വകുപ്പ് ലഭിച്ചില്ലെങ്കിലും മന്ത്രിമാര്ക്ക് ഔദ്യോഗിക വസതികളായി; ഉത്തരവിറങ്ങി
Thiruvanathapuram, 19 മെയ് (H.S.) മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാര്‍ക്കുമുള്ള ഔദ്യോഗിക വസതികള്‍ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഗവര്‍ണറുടെ പ്രത്യേക ഉത്തരവിന്‍പ്രകാരം സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരി കൃഷ്ണന്‍ എം.എസ് ആണ്
Cliff House, Thiruvananthapuram


Thiruvanathapuram, 19 മെയ് (H.S.)

മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാര്‍ക്കുമുള്ള ഔദ്യോഗിക വസതികള്‍ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഗവര്‍ണറുടെ പ്രത്യേക ഉത്തരവിന്‍പ്രകാരം സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരി കൃഷ്ണന്‍ എം.എസ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നന്ദന്‍കോട്ടെ പ്രശസ്തമായ 'ക്ലിഫ് ഹൗസ്' ബംഗ്ലാവിലേക്ക് മാറും. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും കെ. മുരളീധരനും അവര്‍ ആവശ്യപ്പെട്ട വസതികള്‍ തന്നെയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

?ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പ്രമുഖ ബംഗ്ലാവുകളാണ് ഭൂരിഭാഗം മന്ത്രിമാര്‍ക്കും ലഭിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് 'പമ്പ' ബംഗ്ലാവും, സണ്ണി ജോസഫിന് 'അശോക'യും, കെ.എ. തുളസിക്ക് 'പ്രശാന്ത്' ബംഗ്ലാവും അനുവദിച്ചു. കൂടാതെ എന്‍. ഷംസുദ്ദീന് 'നെസ്റ്റ്', കെ.എം. ഷാജിക്ക് 'പൗര്‍ണമി', മോന്‍സ് ജോസഫിന് 'പെരിയാര്‍', ഷിബു ബേബി ജോണിന് 'എസ്സെന്‍ഡീന്‍' എന്നീ വസതികളാണ് ക്ലിഫ് ഹൗസ് പരിസരത്ത് ലഭിച്ചിരിക്കുന്നത്. വഴുതക്കാടുള്ള 'സാനഡു' ബംഗ്ലാവാണ് കെ. മുരളീധരന് അനുവദിച്ചത്. മുതിര്‍ന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നന്ദന്‍കോട് ദേവസ്വം ബോര്‍ഡ് ജംഗ്ഷനിലെ 'ലിന്ദഹേഴ്സ്റ്റ്' ബംഗ്ലാവ് ലഭിച്ചു.

?മറ്റ് പ്രമുഖ മന്ത്രിമാരായ എ.പി. അനില്‍കുമാറിന് 'കാവേരി'യും, പി.സി. വിഷ്ണുനാഥിന് 'നിള'യും, റോജി എം. ജോണിന് 'ഗ്രേസ്' ബംഗ്ലാവുമാണ് പാളയത്ത് അനുവദിച്ചിട്ടുള്ളത്. ടി. സിദ്ദിഖിന് കന്റോണ്‍മെന്റ് ഹൗസ് കോമ്പൗണ്ടിലെ 'ഗംഗ' ബംഗ്ലാവും, എം. ലിജുവിന് കേരള ലോ ഭവന് എതിര്‍വശത്തുള്ള 'അജന്ത'യും, ബിന്ദു കൃഷ്ണയ്ക്ക് വഴുതക്കാടുള്ള 'തൈക്കാട് ഹൗസും' ഔദ്യോഗിക വസതികളാകും. ഒ.ജെ. ജനീഷിന് വെള്ളയമ്പലത്തെ 'മന്‍മോഹന്‍ ബംഗ്ലാവും', വി.ഇ. അബ്ദുള്‍ ഗഫൂറിന് 'കവടിയാര്‍ ഹൗസും', പി.കെ. ബഷീറിന് നന്ദന്‍കോട്ടെ 'ഉഷസും', സി.പി. ജോണിന് വഴുതക്കാടുള്ള 'റോസ് ഹൗസും' മാറ്റിവെച്ചു.

?അതേസമയം, മന്ത്രി അനൂപ് ജേക്കബിന് നിലവില്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിവില്ലാത്തതിനാല്‍ തിരുവനന്തപുരം നഗരപരിധിക്കുള്ളില്‍ പ്രതിമാസ വാടക അടിസ്ഥാനത്തില്‍ അനുയോജ്യമായ ഒരു സ്വകാര്യ കെട്ടിടം കണ്ടെത്താന്‍ ടൂറിസം ഡയറക്ടര്‍ക്ക് ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസുമായി ആലോചിച്ചായിരിക്കും ഇതില്‍ അന്തിമ തീരുമാനമെടുക്കുക. പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്ന പശ്ചാത്തലത്തില്‍, ഔദ്യോഗിക വസതികളില്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ ആവശ്യത്തിന് ജീവനക്കാരെ അടിയന്തരമായി വിന്യസിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News