Enter your Email Address to subscribe to our newsletters

Kochi, 19 മെയ് (H.S.)
കൊച്ചി: വിദേശത്ത് മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തുന്ന രാജ്യാന്തര സെക്സ് റാക്കറ്റിന്റെ വലയിൽ അകപ്പെട്ട് താൻ അനുഭവിച്ച കൊടിയ പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പരാതിക്കാരിയായ യുവതി രംഗത്ത്. ദുബായിൽ എത്തിച്ച ശേഷം മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധം കെടുത്തി പീഡിപ്പിക്കുകയും, മർദിച്ച് പ്രതികരണശേഷി പൂർണ്ണമായും ഇല്ലാതാക്കുകയുമായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി. ക്രൂരത അവിടെയും തീർന്നില്ല, വിസമ്മതിച്ചപ്പോൾ തന്റെ നഗ്നദൃശ്യങ്ങൾ നാട്ടിലെ വീട്ടിലേക്ക് അയച്ചുകൊടുക്കുകയും കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി.
ദുബായിലേക്ക് വിമാനം കയറുന്നത് വരെ അവിടെ ചെന്നാൽ നേരിടേണ്ടി വരുന്നത് ഇത്തരമൊരു സാഹചര്യമായിരിക്കുമെന്ന് തനിക്ക് ഒട്ടും അറിയില്ലായിരുന്നു. മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് ജോലികൾക്കായാണ് തന്നെ കൊണ്ടുപോകുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. ഇതിനുവേണ്ടിയാണ് തന്നെ വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും യുവതി കണ്ണീരോടെ പറയുന്നു.
സിന്ധുവും അലീനയും ചേർന്ന് കെണിയിലാക്കി
വിദേശത്ത് മികച്ച ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് തന്നിൽ നിന്നും പണം വാങ്ങിയതും ഈ ചതിക്കുഴിയിലേക്ക് തള്ളിയിട്ടതും സിന്ധു, അലീന എന്നീ യുവതികളാണെന്ന് പരാതിക്കാരി വ്യക്തമാക്കി. വിസയ്ക്കായി വലിയ തുക കൈപ്പറ്റിയ ശേഷമാണ് ഇവർ തന്നെ ദുബായിലേക്ക് കൊണ്ടുപോയത്.
പരാതിക്കാരിയുടെ വാക്കുകൾ:
പണം നൽകിയ ശേഷമാണ് എന്നെ ദുബായിൽ എത്തിച്ചത്. അവിടെ ചെന്നയുടൻ ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. ആ ഫ്ലാറ്റിൽ എന്നെപ്പോലെ ചതിക്കപ്പെട്ട എട്ടോളം മറ്റ് യുവതികളും ഉണ്ടായിരുന്നു. അവിടെ എത്തിയ ഉടൻ തന്നെ സിന്ധു എന്റെ പാസ്പോർട്ടും മൊബൈൽ ഫോണും നിർബന്ധപൂർവ്വം കൈക്കലാക്കി. പിന്നീട് എനിക്ക് രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലായിരുന്നു.
തുടർന്ന് തനിക്ക് മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇതോടൊപ്പം ക്രൂരമായ ശാരീരിക മർദനമുറകളും അരങ്ങേറി. മർദനത്തിന്റെ ആഘാതത്തിൽ തന്റെ പ്രതികരണ ശേഷി പോലും നഷ്ടപ്പെട്ടു. ഈ അവസ്ഥയിലാണ് ക്രൂരമായ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയായിരുന്നു പിന്നീട് ഭീഷണി. താൻ വഴങ്ങാതിരുന്നപ്പോൾ നഗ്നദൃശ്യങ്ങൾ നാട്ടിലെ വീട്ടിലേക്ക് അയച്ചുകൊടുക്കുകയും നാട്ടിലുള്ള തന്റെ കുഞ്ഞിനെ വധിക്കുമെന്ന് പറഞ്ഞ് നിരന്തരം ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നുവെന്ന് ഇരയായ യുവതി വ്യക്തമാക്കി.
കൊച്ചിയിൽ വൻ റാക്കറ്റ്; അന്വേഷണം ഊർജ്ജിതം
യുവതികളുടെ പരാതിയെത്തുടർന്ന് കൊച്ചി മരട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളായ സിന്ധുവിനെയും അലീനയെയും, ഒപ്പം സഹായിയായ മഞ്ജിമ എന്ന മറ്റൊരു യുവതിയെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളായ അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ-ലഹരി സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെയും ഫാഷൻ ഷോകളുടെയും മറവിലാണ് ഈ വലിയ മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നത്. മികച്ച വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് ലഹരി മാഫിയയുടെ സഹായത്തോടെയാണ് പെൺകുട്ടികളെ ഇവർ കെണിയിൽ വീഴ്ത്തുന്നത്. ദുബായിൽ വെച്ച് അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഉൾപ്പെടെ ഇരയാക്കി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി. സമാനമായ രീതിയിൽ നിരവധി മലയാളി യുവതികൾ ഈ രാജ്യാന്തര റാക്കറ്റിന്റെ കെണിയിൽപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. മാനഹാനി ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാത്തതാണ് പ്രതികൾക്ക് തുണയാകുന്നത്. കേസിൽ വിദേശത്തുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K