ക്ലിക്കായി കാസർകോട്ടെ പൊളിറ്റിക്സ് മന്തി
Kasaragod , 19 മെയ് (H.S.) കേരളത്തിൽ പുതിയ സർക്കാർ രൂപീകരിച്ചതിൽ പലരും പല തരത്തിൽ സന്തോഷ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ചിലർ പടക്കം പൊട്ടിച്ചും മറ്റു ചിലർ വാഹനങ്ങളിൽ റോഡുകളിൽക്കൂടി റോന്ത് ചുറ്റിയുമൊക്ക, എന്നാല്, ഇതില് നിന്നുമൊക്കെ അൽപം വ്യത്യസ്തമായാ
Mandi


Kasaragod , 19 മെയ് (H.S.)

കേരളത്തിൽ പുതിയ സർക്കാർ രൂപീകരിച്ചതിൽ പലരും പല തരത്തിൽ സന്തോഷ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ചിലർ പടക്കം പൊട്ടിച്ചും മറ്റു ചിലർ വാഹനങ്ങളിൽ റോഡുകളിൽക്കൂടി റോന്ത് ചുറ്റിയുമൊക്ക, എന്നാല്, ഇതില് നിന്നുമൊക്കെ അൽപം വ്യത്യസ്തമായാണ് ചില ഹോട്ടലുടമകൾ വിജയം ആഘോഷിച്ചത്. വി.ഡി.സതീശൻ മുഖ്യമന്ത്രിയായ സന്തോഷത്തിൽ സതീശൻ എന്ന് പേരുള്ളവർക്കെല്ലാം ചിക്കൻ മന്തി നൽകിയാണ് മന്തിക്കടകൾ പുതിയ സർക്കാർ രൂപീകരണം ആഘോഷിച്ചത്.

പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവായ സന്തോഷത്തിൽ വിജയൻ എന്ന് പേരുള്ളവർക്കും മന്തി വിളമ്പി. കാസർകോട്ടാണ് ഈ വേറിട്ട ആഘോഷം നടന്നത്. സതീശൻ എന്ന് പേരുള്ളവർക്ക് തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട് മഡിയനിലുള്ള കാസ ഡൈൻ ഹോട്ടലിലായിരുന്നു സൗജന്യമായി മന്തി വിളമ്പിയത്. കാസർകോട് സിഗ്നേച്ചർ ബൈ മെട്രോയിൽ ആണ് വിജയൻ എന്ന് പേരുള്ളവർക്ക് മന്തി വിളമ്പിയത്. മുഖ്യമന്ത്രി പ്രഖ്യാപനം വന്ന വ്യാഴാഴ്ച രാവിലെ 11 മണി മുതലാണ് കാസ ഡൈൻ ഹോട്ടലിൽ മന്തി വിതരണം ചെയ്തത്.

ആധാർ കാർഡുമായെത്തി സതീശനെന്നാണ് പേരെന്ന് ബോധ്യപ്പെടുത്തി നിരവധിപേർ മന്തി കഴിച്ചിരുന്നു. വിവരം സാമൂഹികമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഇൻസ്റ്റയിലടക്കം ഈ പോസ്റ്റ് കണ്ട് ദൂരസ്ഥലങ്ങളിൽ നിന്നുപോലും സതീശൻ എന്നു പേരുള്ളവരെത്തിയെന്ന് ഹോട്ടലധികൃതർ പറഞ്ഞു.

ഇന്നലെ രാവിലെ മുതലാണ് സിഗ്നേച്ചർ ബൈ മെട്രോയിൽ മന്തി വിളമ്പിയത്. ആധാർ നോക്കി പേര് ഉറപ്പിച്ച ശേഷമാണ് ക്വാർട്ടർ ചിക്കൻ മന്തി നൽകിയത്. നിരവധിപേർ കുടുംബത്തോടൊപ്പമാണ് എത്തിയെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. ഇനി എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട കുട്ടികൾക്കും സൗജന്യ മന്തി വിതരണം ചെയ്യുമെന്ന് ഹോട്ടൽ മാനേജർ പറഞ്ഞു.

കൊച്ചിയിലും 'ട്രീറ്റ്'

സതീശനെന്ന പേരുകാര്ക്ക് കൊച്ചി റോയല് ഫുഡ് കോര്ട്ടിൻ്റെ വകയായും ഗംഭീര ട്രീറ്റ് ഒരുക്കിയിരുന്നു. അവിടെയും സതീശൻ എന്ന് പേര് തെളിയിക്കുന്ന തിരിച്ചറിയല് കാര്ഡുമായി എത്തുന്നവര്ക്കാണ് ഫ്രീ ബിരിയാണി ലഭിച്ചത്. വി ഡി സതീശനുള്ള ആദരവാണിതെന്നാണ് റോയല് ഫുഡ് കോര്ട്ട് അറിയിച്ചിരുന്നത്. എന്നാൽ വിജയൻ എന്ന പേരിൽ ആദ്യമായാണ് മന്തി വിളമ്പിയത്.

നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ വ്യത്യസ്ത ആഘോഷ പ്രകടനങ്ങൾ നടന്നിട്ടുണ്ട്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എയുടേയും ന്യൂ ജേഴ്സി ചാപ്റ്ററിൻ്റേയും ആഭിമുഖ്യത്തിൽ വിജയാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബെർഗെൻ കൗണ്ടിയിലുള്ള പരാമസ് സിറ്റി ഫയർ ഡിപ്പാർട്മെൻ്റ് ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്.

ആഘോഷം അങ്ങ് കാനഡയിലും...

കാസർകോട് മാത്രമല്ല, കാനഡയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഹാമിൽട്ടനിലെ കാർഡമം കിച്ചനിലും ജനകീയ ഓഫർ ഉണ്ടായിരുന്നു. മന്തിയല്ല ബിരിയാണി ആണെന്ന് മാത്രം. മലയാളികൾക്കിടയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ചയാകുന്നതിനിടെയാണ് ഇവിടെയും ബിരിയാണി വിളമ്പിയത്. കാനഡയിലെ ടൊറൻ്റോയ്ക്കും നയാഗ്രയ്ക്കും മധ്യേയുള്ള പ്രമുഖ നഗരമാണ് ഹാമിൽട്ടൻ. മലയാളി സമാജത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവുമുള്ള നാട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News