Enter your Email Address to subscribe to our newsletters

Kasargod, 19 മെയ് (H.S.)
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സിപിഐഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയും രൂക്ഷവിമർശനവും. പാർട്ടിയുടെ പരമ്പരാഗത ശൈലികളിൽ വന്ന മാറ്റവും താഴേത്തട്ടിലുള്ള അണികളുടെയും വോട്ടർമാരുടെയും വികാരം മാനിക്കാതെയുള്ള തീരുമാനങ്ങളുമാണ് പരാജയത്തിന് കാരണമായതെന്ന് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും കുറ്റപ്പെടുത്തി. തമ്പ്രാക്കന്മാർ പറയും, അടിയാന്മാർ അനുസരിക്കണം എന്ന തരത്തിലുള്ള സംസ്ഥാന നേതൃത്വത്തിന്റെ ധാർഷ്ട്യത്തോടെയുള്ള നിലപാടാണ് തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയതെന്നും അത് തിരിച്ചടിയായി കലാശിച്ചുവെന്നും യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശനമുയർന്നു.
ജില്ലയിലെ പ്രമുഖ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയവും സാമ്പത്തിക വിവാദങ്ങളും വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റിയെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.
പയ്യന്നൂരിലെ സ്ഥാനാർത്ഥിത്വവും ഫണ്ട് വിവാദവും; തൃക്കരിപ്പൂരിലും പ്രതിഫലിച്ചു
കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ അതിർത്തി മേഖലകളിൽ പാർട്ടിക്കുണ്ടായ വോട്ട് ചോർച്ചയ്ക്ക് കാരണം പയ്യന്നൂരിലെ സ്ഥാനാർത്ഥിത്വമാണെന്ന് യോഗം വിലയിരുത്തി.
-
ടി.ഐ. മധുസൂദനന്റെ സ്ഥാനാർത്ഥിത്വം: ഭൂമാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ടി.ഐ. മധുസൂദനനെ പയ്യന്നൂരിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയെന്ന് വിമർശനമുയർന്നു. ഇത് പൊതുസമൂഹത്തിലും അണികളിലും വലിയ പ്രതിസന്ധിയുണ്ടാക്കി.
-
ഫണ്ട് വിവാദം: പയ്യന്നൂരിലെ പഴയ ഫണ്ട് വിവാദം വോട്ടർമാർക്കിടയിൽ ഇപ്പോഴും സജീവ ചർച്ചയായിരുന്നു. ഇത് കൃത്യമായി പരിഹരിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല.
-
തൃക്കരിപ്പൂരിലെ തോൽവി: പയ്യന്നൂരിലെ ഈ അടിയൊഴുക്കുകളും വോട്ടർമാരുടെ അതൃപ്തിയും തൊട്ടടുത്ത മണ്ഡലമായ തൃക്കരിപ്പൂരിലെ പാർട്ടിയുടെ പരാജയത്തിന് നേരിട്ട് കാരണമായെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.
-
കെ.ആർ. ജയാനന്ദയെ രക്തസാക്ഷിയാക്കി; തളിപ്പറമ്പിലും ചർച്ചയായി
മഞ്ചേശ്വരം മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിന് നേരെയും യോഗത്തിൽ വിരൽ ചൂണ്ടപ്പെട്ടു. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയായ കെ.ആർ. ജയാനന്ദയെ കൃത്യമായ പിന്തുണ നൽകാതെ ജില്ലാ നേതൃത്വം തന്നെ രാഷ്ട്രീയമായി 'രക്തസാക്ഷിയാക്കുകയായിരുന്നു' എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നത്. മണ്ഡലത്തിൽ ആവശ്യത്തിന് പാർട്ടി സംവിധാനങ്ങൾ ചലിച്ചില്ലെന്നും ഏകോപനത്തിൽ വലിയ വീഴ്ചയുണ്ടായെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
പാർട്ടിയിലെ ചില തമ്പ്രാക്കന്മാർ എടുക്കുന്ന തീരുമാനങ്ങൾ താഴേത്തട്ടിൽ അടിച്ചേൽപ്പിക്കുമ്പോൾ നഷ്ടപ്പെടുന്നത് പാർട്ടിയുടെ അടിത്തറയാണ്. ജനങ്ങളുടെയും അണികളുടെയും വികാരം മനസ്സിലാക്കാതെയുള്ള പോക്ക് ഇനിയെങ്കിലും അവസാനിപ്പിക്കണം. - യോഗത്തിൽ ഉയർന്ന പ്രമുഖ നേതാവിന്റെ വാക്കുകൾ.
ഇതിനുപുറമേ, തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും മണ്ഡലത്തിന് പുറത്തേക്ക് ചർച്ചയായി പടർന്നത് കാസർഗോഡ് ജില്ലയിലെ പല പോക്കറ്റുകളിലും പാർട്ടി വോട്ടുകൾ ചോരുന്നതിന് കാരണമായതായി യോഗം വിലയിരുത്തി.
തിരുത്തൽ നടപടികൾക്ക് സമ്മർദ്ദം
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം താഴേത്തട്ടിലെ പ്രവർത്തകരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ സംസ്ഥാന നേതൃത്വത്തെ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് ജില്ലാ ഘടകം. പാർട്ടിയിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്നും, മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾ തിരുത്താൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലും ഈ വിമർശനങ്ങൾ ശക്തമായി ഉന്നയിക്കാനാണ് കാസർഗോഡ് ജില്ലാ ഘടകത്തിന്റെ നീക്കം.
---------------
Hindusthan Samachar / Roshith K