഷം ശക്തമായിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സാധാരണഗതിയിൽ ജൂണ് ഒന്നിനാണ് കാലവര്ഷം എത്തുന്നത്. എന്നാൽ മഴ നേരത്തേയെത്തുന്നത് കനത്ത ചൂടില് ആശ്വാസമാകുന്നതിനൊപ്പം കര്ഷകർക്കും പ്രതീക്ഷയാണ്. ജലസേചനത്തിന് മഴ ഒരളവ് വരെ ഗുണം ചെയ്യുമെന്നതാണ് ഇതിന് പിന്നിലെ കാരണം. അതേസമയം, പസഫിക് സമുദ്രത്തില് രൂപപ്പെടുന്ന എല് നിനോ പ്രതിഭാസം കാലവര്ഷത്തെ ക്രമേണ ദുര്ബലമാക്കിയേക്കാമെന്ന ആശങ്കയും കാലാവസ്ഥാ നിരീക്ഷകര് മുൻപോട്ടുവയ്ക്കുന്നു.
മെയ് 26 നോ നാലുദിവസം മുന്പോ, ശേഷമോ കാലവര്ഷം കേരളത്തിലെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. തെക്കന് ബംഗാള് ഉള്ക്കടലിലെയും ആന്ഡമാന് കടലിലെയും ആന്ഡമാന് നിക്കോബാര് ദ്വീപിലെയും സാഹചര്യങ്ങള് കാലവര്ഷത്തിന് അനുകൂലമാണ്. കേരളത്തില് നിന്നാരംഭിക്കുന്ന കാലവര്ഷം ക്രമേണ വടക്കേയിന്ത്യയിലേക്കും വ്യാപിക്കുകയാണ് പതിവ്. എന്നാൽ കാലവർഷം നേരത്തെ എത്തിയതുകൊണ്ടുമാത്രം നല്ല മഴ ലഭിക്കണമെന്നില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR