വീണ്ടും രൂക്ഷമായി തെരുവുനായ ആക്രമണം.
Kozhikode , 19 മെയ് (H.S.) വീണ്ടും രൂക്ഷമായി തെരുവുനായ ആക്രമണം. കൊടുവള്ളിയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കൊടുവള്ളി പാലക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരനായ രാജൻ (50), കിഴക്കോത്ത് സ്വദേശിനി രഗ്നേശ്വരി (48)
Street dog


Kozhikode , 19 മെയ് (H.S.)

വീണ്ടും രൂക്ഷമായി തെരുവുനായ ആക്രമണം. കൊടുവള്ളിയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കൊടുവള്ളി പാലക്കുറ്റി പെട്രോൾ പമ്പിലെ ജീവനക്കാരനായ രാജൻ (50), കിഴക്കോത്ത് സ്വദേശിനി രഗ്നേശ്വരി (48), പാലക്കുറ്റി സ്വദേശിനി ഫാത്തിമ സുഹാന (19), ചമൽ കെഎംഒ വിദ്യാർഥി തയ്യിബ് (22), മാനിപുരം സ്വദേശിനി ഹംമ്ദ ഫാത്തിമ (10) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം നടന്നത്. ഇതോടെ നാട്ടുകാര് പരിഭ്രാന്തിയിലായിരിക്കുകയാണ്.

വളഞ്ഞിട്ടാക്രമിച്ച് തെരുവുനായ

പെട്രോൾ പമ്പിൽ നിൽക്കുന്നതിനിടയിലാണ് ഓടിയെത്തിയ തെരുവുനായ രാജനെ കടിക്കുന്നത്. പരിസരത്തുണ്ടായിരുന്നവർ ബഹളം വെച്ചതോടെ നായ ഇവിടെ നിന്ന് ഓടി മാറി. എന്നാൽ തയ്യിബും രഗ്നേശ്വരിയും ഫാത്തിമ സുഹാനയും റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണ് രാജനെ കടിച്ച അതേ നായ ഓടിയെത്തി കടിച്ചത്. തുടർന്ന് വീട്ടിൽ നിന്ന് സമീപത്തെ റോഡിലേക്ക് നടന്നു പോവുകയായിരുന്ന ഹംദ ഫാത്തിമയെയും ഇതുവഴി വന്ന തെരുവുനായ കടിക്കുകയായിരുന്നു.

നായയുടെ കടിയേറ്റ് നിലത്തുവീണ ഹംദാ ഫാത്തിമ ഭയന്ന് നിലവിളിച്ച് വീട്ടിലേക്ക് ഓടി. എന്നാൽ പുറകെ എത്തിയ നായ വീണ്ടും കുട്ടിയെ കടിക്കാൻ ശ്രമിച്ചതോടെ ഇതുവഴിവന്ന ബൈക്ക് യാത്രക്കാരും വീട്ടുകാരും ചേർന്ന് നായയെ ഓടിക്കുകയായിരുന്നു. കടിയേറ്റ അഞ്ചുപേർക്കും കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിരീക്ഷണത്തിലാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. പത്ത് വയസുകാരിയായ ഹംദ ഫാത്തിമയെ കടിക്കുന്നതിൻ്റെ ദൃശ്യമാണ് ലഭിച്ചിരിക്കുന്നത്. കടിച്ചിട്ട് നായ പെൺകുട്ടിയുടെ പിന്നാലെ ഓടുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.

പ്രദേശത്ത് വ്യാപകമായ തെരുവുനായ ശല്യമെന്ന് പ്രദേശവാസികൾ

ഏറെക്കാലമായി ഈ ഭാഗത്ത് വ്യാപകമായി തെരുവുനായയുടെ ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെയും ഇതേ പ്രദേശത്തുതന്നെ നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. എന്നാൽ തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് വീണ്ടും ഇത്തരം ആക്രമണങ്ങൾ പതിവാകാൻ കാരണമെന്നും അവർ പറയുന്നു. തെരുവു നായ ശല്യം ഭീതിവിതച്ച അവസരത്തിൽ ഉടൻതന്നെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News