നമ്പര് 13 ഒഴിഞ്ഞുകിടക്കുന്നു; മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിൽ ഇത്തവണ 'പതിമൂന്നാം നമ്പര്' ആർക്കും വേണ്ട
Thiruvananthapuram , 19 മെയ് (H.S.) തിരുവനന്തപുരം: പുതിയ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്ക്കുള്ള ഔദ്യോഗിക വാഹനങ്ങളുടെ നമ്പര് അനുവദിച്ചപ്പോള് പതിവുപോലെ ''13-ാം നമ്പര്'' വില്ലനാകുന്നു. ഇത്തവണ മന്ത്രിമാരില് ആരും തന്നെ പതിമൂന്നാം നമ്പര് കാര് ഔദ്യോഗ
നമ്പര് 13 ഒഴിഞ്ഞുകിടക്കുന്നു; മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളിൽ ഇത്തവണ 'പതിമൂന്നാം നമ്പര്' ആർക്കും വേണ്ട


Thiruvananthapuram , 19 മെയ് (H.S.)

തിരുവനന്തപുരം: പുതിയ സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാര്ക്കുള്ള ഔദ്യോഗിക വാഹനങ്ങളുടെ നമ്പര് അനുവദിച്ചപ്പോള് പതിവുപോലെ '13-ാം നമ്പര്' വില്ലനാകുന്നു. ഇത്തവണ മന്ത്രിമാരില് ആരും തന്നെ പതിമൂന്നാം നമ്പര് കാര് ഔദ്യോഗിക വാഹനമായി ഏറ്റെടുക്കാന് തയ്യാറായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അന്ധവിശ്വാസങ്ങളുടെയും ഭാഗ്യക്കേടിന്റെയും പ്രതീകമായി പലരും കാണുന്നതിനാലാണ് ഈ നമ്പറിനോട് ഭൂരിഭാഗം മന്ത്രിമാരും അകലം പാലിക്കുന്നത്. മന്ത്രിമാർ ആരും തന്നെ ഈ നമ്പറിലുള്ള വാഹനം ആവശ്യപ്പെട്ടില്ലെങ്കിൽ, പതിമൂന്നാം നമ്പര് കാര് ടൂറിസം വകുപ്പിന്റെ പൊതു പൂളിലേക്ക് മാറ്റുകയും വകുപ്പിന്റെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യും.

കഴിഞ്ഞ രണ്ടാം പിണറായി സര്ക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന പി. പ്രസാദ് ആയിരുന്നു ധീരമായി മുന്നോട്ട് വന്ന് 13-ാം നമ്പര് കാര് ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്നത്. അന്ധവിശ്വാസങ്ങള്ക്കെതിരെയുള്ള സന്ദേശം ഉയര്ത്തിപ്പിടിച്ചായിരുന്നു അന്ന് അദ്ദേഹം ആ നമ്പര് സ്വീകരിച്ചത്. എന്നാൽ ഇത്തവണ പുതിയ മന്ത്രിമാര് ആരും ഈ നമ്പറിനോട് താല്പര്യം കാണിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

ചരിത്രം തിരുത്തിയ എം.എ. ബേബിയും തോമസ് ഐസക്കും

കേരള രാഷ്ട്രീയത്തിൽ എല്ലാക്കാലത്തും 13-ാം നമ്പറിനോട് മന്ത്രിമാർക്ക് പ്രിയക്കുറവായിരുന്നില്ല. ഇടതുപക്ഷ സർക്കാരുകളുടെ കാലത്ത് അന്ധവിശ്വാസങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഈ നമ്പര് ചോദിച്ചു വാങ്ങിയ ചരിത്രമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമുണ്ട്.

-

എം.എ. ബേബി (2006): വി.എസ്. അച്യുതാനന്ദന് സര്ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് ആദ്യമായി 13-ാം നമ്പര് കാര് ചോദിച്ചു വാങ്ങി ചരിത്രം സൃഷ്ടിച്ചത്. ഭരണസിരാകേന്ദ്രങ്ങളിൽ നിലനിന്നിരുന്ന നമ്പര് ഭയത്തെ ഇല്ലാതാക്കാൻ അദ്ദേഹത്തിന്റെ ആ തീരുമാനം വലിയ ചർച്ചയായിരുന്നു.

-

ഡോ. ടി.എം. തോമസ് ഐസക് (2016): ഒന്നാം പിണറായി സര്ക്കാരിന്റെ തുടക്കകാലത്തും ഇതേ പ്രതിസന്ധി ഉടലെടുത്തിരുന്നു. മന്ത്രിമാരാരും 13-ാം നമ്പര് വാഹനം എടുക്കാൻ തയ്യാറാകാതിരുന്നത് വലിയ മാധ്യമവാർത്തയായി. ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ ധനമന്ത്രി തോമസ് ഐസക് സ്വയം മുന്നോട്ട് വരികയും ആ വാഹനം ഏറ്റെടുക്കുകയുമായിരുന്നു.

അന്ന് തോമസ് ഐസക്കിനൊപ്പം മറ്റ് മന്ത്രിമാരായിരുന്ന വി.എസ്. സുനില്കുമാറും, കെ.ടി. ജലീലും 13-ാം നമ്പര് കാര് ഏറ്റെടുക്കാന് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരുന്നുവെന്നതും കൗതുകകരമായ വസ്തുതയാണ്.

യു.ഡി.എഫ് കാലത്തെ 'ഒഴിഞ്ഞുകിടക്കൽ'

എം.എ. ബേബിക്കും തോമസ് ഐസക്കിനും ഇടയില് വന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്ക്കാരിന്റെ സമയത്ത് ഈ നമ്പറിനോട് പൂർണ്ണമായ വിമുഖതയായിരുന്നു ദൃശ്യമായത്. അന്ന് മന്ത്രിസഭയിലെ ഒരംഗം പോലും പതിമൂന്നാം നമ്പര് വാഹനം ഉപയോഗിക്കാൻ തയ്യാറായില്ല. തുടർന്ന് ആ നമ്പറിലുള്ള വാഹനം ടൂറിസം വകുപ്പിന്റെ ഗാരേജിൽ തന്നെ സൂക്ഷിക്കുകയാണ് ചെയ്തത്.

രണ്ടാം പിണറായി സര്ക്കാരിന്റെ കാലത്ത് സി.പി.ഐ നേതാവ് കൂടിയായ പി. പ്രസാദ് ഈ നമ്പര് ഉപയോഗിച്ചതോടെ ഇടവേളയ്ക്ക് ശേഷം വീണ്ടും 13-ാം നമ്പര് റോഡിലിറങ്ങി. എന്നാൽ പുതിയ മന്ത്രിമാരുടെ കാര്യത്തിലേക്ക് വരുമ്പോൾ ആ പഴയ '13 ഭയം' വീണ്ടും തിരികെ വന്നിരിക്കുകയാണ്. ഭരണഘടനയും ശാസ്ത്രബോധവും ഉയർത്തിപ്പിടിക്കുന്ന ജനപ്രതിനിധികൾക്കിടയിൽ ഇപ്പോഴും ഇത്തരം അന്ധവിശ്വാസങ്ങൾക്ക് സ്ഥാനമുണ്ടോ എന്ന തരത്തിലുള്ള ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്. എന്തായാലും മന്ത്രിമാരില്ലെങ്കിലും ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങൾ ഓടിയെത്തിക്കാൻ പതിമൂന്നാം നമ്പര് വാഹനം ഇത്തവണയും സജ്ജമായിരിക്കും.

---------------

Hindusthan Samachar / Roshith K


Latest News