പേരാമ്പ്രയിൽ ഗർഭിണി കാർ കത്തി മരിച്ച സംഭവം: ഭർത്താവിന്റെ ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തലുമായി കുടുംബം; ദുരൂഹതയേറുന്നു
Perambra , 19 മെയ് (H.S.) പേരാമ്പ്ര: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി വെന്തുമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കക്കറമുക്ക് സ്വദേശി പൂവ്വത്തുംചാലിൽ റിജിൻ ലാലിന്റെ ഭാര്യ
പേരാമ്പ്രയിൽ ഗർഭിണി കാർ കത്തി മരിച്ച സംഭവം: ഭർത്താവിന്റെ ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തലുമായി കുടുംബം; ദുരൂഹതയേറുന്നു


Perambra , 19 മെയ് (H.S.)

പേരാമ്പ്ര: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി വെന്തുമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത്. കക്കറമുക്ക് സ്വദേശി പൂവ്വത്തുംചാലിൽ റിജിൻ ലാലിന്റെ ഭാര്യ സോന (27) മരിച്ച സംഭവത്തിൽ ഭർത്താവിന്റെ പീഡന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മരിച്ച സോനയെ ഭർത്താവ് റിജിൻ ലാൽ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സോനയുടെ അമ്മാവൻ സത്യൻ വെളിപ്പെടുത്തി. അപകട മരണമെന്നതിലുപരി ഇതിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്ന സംശയത്തിലാണ് ഇപ്പോൾ ബന്ധുക്കൾ.

ദുരന്തം നടന്ന ദിവസം പോലും റിജിൻ ലാൽ സോനയുമായി പേരാമ്പ്രയിലെ വീട്ടിൽ വെച്ച് കടുത്ത രീതിയിൽ വഴക്കിട്ടിരുന്നു. ഗർഭിണിയായ ഭാര്യയെ ക്രൂരമായി സംശയിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്ന റിജിൻ, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്തിരുന്നു. കുഞ്ഞിന്റെ ഡിഎൻഎ (DNA) പരിശോധന നടത്തണമെന്ന് റിജിൻ ലാൽ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും ഇത് സോനയെ മാനസികമായി തളർത്തിയിരുന്നതായും സത്യൻ പറഞ്ഞു.

സംഭവ ദിവസം ഭർത്താവ് മദ്യപിച്ചിരുന്നു; കാറിനുള്ളിൽ ഉണ്ടായത് എന്ത്?

കാറിന് തീപിടിച്ച ദിവസം റിജിൻ ലാൽ കനത്ത രീതിയിൽ മദ്യപിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. മദ്യലഹരിയിലാണ് ഇയാൾ അന്ന് സോനയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയത്. മദ്യപിച്ച ശേഷം സോനയുമായി കാറിനുള്ളിലും ഇയാൾ തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നോ എന്ന കാര്യം പോലീസ് ഗൗരവമായി അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. കാറിന് തീപിടിച്ചപ്പോൾ റിജിൻ ലാൽ പുറത്തേക്ക് ചാടി രക്ഷപ്പെട്ടെങ്കിലും, ഗർഭിണിയായ സോനയ്ക്ക് പുറത്തേക്ക് കടക്കാനാകാതെ ദാരുണമായി കത്തിയമരുകയായിരുന്നു.

കുടുംബത്തിന്റെ ആരോപണം:

അവളെ അവൻ സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചിരുന്നില്ല. ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെയാണ് സംശയത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചത്. അപകടം നടന്ന ദിവസം വലിയ വഴക്കാണ് ഉണ്ടായത്. ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് വരെ അവൻ ആവശ്യപ്പെട്ടു. ഈ മരണത്തിൽ വലിയ ദുരൂഹതയുണ്ട്. - സോനയുടെ അമ്മാവൻ സത്യൻ വ്യക്തമാക്കി.

എൻജിന് തകരാറില്ല; പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി

സാധാരണ ഗതിയിൽ ഒരു കാറിന് തീപിടിച്ചാൽ ഉണ്ടാകുന്നതിനേക്കാൾ വേഗത്തിലാണ് ഈ വാഹനത്തിലേക്ക് തീ പടർന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന് യാന്ത്രിക തകരാറുകളോ ഷോർട്ട് സർക്യൂട്ടോ ഉണ്ടായിട്ടില്ലെന്ന് ഫോറൻസിക്, മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ കാറിന്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടാകാറുള്ളതെങ്കിൽ ഇവിടെ കാറിന്റെ പിൻഭാഗത്താണ് തീ പടർന്നത്. കാറിനുള്ളിലുണ്ടായിരുന്ന പെട്രോളാണ് പെട്ടെന്ന് തീ പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഇതോടെയാണ് കാറിനുള്ളിലേക്ക് പെട്രോൾ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. മുൻ സീറ്റിൽ സ്ഥലമുണ്ടായിരുന്നിട്ടും ഗർഭിണിയായ സോന എന്തുകൊണ്ടാണ് പിൻസീറ്റിൽ ഇരുന്നതെന്നതിലും ബന്ധുക്കൾക്ക് സംശയമുണ്ട്. നിലവിൽ 65 ശതമാനത്തിലധികം പൊള്ളലേറ്റ ഭർത്താവ് റിജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെയും കാറിന്റെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നതോടെയും ഈ ദാരുണ സംഭവത്തിന്റെ യഥാർത്ഥ ചുരുളഴിയുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയ സോനയുടെയും ജനിക്കാനിരുന്ന കുഞ്ഞിന്റെയും മരണത്തിന് പിന്നിലെ യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ.

---------------

Hindusthan Samachar / Roshith K


Latest News