Enter your Email Address to subscribe to our newsletters

Kochi , 19 മെയ് (H.S.)
മോഡലിങ്ങിൻ്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി കൊച്ചി സിറ്റി പൊലീസ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ അറിയിച്ചു. ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലായിരിക്കും സംഘം കേസ് അന്വേഷിക്കുക. എറണാകുളം അസിസ്റ്റൻ്റ് കമ്മീഷണറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് ഈ പ്രത്യേക അന്വേഷണ സംഘം.
കൊച്ചിയിൽ നിന്ന് രണ്ട് അതിജീവിതകളിൽ നിന്ന് ഒരേസമയം പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പൊലീസ് അടിയന്തര നടപടികളിലേക്ക് കടന്നത്. കേസുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു, മൂന്നാം പ്രതി മഞ്ജിമ എന്നിവരുൾപ്പെടെ മൂന്ന് യുവതികളെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒന്നാം പ്രതിയായ സിന്ധുവിനെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈയിൽ വച്ചാണ് പൊലീസ് വലയിലാക്കിയത്. രണ്ടാം പ്രതി അലീനയെ കൊച്ചിയിൽ നിന്ന് മരട് പൊലീസ് പിടികൂടി. കേസിൽ നിലവിൽ അഞ്ച് പ്രതികളാണുള്ളത് ഇതിൽ മൂന്ന് പേർ പിടിയിലായി. ബാക്കി രണ്ട് പ്രതികൾ നിലവിൽ വിദേശത്താണ്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുൾപ്പെടെയുള്ള കർശനമായ നിയമപരമായ നടപടികൾ പൊലീസ് സ്വീകരിച്ചു കഴിഞ്ഞു.
മോഹനവാഗ്ദാനങ്ങൾ, ക്രൂരമായ പീഡനം
ദുബായിൽ മോഡലിങ് രംഗത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ കെണിയിൽ വീഴ്ത്തിയത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് യുവതികളെ ഇവർ വിദേശത്തേക്ക് കൊണ്ടുപോയത്. എന്നാൽ ദുബായിൽ എത്തിയതോടെ പ്രതികൾ യുവതികളുടെ മൊബൈൽ ഫോണുകളും പാസ്പോർട്ടുകളും ബലമായി പിടിച്ചുവെച്ചു.
തുടർന്ന് ഇവരെ രഹസ്യ കേന്ദ്രങ്ങളിൽ തടങ്കലിലാക്കുകയും മയക്കുമരുന്ന് ബലമായി നൽകി അബോധാവസ്ഥയിലാക്കി ക്രൂരമായ അനാശാസ്യത്തിന് ഇരയാക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഡന ദൃശ്യങ്ങളും ചിത്രങ്ങളും മൊബൈലിൽ പകർത്തി, ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതികളെ തടഞ്ഞുവെച്ചിരുന്നത്. നാട്ടിൽ തിരിച്ചെത്തിയാൽ പൊലീസിൽ പരാതിപ്പെടാതിരിക്കാൻ ഇരകളെ ഇവർ ഭീകരമായി ഭീഷണിപ്പെടുത്തുകയും ചെയ്തു.
അന്വേഷണം ഗുണ്ടാ ബന്ധങ്ങളിലേക്ക്
പിടിയിലായ രണ്ടാം പ്രതി അലീനയ്ക്ക് ലഹരി-ഗുണ്ടാ മാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് ആ വഴിക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ രാജ്യാന്തര മനുഷ്യക്കടത്ത് മാഫിയയ്ക്ക് പിന്നിൽ വലിയൊരു സംഘം തന്നെയുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കെണിയിൽ അകപ്പെട്ട കൂടുതൽ യുവതികൾ വരും ദിവസങ്ങളിൽ പരാതിയുമായി മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. വിദേശത്തുള്ള മറ്റ് പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിലാക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ മോഡലിങ് മേഖലയിൽ തട്ടിപ്പിനിരയായവർക്ക് ഭയമില്ലാതെ പരാതി അറിയിക്കുന്നതിനായി വനിതാ എസ്.എച്ച്.ഒയുടെ ഫോൺ നമ്പർ പൊലീസ് ഉടൻ പരസ്യപ്പെടുത്തും. പരാതി നൽകുന്ന യുവതികളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR