സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി ഉൾപ്പടെ 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു.
Ernakulam , 02 മെയ് (H.S.) സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി ഉൾപ്പടെ 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കൂത്താട്ടുകുളം മേഖലയിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് വൻ രാഷ്ട്രീയ കൂടു മാറ്റം നടന്നത്. സിപിഎം മുൻ ഏരിയ സെക്രട്ടറി ഷാജു
CPM 53 ACTIVISTS JOINED THE CPI


Ernakulam , 02 മെയ് (H.S.)

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി ഉൾപ്പടെ 53 പ്രവർത്തകർ സിപിഐയിൽ ചേർന്നു. കൂത്താട്ടുകുളം മേഖലയിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയാണ് വൻ രാഷ്ട്രീയ കൂടു മാറ്റം നടന്നത്. സിപിഎം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിൻ്റെ നേതൃത്വത്തിലാണ് 53 സജീവ പ്രവർത്തകരാണ് പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്. സിപിഎം ലോക്കൽ, ഏരിയ നേതൃത്വങ്ങളുടെ സ്വേച്ഛാധിപത്യപരമായ നടപടികളിലും തെറ്റായ രാഷ്ട്രീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിട്ടതെന്ന് അവർ ആരോപിച്ചു.

നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

സിപിഎം വിട്ട് പുറത്തുവന്ന ഷാജു ജേക്കബ് പാർട്ടിയുടെ നിലവിലെ പോക്കിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സിപിഎം നിലവിൽ കോൺഗ്രസ്-ബിജെപി റിക്രൂട്ട്മെൻ്റ് ഏജൻസിയായി മാറിയിരിക്കുകയാണെന്ന് ഷാജു ജേക്കബ് പരിഹസിച്ചു. പാർട്ടി വിടുന്നവർ കോൺഗ്രസിലോ ബിജെപിയിലോ ചേർന്നാൽ സിപിഎമ്മിന് പരാതിയില്ല. എന്നാൽ ഇടതുപക്ഷത്ത് ഉറച്ചുനിന്ന് സിപിഐയിൽ ചേരുന്നത് അവർക്ക് സഹിക്കാനാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനവികാരം മനസിലാക്കാതെയാണ് പ്രാദേശിക നേതൃത്വം പ്രവർത്തിക്കുന്നതെന്നും, ഇടതുപക്ഷ ഐക്യത്തിൻ്റെ പ്രസക്തി സിപിഎം മറന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഷാജു ജേക്കബിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സിപിഐയിലേക്ക് എത്തിയ പ്രമുഖ നേതാവ് ഷാജു ജേക്കബിനെ കൂടാതെ തദ്ദേശ ഭരണ രംഗത്ത് മികവ് തെളിയിച്ച പ്രമുഖരും സിപിഐയിലേക്ക് എത്തിയിട്ടുണ്ട്. പാലക്കുഴ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെഎജയ, മുൻ വൈസ് പ്രസിഡൻ്റ് ബിജു മുണ്ടപ്ലാക്കിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആലീസ് ഷാജു കൂടാതെ നിരവധി മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും സജീവ പ്രവർത്തകരും സിപിഐ അംഗത്വം സ്വീകരിച്ചു.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെകെ അഷ്റഫ്, മുൻ എംഎൽഎമാരായ ബാബു പോൾ, എൽദോ എബ്രഹാം എന്നിവർ ചേർന്ന് പുതിയതായി എത്തിയവരെ സ്വീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സിപിഎം പ്രവർത്തകർ സിപിഐയിലേക്ക് എത്തുമെന്നും നേതാക്കൾ അവകാശപ്പെട്ടു.

ഇടതുമുന്നണിയിൽ വരാനിരിക്കുന്ന രാഷ്ട്രീയ തർക്കം

അതേസമയം സിപിഎം വിട്ടുവന്നവർക്ക് സിപിഐ പരസ്യമായി സ്വീകരണം നൽകിയതിൽ സിപിഎം നേതൃത്വം കടുത്ത അസംതൃപ്തിയിലാണ്. ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികൾ തമ്മിലുള്ള ഈ അസ്വാരസ്യം വരും ദിവസങ്ങളിൽ പ്രാദേശികമായി മുന്നണിക്കുള്ളിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിമാറാൻ സാധ്യതയുണ്ട്. പാലക്കുഴ മേഖലയിൽ സിപിഎമ്മിൻ്റെ സംഘടനാ സംവിധാനത്തിന് ഏറ്റ വലിയ ആഘാതമാണ് ഈ കൂട്ടരാജിയും ഇവരുടെ സിപിഐയിലേക്കുള്ള കൂടു മാറ്റവും .

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News