Enter your Email Address to subscribe to our newsletters

Kottayam , 19 മെയ് (H.S.)
വൈക്കത്തെ സിപിഐ സ്ഥാനാർഥിയുടെ പരാജയം പഠിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗവും ജില്ലാ കൗൺസിൽ യോഗവും ഇന്നും നാളെയുമായി കോട്ടയം ജില്ലാ കൗൺസിൽ ഓഫിസിൽ നടക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും. വൈക്കം ഉൾപ്പെടെ മുഴുവൻ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പി പ്രസാദ് പറഞ്ഞു.
കേരള കോൺഗ്രസ് എം ആരോപിക്കുന്നത് പോലെ ക്രോസ് വോട്ടിങ് നടന്നതായി ഒരു നിരീക്ഷണം സിപിഐയ്ക്കില്ല. ജില്ലാ എക്സിക്യൂട്ടീവുകൾക്കും ജില്ലാ കൗൺസിലുകൾക്കും ശേഷം സംസ്ഥാന കൗൺസിലും സംസ്ഥാന എക്സിക്യൂട്ടീവും ചേർന്ന് പാർട്ടിക്കുണ്ടായ പരാജയം വിലയിരുത്തും. വേണ്ട തിരുത്തലുകൾ പാർട്ടിക്കും ജനങ്ങൾക്കും ബോധ്യപ്പെടുന്ന രീതിയിൽ നടത്തുമെന്നും പി പ്രസാദ് പറഞ്ഞു.
പരാജയത്തിൻ്റെ കാരണം സസൂക്ഷ്മം വിലയിരുത്തും
തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൻ്റെ കാരണവും തെരഞ്ഞെടുപ്പിൽ ഓരോ ഇടങ്ങളിലുമുണ്ടായ ഗുണവും ദോഷവും എല്ലാം വളരെ ഗൗരവത്തോടെ പരിശോധിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അതിനുള്ള സംവിധാനം ഉള്ളതുകൊണ്ട് ഈ മണ്ഡലങ്ങളിലെല്ലാം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും ജനങ്ങളുടെ അഭിപ്രായ പ്രകടനങ്ങളെക്കുറിച്ചുമെല്ലാം വിശകലനം ചെയ്യും. ആ വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കൗൺസിലുകളും ജില്ലാ എക്സിക്യൂട്ടിവുമെല്ലാം ചേരുന്നത്.
ഇതിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും എക്സിക്യൂട്ടീവും സംസ്ഥാന കൗൺസിലും യോഗങ്ങൾ ചേർന്ന് ചർച്ച ചെയ്ത് തീരുമാനമെടുക്കും. പാർട്ടി പ്രവർത്തനങ്ങളിലും ഭരണരംഗത്തുമുൾപ്പെടെ സ്വീകരിച്ച രീതികളും അതിനോട് ജനങ്ങളുടെ പ്രതികരണങ്ങൾ എല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായിട്ടാണിപ്പോൾ ഈ യോഗവും ചേരുന്നത്.
പാർട്ടിയെ പരിപോഷിപ്പിക്കും
വൈക്കം മണ്ഡലം ആരുടെ നാട് ആരുടെ നാടല്ല എന്നത് ഒരു ഘടകമല്ല. മറിച്ച് മണ്ഡലത്തിൽ പരാജയപ്പെട്ടു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് വൈക്കം മാത്രമല്ല കമ്മ്യൂണിസ്റ്റ് പാർട്ടി ജയിക്കേണ്ടിയിരുന്ന വേറെയും മണ്ഡലങ്ങളും ഉണ്ടായിരുന്നു. ആ മണ്ഡലങ്ങളെല്ലാം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. പരാജയപ്പെട്ടതിൻ്റെ കാരണം, ഇനി നടത്തേണ്ട ഇടപെടലുകൾ എന്തെല്ലാമാണ്, തിരുത്തലുകൾ എന്തെല്ലാം എന്നിവ കണ്ടെത്തി പാർട്ടിക്കും ജനങ്ങൾക്കും ബോധ്യമാകുന്ന തരത്തിൽ മാറ്റം വരുത്തുന്നതായിരിക്കും.
അതേസമയം, കേരള കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളിലേക്ക് പാർട്ടി ചർച്ചകൾ എത്തിയിട്ടില്ലെന്നും പി പ്രസാദ് പറഞ്ഞു. അവർ ഏത് പരിശോധനയുടെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിഗമനത്തിലെത്തിയതെന്ന് വ്യക്തമല്ല. ഓരോ മണ്ഡലത്തിലും നടക്കുന്ന സൂക്ഷമമായ പരിശോധനയ്ക്ക് ശേഷമേ പാര്ട്ടിക്കും ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR