Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 മെയ് (H.S.)
തിരുവനന്തപുരം: വലിയ ജനപിന്തുണയോടെയും പ്രൗഢഗംഭീരമായ ചടങ്ങുകളോടെയും അധികാരമേറ്റ വി.ഡി. സതീശൻ സർക്കാർ ആദ്യഘട്ടത്തിൽ തന്നെ വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള കടുത്ത തർക്കങ്ങളിൽ തട്ടിത്തടയുന്നു. സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ വകുപ്പ് വിഭജനം പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ഇതുവരെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ഘടകകക്ഷികളുമായും കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായും ഒത്തുതീർപ്പിലെത്താൻ സാധിക്കാത്തതാണ് വിജ്ഞാപനം വൈകാൻ കാരണം.
കോൺഗ്രസിലെ ആഭ്യന്തര തർക്കവും ലീഗിന്റെ കടുംപിടുത്തവും
കോൺഗ്രസിലെ സീനിയർ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിൽ ധാരണയാകാത്തതാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി. ആഭ്യന്തരം, ധനകാര്യം, റവന്യൂ, പൊതുമരാമത്ത് തുടങ്ങിയ പ്രധാന വകുപ്പുകൾക്കായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമായ വടംവലിയാണ് നടക്കുന്നത്. ഇതിന് പുറമേയാണ് രണ്ടാം കക്ഷിയായ മുസ്ലിം ലീഗുമായി നിലനിൽക്കുന്ന വകുപ്പ് തർക്കം.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് ലീഗ് കൈകാര്യം ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇത്തവണ വിട്ടുകൊടുക്കാൻ അവർ തയ്യാറായിട്ടുണ്ട്. എന്നാൽ, ഇതിന് പകരമായി ഫിഷറീസ് വകുപ്പ് വേണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ട് വെച്ചിരിക്കുന്നത്. തീരദേശ മേഖലകളിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലീഗ് ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത്. എന്നാൽ, തന്ത്രപ്രധാനമായ ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് വിട്ടുനൽകാൻ കോൺഗ്രസ് നേതൃത്വം ഒട്ടും തയ്യാറല്ല. ഇത് സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിൽ അണിയറയിൽ ചർച്ചകൾ തുടരുകയാണെങ്കിലും ഇതുവരെ ശുഭസൂചനകളൊന്നും ലഭിച്ചിട്ടില്ല.
പ്രതിസന്ധിയായി സാമ്പത്തിക ബാധ്യതയും വാഗ്ദാനങ്ങളും
വകുപ്പ് വിഭജനത്തിന് പുറമേ പുതിയ സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന മറ്റൊരു വലിയ വെല്ലുവിളി സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ യു.ഡി.എഫ് മുന്നോട്ട് വെച്ച ക്ഷേമപദ്ധതികളും ന്യായ് (NYAY) പോലുള്ള സാമ്പത്തിക ഗ്യാരന്റികളും നടപ്പിലാക്കാൻ വൻ തുക ആവശ്യമുണ്ട്.
അടുത്ത പൊതുബജറ്റിൽ ഈ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി കോടിക്കണക്കിന് രൂപയുടെ അധിക പണം കണ്ടെത്തേണ്ടതുണ്ട്. നിലവിലെ ഖജനാവിന്റെ അവസ്ഥ പരിതാപകരമായിരിക്കെ, വികസന പദ്ധതികളെ ബാധിക്കാതെ ഗ്യാരന്റികൾക്കുള്ള തുക എങ്ങനെ കണ്ടെത്തുമെന്നത് മുഖ്യമന്ത്രി വി.ഡി. സതീശനും നിയുക്ത ധനമന്ത്രിയുമാകുന്ന നേതാവിനും മുന്നിലുള്ള കനത്ത പരീക്ഷക്ഷയായിരിക്കും.
അധികാരമേറ്റ ആദ്യ ദിവസം തന്നെ വകുപ്പ് വിഭജനം പ്രഖ്യാപിക്കാൻ കഴിയാത്തത് പുതിയ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വം. തർക്കങ്ങൾ എത്രയും വേഗം പരിഹരിച്ച് ഇന്ന് രാത്രിയോടെയെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ.
---------------
Hindusthan Samachar / Roshith K