Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 മെയ് (H.S.)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എമ്മിൽ ആഭ്യന്തര കലഹവും നേതൃത്വത്തിനെതിരെയുള്ള കലാപവും പുതിയ തലത്തിലേക്ക്. കൊല്ലം ജില്ലാ കമ്മിറ്റിക്ക് പിന്നാലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ തികഞ്ഞ പരാജയമാണെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും തുറന്നടിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം താഴേത്തട്ടിലുള്ള കമ്മിറ്റികളുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ സംസ്ഥാന നേതൃത്വം ശ്രമിക്കേണ്ടതില്ലെന്നും, പരാജയത്തിന്റെ പ്രധാന കാരണം പാർട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളാണെന്നും യോഗത്തിൽ വിമർശനമുയർന്നു.
കണ്ണൂർ കേന്ദ്രീകരിച്ച് സെക്രട്ടറി; പ്രചാരണം അനാഥമായി
തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനമൊട്ടാകെ ഓടിനടന്ന് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട പാർട്ടി സെക്രട്ടറി സ്വന്തം ജില്ലയായ കണ്ണൂരിൽ മാത്രം ഒതുങ്ങിക്കൂടിയതാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന പ്രധാന ആക്ഷേപം. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെ, അദ്ദേഹം പാർട്ടിയുടെ സംസ്ഥാനത്തെ പൊതുവായ പ്രചാരണ ചുമതലകൾ മറന്ന് കണ്ണൂരിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒരു സംസ്ഥാന സെക്രട്ടറിക്ക് ഉണ്ടാകേണ്ട അച്ചടക്കമോ രാഷ്ട്രീയ ദീർഘവീക്ഷണമോ അദ്ദേഹം കാണിച്ചില്ല. ഫലത്തിൽ, ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ പാർട്ടിക്ക് തന്ത്രപരമായ നേതൃത്വം നൽകാൻ കെൽപ്പുള്ള ആളില്ലാത്ത അവസ്ഥയായി മാറിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സെക്രട്ടറി
പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട സംസ്ഥാന സെക്രട്ടറിയാണ് എം.വി. ഗോവിന്ദനെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഇ.എം.എസ്സും ചടയൻ ഗോവിന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ള കരുത്തരായ നേതാക്കൾ ഇരുന്ന കസേരയിലിരുന്ന് പാർട്ടിയെ ഇത്രത്തോളം ദയനീയമായ തകർച്ചയിലേക്ക് നയിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം സെക്രട്ടറി ഏറ്റെടുക്കണമെന്നാണ് വികാരമുയർന്നത്.
അണികളെയും ജനങ്ങളെയും ഒരുപോലെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ അടവുനയങ്ങൾ രൂപീകരിക്കുന്നതിലും ഘടകകക്ഷികളെ ഏകോപിപ്പിക്കുന്നതിലും സംസ്ഥാന സെക്രട്ടറി പൂർണ്ണമായി പരാജയപ്പെട്ടു. സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തിരിച്ചറിയുന്നതിലോ അത് തിരുത്തുന്നതിലോ സെക്രട്ടറിക്ക് യാതൊരു പങ്കും വഹിക്കാൻ കഴിഞ്ഞില്ലെന്നും തിരുവനന്തപുരത്തെ മുതിർന്ന നേതാക്കൾ യോഗത്തിൽ തുറന്നടിച്ചു.
കൊല്ലത്തിന് പിന്നാലെ തലസ്ഥാനത്തെ പാർട്ടി കോട്ടകളിലും സംസ്ഥാന നേതൃത്വത്തിനെതിരെ ഇത്രയും കടുത്ത അമർഷം പുകയുന്നത് വരും ദിവസങ്ങളിൽ സി.പി.എമ്മിൽ വലിയ അഴിച്ചുപണികൾക്ക് വഴിതുറക്കുമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റി യോഗം ചേരാനിരിക്കെ, ജില്ലാ കമ്മിറ്റികളിൽ നിന്ന് ഉയരുന്ന ഈ പടയൊരുക്കം എം.വി. ഗോവിന്ദന്റെ സെക്രട്ടറി സ്ഥാനത്തിന് തന്നെ ഭീഷണിയാകുകയാണ്.
---------------
Hindusthan Samachar / Roshith K