കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താൻ യു.ഡി.എഫ് സർക്കാർ; 10 ദിവസത്തിനകം ധവളപത്രം പുറത്തിറക്കും
Thiruvananthapuram , 19 മെയ് (H.S.) തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതിനായി വി.ഡി. സതീശൻ സർക്കാർ പത്ത് ദിവസത്തിനുള്ളിൽ ധവളപത്രം (White Paper) ഇറക്കും. മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്തുണ്ടാ
കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താൻ യു.ഡി.എഫ് സർക്കാർ; 10 ദിവസത്തിനകം ധവളപത്രം പുറത്തിറക്കും


Thiruvananthapuram , 19 മെയ് (H.S.)

തിരുവനന്തപുരം: കേരളത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതിനായി വി.ഡി. സതീശൻ സർക്കാർ പത്ത് ദിവസത്തിനുള്ളിൽ ധവളപത്രം (White Paper) ഇറക്കും. മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഖജനാവിന്റെ ഇപ്പോഴത്തെ യഥാർത്ഥ അവസ്ഥയും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ നീക്കം. ധവളപത്രം തയ്യാറാക്കുന്നതിനായി മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഡോ. കെ.എം. ചന്ദ്രശേഖർ അധ്യക്ഷനായി പ്രത്യേക സമിതിയെ സർക്കാർ നിയോഗിച്ചു.

ഈ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേരും. സംസ്ഥാനത്തിന്റെ കടബാധ്യതകൾ, വരുമാന സ്രോതസ്സുകൾ, അടിയന്തരമായി നൽകിത്തീർക്കാനുള്ള കുടിശ്ശികകൾ എന്നിവയെല്ലാം ഈ യോഗത്തിൽ പ്രാഥമികമായി വിലയിരുത്തും. പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ധവളപത്രം ഇറക്കുമെന്ന നിർണ്ണായക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്.

'ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു'

വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് മുൻ സർക്കാരിന്റെ ധനമാനേജ്മെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാന ഖജനാവ് പൂർണ്ണമായും ശൂന്യമാണെന്നും ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്ന അവസ്ഥയാണെന്നുമാണ് അദ്ദേഹം അന്ന് പരിഹസിച്ചിരുന്നത്. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമപെൻഷനുകൾക്കും പോലും പണമില്ലാതെ സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

ഇപ്പോൾ മുഖ്യമന്ത്രിയായി ഭരണമേറ്റെടുത്തതിന് പിന്നാലെ, താൻ പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള വസ്തുതകൾ പുറത്തുകൊണ്ടുവരാനാണ് സതീശൻ ശ്രമിക്കുന്നത്.

ഡോ. കെ.എം. ചന്ദ്രശേഖർ സമിതിയുടെ ദൗത്യം

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയായിരിക്കും ഡോ. കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് സമർപ്പിക്കുക. യു.ഡി.എഫ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ന്യായ് (NYAY) പദ്ധതി ഉൾപ്പെടെയുള്ള സാമ്പത്തിക ഗ്യാരന്റികൾ നടപ്പിലാക്കാൻ എത്ര തുക വേണം, അതിനായി എവിടെ നിന്നൊക്കെ പണം കണ്ടെത്താം എന്നതിനെക്കുറിച്ചുള്ള കൃത്യമായ ലാൻഡ്മാർക്ക് ഈ ധവളപത്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വരാനിരിക്കുന്ന പുതുക്കിയ ബജറ്റ് അവതരണത്തിന് മുന്നോടിയായി ഈ ധവളപത്രം പുറത്തുവരുന്നത് സർക്കാരിന് തങ്ങളുടെ ഭാവി സാമ്പത്തിക നയങ്ങൾ രൂപീകരിക്കാൻ സഹായകരമാകും.

---------------

Hindusthan Samachar / Roshith K


Latest News