മണ്ണാർക്കാട് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻ ഷംസുദ്ദീൻ സംസ്ഥാനത്തിൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി
Palakkad,19 മെയ് (H.S.) മണ്ണാർക്കാട് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻ ഷംസുദ്ദീൻ സംസ്ഥാനത്തിൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി. യുഡിഎഫിൻ്റെ ഉരുക്കുകോട്ടയായ മണ്ണാർക്കാടിൽ നിന്ന് 25,903 വോട്ടു
N Samsudheen


Palakkad,19 മെയ് (H.S.)

മണ്ണാർക്കാട് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൻ ഷംസുദ്ദീൻ സംസ്ഥാനത്തിൻ്റെ പുതിയ വിദ്യാഭ്യാസ മന്ത്രി. യുഡിഎഫിൻ്റെ ഉരുക്കുകോട്ടയായ മണ്ണാർക്കാടിൽ നിന്ന് 25,903 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ഇത്തവണ വിജയിച്ചു കയറിയത് .

വി ഡി സതീശൻ്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ പുതിയ മന്ത്രിസഭയിലെ പ്രധാന മുഖങ്ങളിലൊന്നായിരിക്കും ഷംസുദ്ദീൻ.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന നേതൃത്വം

മലപ്പുറം ജില്ലയിലെ പറവണ്ണയിൽ എൻ മുഹമ്മദ് കുട്ടിയുടെയും വി വി മറിയക്കുട്ടിയുടെയും മകനായാണ് എൻ ഷംസുദ്ദീൻ്റെ ജനനം. പറവണ്ണ ഗവൺമെൻ്റ് ഹൈസ്കൂളിൽ സ്കൂൾ ലീഡറായി തുടക്കം കുറിച്ച അദ്ദേഹം മുസ്ലിം ലീഗിൻ്റെ വിദ്യാർഥി സംഘടനയായ എം എസ് എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്

തിരൂർ തുഞ്ചൻ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, കോഴിക്കോട് ഗവൺമെൻ്റ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നായി ബികോം, എൽ.എൽ.ബി ബിരുദങ്ങൾ നേടി. പഠനകാലത്ത് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, നാല് തവണ കോഴിക്കോട് സർവ്വകലാശാല യു.യു.സി, സർവ്വകലാശാല സെനറ്റിലെ വിദ്യാർഥി പ്രതിനിധി എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.

പാർലമെൻ്ററി രംഗത്തെ അനുഭവസമ്പത്ത്

മുസ്ലിം യൂത്ത് ലീഗിന്റെ. മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2005-ൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് തദ്ദേശഭരണ രംഗത്ത് ശ്രദ്ധേയനായത്. 2011-ലാണ് മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നും അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2016, 2021, ഇപ്പോൾ ഇതാ 2026-ലും മണ്ണാർക്കാട്ടുകാർ ഷംസുദ്ദീനെ നെഞ്ചിലേറ്റി.

നിയമസഭയിലെ സബ്ജക്ട് കമ്മിറ്റികളായ റവന്യൂ, പൊതുമരാമത്ത്, സാമ്പത്തിക കാര്യങ്ങൾ എന്നിവയിലും ലോക്കൽ ഫണ്ട് അക്കൗണ്ട് കമ്മിറ്റി, എസ്.സി എസ്.ടി കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി എന്നിവയിലും അദ്ദേഹം സജീവ അംഗമായിരുന്നു. സംസ്ഥാന വഖഫ് ബോർഡ്, സംസ്ഥാന വൈൽഡ് ലൈഫ് അഡ്വൈസറി ബോർഡ് എന്നിവയിൽ നിയമസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ദേശീയതലത്തിലെ സാന്നിധ്യവും അംഗീകാരങ്ങളും

ന്യൂഡൽഹിയിൽ നടന്ന നാഷണൽ ലെജിസ്ലേറ്റീവ് കോൺഫറൻസിലും മുംബൈയിൽ നടന്ന എസ്റ്റിമേറ്റ് കമ്മിറ്റികളുടെ ദേശീയ കോൺഫറൻസിലും കേരള നിയമസഭയെ പ്രതിനിധീകരിച്ച് അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. നിയമസഭയിലെ മികച്ച പാർലമെൻ്ററി പ്രവർത്തനങ്ങൾ മുൻനിർത്തി അദ്ദേഹത്തിന് കെ.കെ. നായർ സ്മാരക ശ്രേഷ്ഠ നിയമസഭാ സാമാജിക പുരസ്കാരം ലഭിച്ചിട്ടുണ്ട്. നിലവിൽ മുസ്ലിം ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയായും ദേശീയ വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചുവരികയാണ് അദ്ദേഹം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News